തിരുവനന്തപുരം:  കിഫ്ബി ഓഡിറ്റ് വിവാദം കത്തി നിൽക്കെ സർക്കാർ വാദങ്ങൾ തള്ളി വീണ്ടും സിഎജി. സെക്ഷൻ 14 പ്രകാരമുള്ള ഓഡിറ്റിന്‍റെ അപര്യാപ്തത ചൂണ്ടിക്കാണിച്ചും സെക്ഷൻ 20 പ്രകാരം ഓഡിറ്റ് ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടും  എജി സർക്കാരിന് പുതിയ കത്ത് നൽകി. 

സിഎജിയുടെ അധികാരവും ഉത്തരവാദിത്തവും നിർണ്ണയിക്കുന്ന ഡിപിസി നിയമം സെക്ഷൻ 20 പ്രകാരം കിഫ്ബിയുടെ ഓഡിറ്റ് ഉറപ്പാക്കണമെന്നാണ് എജി വീണ്ടും ആവശ്യപ്പെടുന്നത്. ഇതിനായി സർക്കാരിന് അയച്ച കത്തുകൾക്ക് ഇപ്പോഴും മറുപടി കാത്തിരിക്കുകയാണെന്നും എജി വ്യക്തമാക്കുന്നു. 

19 ദിവസം മുമ്പ് ഒക്ടോബർ 24 ന് ചീഫ് സെക്രട്ടറിക്കാണ് എജി കത്ത് നല്‍കിയത്.  കിഫ്ബി ഓഡിറ്റിനായി ഫെബ്രുവരി പതിനൊന്നിന് ചീഫ്സെക്രട്ടറിക്കയച്ച കത്തിന് ഇതു വരെ മറുപടി കിട്ടിയിട്ടില്ലെന്നും എജി ചൂണ്ടിക്കാണിക്കുന്നു. സെക്ഷൻ 14 അനുസരിച്ചുള്ള ഓഡിറ്റ് മതിയെന്ന്, സർക്കാർ നിയമസഭയ്ക്കകത്തും പുറത്തും നടത്തുന്ന വാദങ്ങൾ പൊളിക്കുന്നതാണ് സിഎജി യുടെ പുതിയ കത്ത്.

 കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ധനസെക്രട്ടറിക്കും ഈ വർഷം ഫെബ്രുവരിയിൽ ചീഫ് സെക്രട്ടറിക്കും മാർച്ചിൽ മുഖ്യമന്ത്രിക്കും നൽകിയ കത്തുകൾക്ക് സർക്കാർ എജിക്ക് മറുപടി നൽകിയിട്ടില്ലെന്നും ഇതോടെ വ്യക്തമാകുകയാണ്. സർക്കാരിന് പതിനായിരക്കണക്കിന് കോടിയുടെ തിരിച്ചടവ് ബാധ്യതയുള്ളകിഫ്ബിയിൽ സെക്ഷൻ 20 ഓഡിറ്റ് എന്തുകൊണ്ട് വേണമെന്നും 14 പ്രകാരമുള്ള ഓഡിറ്റ് എന്തുകൊണ്ട് അപര്യാപ്തമാണെന്നും സിഎജി കത്തിൽ വിശദീകരിക്കുന്നു. സർക്കാർ ഇക്കാര്യത്തിൽ ഇതു വരെ പറഞ്ഞതെല്ലാം എജി തള്ളുകയും ചെയ്യുന്നു. കിഫ്ബിയിൽ സെക്ഷൻ 14 പ്രകാരമുള്ള ഓഡിറ്റ് സാധ്യത പോലും വരും വർഷങ്ങളിൽ എങ്ങനെ ഇല്ലാതാവുമെന്നും എജി ചൂണ്ടിക്കാണിക്കുന്നു .