തിരുവനന്തപുരം: കൊവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ചുക്കാൻ പൊലീസിനെ ഏൽപ്പിച്ചതിൽ വിവിധ കോണുകളിൽ നിന്നുയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യപ്രവർത്തകർ വിശ്രമരഹിതമായി ജോലി ചെയ്യുകയാണെന്നും പൊലീസിനെക്കൂടി ഇതിന്‍റെ ഭാഗമാക്കുന്നു എന്നെ ഉള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോ​ഗ്യപ്രവർത്തകരുടെ ജോലിയല്ല പൊലീസ് ചെയ്യുന്നത്. ആ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഈ തീരുമാനം തെറ്റിദ്ധാരണ സൃഷ്ടിക്കും വിധം പ്രചരിപ്പിച്ചാൽ എങ്ങനെയുണ്ടാകും? അപൂർവം ചിലർക്ക് ഒരു മാനസികാവസ്ഥയുണ്ട്. എങ്ങനെയെങ്കിലും രോഗവ്യാപനം വലുതാകണം. അത്തരം മാനസികാവസ്ഥയുള്ളവർക്ക് മാത്രമേ ഈ നിലപാടിനെ ആക്ഷേപിക്കാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതുവരെ സമ്പർക്കവ്യാപനം അന്വേഷിച്ച് കണ്ടെത്തിയതും രോഗസാധ്യതയുള്ളവരെ നിരീക്ഷണത്തിലാക്കുകയും ചെയ്ത ഹെൽത്ത് ഇൻസ്പെക്ടർമാരെ പൊലീസ് സഹായിച്ചിരുന്നു. ഉത്തരവാദിത്തം ഇപ്പോൾ കൂടുതലായി പൊലീസിനെ ഏൽപിക്കുന്നുവെന്ന് മാത്രം. അതിൽ തെറ്റിദ്ധാരണ വേണ്ടതില്ല എന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

മുഖ്യമന്ത്രിയുടെ വാക്കുകള്‍

കൊവിഡ് പ്രതിരോധത്തിൽ പൊലീസിന് പിടിപ്പത് പണി എന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്തു. അതേ സ്ഥാപനം തന്നെ അധികച്ചുമതല ഏൽപിച്ചതിൽ പൊലീസിൽ പ്രതിഷേധം എന്നും റിപ്പോർട്ട് ചെയ്തു. ഇതിൽ കാര്യങ്ങൾ വ്യക്തമാണ്. കൊവിഡ് പ്രതിരോധത്തിൽ എല്ലാ ഘട്ടത്തിലും ആരോഗ്യപ്രവർത്തകരും പൊലീസും തദ്ദേശസ്ഥാപനങ്ങളുടെ പ്രതിനിധികളുമുണ്ട്. എന്നാൽ തുടർച്ചയായ അധ്വാനം, വിശ്രമമില്ലായ്മ എന്നിവ ആരിലും ക്ഷീണമുണ്ടാക്കും. ആരോഗ്യപ്രവർത്തകരിലുമുണ്ട് ഇത്. ഇപ്പോൾ രോഗവ്യാപനഘട്ടമാണ്. ആദ്യഘട്ടത്തിലുണ്ടായ ദൗത്യരീതിയല്ല ഇപ്പോൾ. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ കൂടുന്നു. പ്രൈമറി കോണ്ടാക്ടുകളും കൂടി. കോണ്ടാക്ട് ട്രേസിംഗ് കൂടുതൽ വിപുലമായി. നമ്മുടെ നാട്ടിൽ CFLTC-കൾ സ്ഥാപിച്ചതോടെ ആ രംഗത്തും ശ്രദ്ധിക്കേണ്ടി വരുന്നു. മൊബൈൽ യൂണിറ്റുകൾ, ടെസ്റ്റിംഗ് എല്ലാം കൂട്ടി.

വീടുകളിൽ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കുമ്പോൾ വീണ്ടും ജോലി ഭാരം കൂടും. ആ ഘട്ടത്തിൽ ആരോഗ്യപ്രവർത്തകരെ സഹായിക്കണം. സമ്പർക്കം കണ്ടെത്താൻ സാങ്കേതിക സംവിധാനങ്ങൾ കൂടി ഉപയോഗിക്കുന്നു. ആരോഗ്യപ്രവർത്തകർ വിശ്രമരഹിതമായി ജോലി ചെയ്യുമ്പോൾ, പൊലീസിനെക്കൂടി ഇതിന്‍റെ ഭാഗമാക്കുന്നു. ഇവരുടെ ജോലിയല്ല പൊലീസ് ചെയ്യുക. ആ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ശ്രമമുണ്ട്. പൊലീസിന് അധികജോലിയുണ്ട്. ആരോഗ്യസംവിധാനത്തെ സഹായിക്കുക എന്നതാണത്. ആ തീരുമാനം തെറ്റിദ്ധാരണ സൃഷ്ടിക്കുംവിധം പ്രചരിപ്പിച്ചാൽ എങ്ങനെയുണ്ടാകും? അപൂർവം ചിലർക്ക് ഒരു മാനസികാവസ്ഥയുണ്ട്. എങ്ങനെയെങ്കിലും രോഗവ്യാപനം വലുതാകണം. അത്തരം മാനസികാവസ്ഥയുള്ളവർക്ക് മാത്രമേ ഈ നിലപാടിനെ ആക്ഷേപിക്കാനാകൂ.

ആരോഗ്യപ്രവർത്തകരുടെ ഇടപെടലുകൾ, ത്യാഗപൂർവമായ സേവനം, എന്നിവയെക്കുറിച്ചറിയാത്ത ആരുമില്ല. എല്ലാ ഘട്ടത്തിലും അവരെ അഭിനന്ദിക്കുകയും സഹായം നൽകണമെന്ന നിലപാട് സ്വീകരിക്കുകയുമല്ലേ സർക്കാർ ചെയ്തത്? ഈ വാർത്താസമ്മേളനത്തിൽ പോലും പലപ്പോഴും ഇത് പറഞ്ഞു.

റിവേഴ്സ് ക്വാറന്‍റീനിൽ കഴിയേണ്ട നിരവധിപ്പേരുണ്ട്. അവരുടെ ചികിത്സയിൽ കൂടുതൽ ശ്രദ്ധ വേണം. ഒപ്പം, കോണ്ടാക്ട് ട്രേസിംഗും വേണം. ഇതൊക്കെ ഒരു കൂട്ടർക്ക് മാത്രമായി പറ്റില്ല. മനുഷ്യരല്ലേ? അവരും തളരില്ലേ? അതിനാലാണ് മറ്റ് രീതിയിലുള്ള സഹായം പൊലീസ് വഴി എത്തിക്കുന്നത്.

ഒരുപാട് യാത്ര ചെയ്തവരുണ്ടാകാം. അവരുടെ സമ്പർക്കപ്പട്ടിക വിപുലമാകും. സൈബർ സഹായം ഉൾപ്പടെ വേണ്ടി വരാം. മൊബൈൽ സേവനദാതാക്കളെ ബന്ധപ്പെടേണ്ടി വരും. ഇതിൽ പൊലീസിന് കൂടുതൽ ഇടപെടാനാകും. ഇപ്പോൾ നമുക്ക് മുന്നിലുള്ളത് ഗൗരവമേറിയ ദൗത്യമാണ്. ഇത് വരെ സമ്പർക്കവ്യാപനം അന്വേഷിച്ച് കണ്ടെത്തിയതും രോഗസാധ്യതയുള്ളവരെ നിരീക്ഷണത്തിലാക്കുകയും ചെയ്ത ഹെൽത്ത് ഇൻസ്പെക്ടർമാരെ പൊലീസ് സഹായിച്ചിരുന്നു. ഉത്തരവാദിത്തം ഇപ്പോൾ കൂടുതലായി പൊലീസിനെ ഏൽപിക്കുന്നുവെന്ന് മാത്രം. അതിൽ തെറ്റിദ്ധാരണ വേണ്ടതില്ല.

കോണ്ടാക്ട് ട്രേസിംഗ് മികച്ച രീതിയിൽ നടത്തിയേ തീരൂ. ആരോഗ്യപ്രവർത്തകരെ പൂർണമായി ഒഴിവാക്കിയെന്ന തോന്നലിനെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. സംസ്ഥാനത്തെ പൊലീസ് രാജാക്കാൻ ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷനേതാവ് ആരോപിച്ചത്. ഇത് എന്ത് കണ്ടിട്ടാണ് ഈ ആക്ഷേപം? ഒരു വശത്ത് ആരോഗ്യപ്രവർത്തകരെ ആക്ഷേപിക്കുന്നുവെന്ന് പറയുക. മറുപക്ഷത്ത് പൊലീസ് ഇടപെടൽ മരവിപ്പിക്കുക. ഇതോടെ കൊവിഡ് സംസ്ഥാനത്ത് പടർന്നുപിടിക്കും. ഇതറിയാത്ത ആളാണോ പ്രതിപക്ഷനേതാവ്? എന്തിനാണ് ഈ ഇരട്ടമുഖം? പല തരത്തിലുള്ള പ്രതീക്ഷയോടെ ഇരുന്ന ആളുകളുണ്ടല്ലോ? പ്രളയം വരും, വരൾച്ച വരുമെന്നൊക്കെ. ഇവരിൽ നിന്ന് വേറെന്ത് പ്രതീക്ഷിക്കാനാണ്? കൊവിഡ് പ്രതിരോധം കൂടുതൽ ശക്തമായി മുന്നോട്ടുപോകുക എന്നതാണ് സർക്കാർ ലക്ഷ്യം. നമ്മളേറെ മുന്നിലാണ്. എന്നിട്ടും പറയുന്നു, സർക്കാർ പരാജയപ്പെട്ടുവെന്ന്. ആരോടാണിത് പറയുന്നത്? ജനങ്ങളോടോ? ജനങ്ങളിൽ എല്ലാവരുമില്ലേ? ഏതെങ്കിലും ഒരു വിഭാഗക്കാർ മാത്രമാണോ ഉള്ളത്?

സ്വാധീനിക്കാനാവുന്നവരെ അടർത്തിമാറ്റുക, അവരിൽ സംശയമുണ്ടാക്കുക, ആ പ്രവർത്തനത്തിൽ സജീവമാകാതിരിക്കാൻ പ്രേരിപ്പിക്കുക, അതാണോ ഇപ്പോൾ ചെയ്യേണ്ടത്? ഈ നാടിന്‍റെ അനുഭവം കണ്ടല്ലോ. ജനങ്ങൾ ഒരുമയോടെ കൊവിഡ് പ്രതിരോധത്തിൽ അണിനിരക്കുന്നു. ആക്ഷേപങ്ങൾക്ക് വിലകൽപിച്ചെങ്കിൽ ഇന്നത്തെ കാഴ്ചയുണ്ടാകുമോ? ജനങ്ങൾ എല്ലാം തിരിച്ചറിയുന്നുണ്ട്. പ്രതിപക്ഷം ആരോപണങ്ങൾ ഉയർത്തിക്കൊണ്ടേയിരിക്കും. വിമർശനങ്ങളെ പോസിറ്റീവായി എടുക്കണമെന്ന് പ്രതിപക്ഷം പറഞ്ഞു. നല്ല കാര്യം. അത് തള്ളിക്കളയുന്ന സർക്കാരല്ല ഇത്. പക്ഷേ തെറ്റായ പ്രചാരണങ്ങളും കുത്തിത്തിരിപ്പുകളും കൊണ്ടുവരരുത്. കെട്ടുകഥകൾ ചുമന്നുകൊണ്ടുവന്നാൽ സർക്കാരിന് ഒന്നും ചെയ്യാനാകില്ല. അത് ചുമക്കുന്നവർ തന്നെ പേറണം.

കാര്യമായ രോഗലക്ഷണങ്ങളില്ലാത്തവർക്കും ഗുരുതര രോഗങ്ങളില്ലാത്തവർക്കും വീട്ടിൽ ചികിത്സയെന്ന നിർദേശം കഴിഞ്ഞയാഴ്ച അംഗീകരിച്ചിരുന്നു. വിദഗ്ധോപദേശം അടക്കം തേടിയാണ് ഇത് സ്വീകരിച്ചത്. ചിലർ ഇതിനെ വളച്ചൊടിച്ചു. സംസ്ഥാനം ചികിത്സയിൽ നിന്ന് പിന്മാറുന്നുവെന്നായിരുന്നു പ്രചാരണം. അതേ തരം പ്രചാരണമാണ് പൊലീസിന്‍റെ കാര്യത്തിലും നടക്കുന്നത്.

മറ്റൊരു രീതിയിൽ ഇതിനെ വളച്ചൊടിക്കുന്നത് നമ്മുടെ പ്രതിരോധത്തെയാണ് തളർത്തുന്നതെന്ന് തിരിച്ചറിഞ്ഞാൽ നന്ന്. അപകടത്തിലാക്കുന്നത് സമൂഹത്തെയാണ്. ഇതിൽ ആരോഗ്യപ്രവർത്തകർ വീണ് പോകരുത്. കോണ്ടാക്ട് ട്രേസിംഗിനായി എസ്ഐമാരുടെ നേതൃത്വത്തിലുള്ള ടീം പൊലീസ് സ്റ്റേഷനുകളിൽ പ്രവർത്തിച്ച് തുടങ്ങി. കണ്ടെയ്ൻമെന്‍റ് സോണുകളിൽ പൊലീസ് മോട്ടോർസൈക്കിൾ ബ്രിഗേഡുകളുടെ സേവനം ശക്തിപ്പെടുത്തി.