Asianet News MalayalamAsianet News Malayalam

വെടിയുണ്ട വിവാദത്തിൽ സിബിഐ അന്വേഷണം വേണമെന്ന ഹർജി തള്ളി ഹൈക്കോടതി

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രം കേസ് എടുക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബ‌ഞ്ച് ചൂണ്ടിക്കാട്ടി. പൊതു പ്രവർത്തകനായ ജോർജ്ജ് വട്ടുകുളം നൽകിയ ഹർജി തള്ളിയെങ്കിലും, വീണ്ടും ഇതേ ആവശ്യമായി ഹർജിയെത്തി. 

cag report on missing arms and ammunition cartridges court dismisses plea
Author
Kochi, First Published Feb 19, 2020, 6:40 PM IST

തിരുവനന്തപുരം: പോലീസിന്‍റെ വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ മാത്രം കേസ് എടുക്കാനാകില്ലെന്നും ഹർ‍ജി അപക്വമാണെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബ‌ഞ്ച് ചൂണ്ടിക്കാട്ടി. 

12,061 വെടിയുണ്ടകൾ കാണാനില്ലെന്ന സിഎജി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പൊതു പ്രവർത്തകനായ ജോർജ് വട്ടുകുളം ഹൈക്കോടതിയെ സമീപിച്ചത്. വെടിയുണ്ട കാണാതായതുമായി ബന്ധപ്പെട്ട ഫയലുകൾ മുദ്ര വെച്ച കവറിൽ ഹൈക്കോടതിയിൽ ഹാ‍ജരാക്കാൻ ആവശ്യപ്പെടണമെന്നും പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നുമായിരുന്നു ഹർ‍ജിയിൽ ചൂണ്ടിക്കാട്ടിയത്.

ഇത് തള്ളിയെങ്കിലും വെടിയുണ്ട കാണാതായ റിപ്പോർട്ടിലെ ക്രമക്കേടുകളെക്കുറിച്ച് സിബിഐ അന്വേഷണമോ, എൻഐഎ അന്വേണമോ വേണമെന്നാവശ്യപ്പെട്ട് മറ്റൊരു ഹർജി കൂടി ഇന്ന് ഹൈക്കോടതിയിൽ എത്തി. കോട്ടയം സ്വദേശി രാമചന്ദ്രക്കൈമൾ ആണ് ഹർജിക്കാരൻ. ഈ ഹർജി കോടതി പിന്നീട് പരിഗണിക്കും.  

അതേസമയം, പൊലീസിലെ ക്രമക്കേടുകളിൽ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്ന് വിജിലൻസ് തന്നെ തിരുവനന്തപുരം വിജിലൻസ് കോടതിയെ അറിയിച്ചു. നിലവിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാൽ വിജിലൻസ് അന്വേഷണം ഏറ്റെടുക്കേണ്ടതില്ലെന്നാണ് ഏജൻസിയുടെ നിലപാട്. 

ഭരണഘടനാ സ്ഥാപനമായ സിഎജിയുടെ കണ്ടെത്തലുകള്‍ പരിശോധിക്കേണ്ടത് നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയാണ്. ചട്ടപ്രകാരം നിയമസഭ സമിതി പരിശോധിക്കേണ്ട കാര്യമായതിനാൽ വിജിലൻസ് അന്വേഷണത്തിന്‍റെ ആവശ്യമില്ലെന്ന് വിജിലൻസ് പ്രോസിക്യൂട്ടർ ചെറുന്നിയൂർ ഉണ്ണികൃഷ്ണൻ കോടതിയെ അറിയിച്ചു. കേസ് അടുത്ത മാസം ഒൻപതിലേക്ക് മാറ്റി. സിഎജി കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജി പരിഗണിക്കുമ്പോഴാണ് വിജിലൻസ് നിലപാട് അറിയിച്ചത്.

Follow Us:
Download App:
  • android
  • ios