കോട്ടയം: എംജിയില്‍ വിവാദമായ മാര്‍ക്കുദാനം റദ്ദാക്കുന്നതില്‍ വീണ്ടും ആശയക്കുഴപ്പം. ബിരുദം റദ്ദാക്കേണ്ട ചട്ടം 35 ഒഴിവാക്കി ചട്ടം 23 വിജ്ഞാപനത്തില്‍  ഉള്‍ക്കൊള്ളിച്ചത് വിവാദമാകുന്നു. എംജി സര്‍വ്വകലാശാലയില്‍ ബിരുദം റദ്ദാക്കേണ്ടത് സര്‍വ്വകലാശാല ചട്ടം 35 അനുസരിച്ചാണ്. അതിന് കൃത്യമായ മാനദണ്ഡങ്ങളുമുണ്ട്. അക്കാദമിക്ക് കൗണ്‍സില്‍ വിളിച്ച് സിൻഡിക്കേറ്റ് കൂടി ഗവര്‍ണ്ണറെക്കൊണ്ട് അംഗീകരിപ്പിച്ചാലേ ഒരു ബിരുദവും റദ്ദാവൂ. പക്ഷേ എംജിയില്‍ മാര്‍ക്ക്ദാനം നല്‍കി വിജയപ്പിച്ചവരുടെ ബിരുദം റദ്ദാക്കാൻ സര്‍വകലാശാലയുടെ ഒരു ചട്ടവും പാലിക്കില്ലെന്ന് കഴിഞ്ഞ 27 ന് ഉത്തരവിറക്കി. 

ഇത് വലിയ വിവാദമാകുകയും ഉത്തരവ് കോടതിയില്‍ തിരിച്ചടിയാകുമെന്ന ആക്ഷേപത്തിനിടയാക്കുകയും ചെയ്തിരുന്നു. അതോടെ കഴിഞ്ഞ ദിവസം ബിരുദം റദ്ദാക്കാൻ സര്‍വകലാശാല ഒരു വിജ്ഞാപനം പുറത്തിറക്കി. അതില്‍ പറയുന്നത് സര്‍വ്വകലാശാല ചട്ടം 23 അനുസരിച്ച് ബിരുദം റദ്ദാക്കുമെന്നാണ്. ഒരു പരീക്ഷയുടെ ഫലം തടഞ്ഞുവെക്കുവാനോ റദ്ദുചെയ്യുവാനോ ഉള്ള സിൻഡിക്കേറ്റിന്‍റെ അധികാരത്തെപ്പറ്റിയാണ് ഈ ചട്ടം പറയുന്നത്. ഫലം റദ്ദാക്കുന്നതും ബിരുദം റദ്ദാക്കുന്നതും വ്യത്യസ്ത രീതികളിലൂടെയാണെന്നും എംജി ആക്ടില്‍ പറയുന്നുണ്ട്. സര്‍വ്വകലാശാല ചട്ടം 35 അനുസരിച്ച്  ബിരുദം റദ്ദാക്കുകയാണെങ്കില്‍ വ്യവസ്ഥകളും ചട്ടങ്ങളും പാലിച്ചേ മുന്നോട്ട് പോകാനാകു. അത് ഒഴിവാക്കാനാണ് വീണ്ടും ഈ കള്ളക്കളി