Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ്: വയനാട് വീണ്ടും കൊവിഡ് പട്ടികയിൽ

ഇന്നത്തെ പോസിറ്റീവ് കേസുകളിൽ ഒന്ന് വയനാടാണ്. ഒരു മാസമായി കൊവിഡ് രോഗം സ്ഥിരീകരിക്കാത്ത ജില്ലയാണ്. അതിനാൽ വയനാടിനെ ഗ്രീൻ സോണിൽ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റേണ്ടി വരും.

covid 19 kerala status pinarayi vijayan presser
Author
Trivandrum, First Published May 2, 2020, 5:02 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു എട്ട് പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. ഇന്നത്തെ പോസിറ്റീവ് കേസുകളിൽ ഒന്ന് വയനാടാണ്. ഒരു മാസമായി കൊവിഡ് രോഗം സ്ഥിരീകരിക്കാത്ത ജില്ലയാണ്. അതിനാൽ വയനാടിനെ ഗ്രീൻ സോണിൽ നിന്ന് ഓറഞ്ച് സോണിലേക്ക് മാറ്റേണ്ടി വരും. വൈറസ് സ്ഥിരീകരിച്ച മറ്റൊരാൾ കണ്ണൂരിൽ. 499 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചു.

96 പേർ ഇപ്പോൾ ചികിത്സയിലാണ്. 21894 പേരാണ് നിരീക്ഷണത്തിലുള്ളത്. 21494 പേർ വീടുകളിലും  410 പേർ ആശുപത്രികളിലുമാണ്. 80 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതുവരെ 31183 സാമ്പിളുകൾ പരിശോധിച്ചു. 30358 എണ്ണത്തിൽ രോഗബാധയില്ല. മുൻഗണനാ ഗ്രൂപ്പുകളിൽ 2091 സാമ്പിളുകളിൽ 1234 എണ്ണം നെഗറ്റീവായി.

സംസ്ഥാനത്ത് ഇപ്പോൾ 80 ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. പുതിയവ ഇല്ല. 23 ഹോട്ട്സ്പോട്ടുകൾ കണ്ണൂരിലും 11 ഇടുക്കിയിലും 11 കോട്ടയത്തുമാണ്. ഏറ്റവുമധികം കൊവിഡ് ബാധിതർ കണ്ണൂരിൽ ചികിത്സയിൽ, 38 പേർ. ഇവരിൽ രണ്ട് പേർ കാസർകോട്. കോട്ടയത്ത് 18 പേരും കൊല്ലം, ഇടുക്കി ജില്ലകളിൽ 12 പേർ വീതവും ചികിത്സയിലാണ്.

ലോക്ക് ഡൗൺ നീട്ടിയപ്പോൾ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. കേന്ദ്ര നിർദ്ദേശം അനുസരിച്ച് സംസ്ഥാനത്തിന്റെ സവിശേഷത കൂടി ഉൾക്കൊണ്ട് നിയന്ത്രണം നടപ്പാക്കും. മാർഗനിർദ്ദേശം ഉടനെ പുറത്തിറക്കും.ചികിത്സയ്ക്കും പ്രതിരോധത്തിനും ആദ്യ ഘട്ടത്തിൽ പ്രാധാന്യം നൽകി. ജനങ്ങളുടെ സ്വാഭാവിക ജീവിതത്തിന് കടുത്ത നിയന്ത്രണം ഏഡപ്പെടുത്തിയത് ഫലം ചെയ്തു. അപകട നില തരണം ചെയ്തിട്ടില്ല. സാമൂഹിക വ്യാപനം എന്ന ഭീഷണി ഒഴിഞ്ഞുപോയിട്ടില്ല. നല്ല ജാഗ്രത പുലർത്തണം.

സാമ്പത്തിക ചലനങ്ങളെ നിയന്ത്രിക്കേണ്ടി വന്നിട്ടുണ്ട്. സ്വാഭാവിക ജനജീവിതം അനുവദിക്കുന്നതാണ് പരിശോധിക്കുന്നത്. സംസ്ഥാനത്തിന് പുറത്ത് കഴിയുന്ന മലയാളികളുടെ നാട് കൂടിയാണ് ഇത്. അവരെ ഇവിടേക്ക് കൊണ്ടുവരാനുള്ള സംവിധാനം പടിപടിയായി ഏർപ്പെടുത്തണം. രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ ജാഗ്രത പാലിക്കേണ്ടതുണ്ട്.

 കേന്ദ്ര ഉത്തരവ് പ്രകാരം ലോക്ക് ഡൗൺ മെയ് 17 വരെയാണ്. ജില്ലകളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്. 21 ദിവസമായി കൊവിഡ് പോസിറ്റീവ് ഇല്ലാത്ത ജില്ലകളാണ് ഗ്രീൻ സോൺ. കേന്ദ്രത്തിന്റെ പട്ടിക അനുസരിച്ച് എറണാകുളം, വയനാട് ജില്ലകൾ ഗ്രീൻ സോണിലാണ്.

വയനാട്ടിൽ ഇന്ന് പോസിറ്റീവ് കേസ് വന്നതിനാൽ ജില്ലയെ ഓറഞ്ച് സോണിലേക്ക് മാറ്റുന്നു. 21 ദിവസത്തിലേറെയായി പുതിയ കേസുകളില്ലാത്ത ആലപ്പുഴ, തൃശൂർ ജില്ലകളെ ഗ്രീൻ സോണിലേക്ക് മാറ്റുന്നു.
 നിലവിൽ കൊവിഡ് പോസിറ്റീവ് രോഗികൾ ചികിത്സയിലില്ലാത്ത ജില്ലകളാണിവ. കണ്ണൂരും കോട്ടയവും റെഡ് സോണിൽ തുടരും.മറ്റ് ജില്ലകൾ ഓറഞ്ച് സോണിലാണ്. 

സമയാസമയം ജില്ലകളിലെ സ്ഥിതി വിലയിരുത്തി സോണുകളുടെ തരംതിരിക്കൽ മാറ്റും. റെഡ് സോൺ ജില്ലകളിലെ ഹോട്ട്സ്പോട്ടുകളിൽ ലോക്ക് ഡൗൺ നിയന്ത്രണം കർശനമായി തുടരും. മറ്റ് പ്രദേശങ്ങളിൽ ഇളവുകൾ ഉണ്ടാകും. ഹോട്ട്സ്പോട്ടുകളായ നഗരസഭകളിൽ വാർഡോ ഡിവിഷനോ ആണ് അടച്ചിട്ടത്. ഇത് പഞ്ചായത്തുകളിൽ കൂടി വ്യാപിപ്പിക്കും.

ഗ്രീൻ സോൺ ജില്ലകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പൊതുവിൽ പാലിക്കണം. കേന്ദ്രസർക്കാർ അനുവദിച്ച ഇളവുകൾ സംസ്ഥാനത്താകെ നടപ്പാക്കുകയാണ്. ചില കാര്യത്തിൽ പ്രത്യേക നിയന്ത്രണം ഏർപ്പെടുത്തും.പൊതുഗതാഗതം ഗ്രീൻ സോണിൽ അടക്കം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഡ്രൈവർക്ക് പുറമെ രണ്ട് പേരിൽ കൂടുതൽ യാത്ര ചെയ്യരുത്. ഹോട്ട്സ്പോട്ടുകളിലും ഇത് പാടില്ല.ഇരുചക്ര വാഹനങ്ങളിൽ പിൻസീറ്റ് യാത്ര പാടില്ല. ഒരാൾ മാത്രമേ സഞ്ചരിക്കാവൂ എന്നാണ് നിർദ്ദേശം. ഹോട്ട് സ്പോട്ട് അല്ലാത്തിടങ്ങളിൽ അത്യാവശ്യ ഘട്ടങ്ങളിൽ സംസ്ഥാനത്ത് ഇളവ് അനുവദിക്കും.

ആളുകൾ കൂടിച്ചേരുന്ന പരിപാടി പാടില്ല. സിനിമാ തിയേറ്റർ, ആരാധനാലയങ്ങൾ, തുടങ്ങിയവക്ക് നിയന്ത്രണം തുടരും. ആളുകൾ കൂടിച്ചേരുന്ന പരിപാടികൾ വേണ്ടെന്ന് വയ്ക്കും.പാർക്കുകൾ, ജിംനേഷ്യം എന്നിവിടങ്ങളിലെ കൂടിച്ചേരലുകളും ഉണ്ടാകരുത്. മദ്യശാലകൾ തുറക്കുന്നില്ല. മാളുകൾ ബാർബർ ഷാപ്പുകൾ, ബ്യൂട്ടി പാർലറുകൾ ഇവയൊന്നും തുറക്കരുത്. ബാർബർമാർക്ക് വീടുകളിൽ പോയി ജോലി ചെയ്യാം.

വിവാഹം, മരണാനന്തര ചടങ്ങ് ഇവയ്ക്ക് 20 ലേറെ പേർ പാടില്ലെന്നത് നിബന്ധന പാലിക്കണം.വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കില്ല. പരീക്ഷ നടത്തിപ്പിനായി മാത്രം നിബന്ധനകൾ പാലിച്ച് തുറക്കാംഞായറാഴ്ച പൂർണ്ണ അവധി. കടകൾ തുറക്കരുത്. വാഹനങ്ങൾ പുറത്തിറങ്ങരുത്. ഈ തീരുമാനത്തിന് നാളെ ഇളവുണ്ട്. തുടർന്നുള്ള ഞായറാഴ്ചകളിൽ നിയന്ത്രണം പൂർണ്ണതോതിൽ കൊണ്ടുവരണം. മുഴുവൻ പേരും സഹായിക്കണം. അവശ്യസേവനങ്ങളല്ലാത്ത സർക്കാർ ഓഫീസുകൾ മെയ് 15 വരെ പ്രവർത്തിക്കാം.ഗ്രൂപ്പ് എ,ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സിഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഹാജരാകണം.

ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റൈൽ സ്ഥാപനങ്ങൾ അഞ്ചിൽ താഴെ ജീവനക്കാരെ വച്ച് തുറക്കാം. ഇത് ഗ്രീൻ, ഓറഞ്ച് സോണുകളിൽ മാത്രമാണ് ബാധകം. ഈ സോണുകളിൽ ടാക്സി, ഊബർ ടാക്സി എന്നിവ അനുവദിക്കും. ഹോട്ട്സ്പോട്ടുകളൊഴികെ, ഗ്രീൻ-ഓറഞ്ച് സോണുകളിൽ അന്തർ ജില്ലാ യാത്രക്ക് പ്രത്യേകം അനുവദിക്കപ്പെട്ട കാര്യങ്ങൾക്ക് പോകാം. ചരക്ക് വാഹനങ്ങളുടെ നീക്കത്തിന് നിയന്ത്രണമില്ല, പ്രത്യേക പെർമിറ്റ് വേണ്ട.

അത്യാവശ്യ കാര്യങ്ങൾക്ക് രാവിലെ ഏഴ് മുതൽ രാത്രി ഏഴര വരെ ജനങ്ങൾക്ക് പുറത്തിറങ്ങാം.
 65 വയസിന് മുകളിലുള്ളവരും പത്ത് വയസിന് താഴെയുള്ള കുട്ടികളും വീടുകളിൽ കഴിയണം. വൈകിട്ട് ഏഴര മുതൽ രാവിലെ ഏഴ് വരെ സഞ്ചാരത്തിന് നിയന്ത്രണം ഉണ്ടാകും. അത്യാവശ്യവും അനുവദനീയവുമായ കാര്യങ്ങൾക്ക് റെഡ് സോണിലും യാത്രക്കാർക്ക് പോകാം. ഇരുചക്രവാഹനത്തിൽ പിൻസീറ്റ് യാത്ര അനുവദിക്കില്ല.
 കൃഷി, വ്യവസായ മേഖലകളിൽ നേരത്തെ പ്രഖ്യാപിച്ച ഇളവുകൾ തുടരും. കേന്ദ്രം പ്രഖ്യാപിച്ച മര്റ് ഇളവുകൾ ലഭിക്കും. ഓരോ പ്രദേശത്തിനും അതിന്റെ സവിശേഷതയുണ്ടാകും. മാറ്റം എന്താണോ വേണ്ടത് അത് ജില്ലാ കളക്ടർ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയെ അറിയിക്കണം. സംസ്ഥാനത്ത് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് മേധാവികളടങ്ങുന്ന സമിതി പരിശോധിച്ച് ആവശ്യമായ ഉത്തരവ് പുറപ്പെടുവിക്കും.

പോസ്റ്റ് ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്. ദേശീയ സാമ്പാദ്യ പദ്ധതി ഏജന്റുമാർക്ക് ആഴ്ചയിലൊരിക്കൽ അവർ ശേഖരിച്ച പണം അനുവദിക്കാൻ ഹോട്ട്സ്പോട്ടുകളിൽ ഒഴികെ അനുവദിക്കും
. കാർഷിക നാണ്യ വിളകളുടെ വ്യാപാരം നിശ്ചലമായത് കർഷകരെ ബാധിക്കുന്നുണ്ട്. മേഖലയിൽ എല്ലാ പ്രോത്സാഹനവും നൽകും. മലഞ്ചരക്ക് വ്യാപാര ശാലകൾ ആഴ്ചയിൽ രണ്ട് ദിവസം തുറക്കാം. വ്യാവസായിക - വാണിജ്യ വൈദ്യുതി ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാർജ് അടക്കാൻ പ്രഖ്യാപിച്ച ഇളവുകൾ സ്വകാര്യ ആശുപത്രിക്കും ബാധകമാക്കാൻ ശുപാർശ ചെയ്തു.

ഇനി സമൂഹ് പ്രത്യേകം ശ്രദ്ധിക്കേണ്ട ചിലതുണ്ട്. പ്രായമായവർ, ഗുരുതര രോഗം ബാധിച്ചവരെയെല്ലാം കൊവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് അവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. അവർ ഈ കാര്യം മനസിലാക്കണം. വീട്ടുകാരും നല്ല ബോധവാന്മാരാകണം. നല്ല രീതിയിൽ ബോധവത്കരിക്കാൻ മാധ്യമങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. അതോടൊപ്പം ആരോഗ്യ പ്രവർത്തകർ ഗൃഹ സന്ദർശനം നടത്തുന്നത് ആലോചിക്കുന്നു. വീടുകളിൽ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് നോട്ടീസ് നൽകും.

ഇനിയുള്ള ഘട്ടം നേരിടാൻ ഈ വിഭാഗത്തെ സംരക്ഷിക്കൽ പ്രധാനമാണ്. ഇവരെ പൂർണ്ണമായി സംരക്ഷിക്കണം. ഇക്കാര്യങ്ങൾ നാട്ടിലാകെ എത്തിക്കാനും പൊതുവിൽ ജാഗ്രതയും ഗൗരവവും ഉണ്ടാക്കുന്നതിനും പ്രാദേശിക സമിതികൾ വേണ്ടിവരും. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ്, ഡിവിഷനുകളിൽ മോണിറ്ററിങ് സമിതി വേണം. റസിഡൻസ് അസോസിയേഷൻ പ്രതിനിധികളോ നാട്ടുകാരുടെ പ്രതിനിധികളോ വേണം. വാർഡ് മെമ്പർ, എസ്ഐ, വില്ലേജ് ഓഫീസർ അല്ലെങ്കിൽ പ്രതിനിധി, തദ്ദേശ സ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ, തദ്ദേശ സ്ഥാപനത്തിലെ പ്രതിനിധി, കുടുംബശ്രീ പ്രതിനിധി, അങ്കൺവാടി അധ്യാപിക, ആശാ വർക്കർ, പെൻഷനേർസിന്റെ പ്രതിനിധി എന്നിവരടങ്ങുന്നതാണ് സമിതി. ഇവർ ഇത്തരം ആളുകളുള്ള വീടുകൾ പ്രത്യേകം പട്ടികയിൽപ്പെടുത്തും. അവരുടെ കാര്യത്തിൽ പ്രത്യേക കരുതലെടുക്കും.

നല്ല ജാഗ്രത പാലിക്കണം. സമിതിയുടെ നേതൃത്വത്തിൽ നിരന്തരണം ഈ വീടുകളുമായി ബന്ധപ്പെടണം. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ കാര്യത്തിലും മോണിറ്ററിങ് സമിതിയുടെ ശ്രദ്ധ വേണം. എല്ലാ ദിവസവും സമംിതിയുടെ പ്രതിനിധി ഈ വീടുകളിലെത്തണം.

ഭീഷണി ഫലപ്രദമായി നേരിടാൻ ആരോഗ്യ സംവിധാനം കൂടുതൽ വികേന്ദ്രീകൃതമാകണം. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇപ്പോൾ പ്രൈമറി ഹെൽത്ത് സെന്ററുണ്ട്. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളെയും ഡോക്ടർമാരെയും സ്റ്റാഫിനെയും കൂടി നമ്മുടെ പ്രവർത്തനത്തിന്റെ ഭാഗമാക്കണം. ഇവരെല്ലാം ഉൾക്കൊള്ലുന്ന സംവിധാനം തദ്ദേശ സ്ഥാപന തലത്തിൽ ഉണ്ടാകണം.വിശദാംശങ്ങൾ ജില്ലാ മെഡിക്കൽ ഓഫീസർ തയ്യാറാക്കണം. സ്വകാര്യ ആശുപത്രികളിലെ ജീവനക്കാർക്ക് കൊവിഡ് പ്രതിരോധ നടപടികളിൽ പരിശീലനം നൽകും. ഐഎംഎ സഹകരണം ഉറപ്പാക്കും.

ടെലി മെഡിസിൻ സൗകര്യം ഇതിലൂടെ ഉറപ്പാക്കും. ഏതൊക്കെ ഡോക്ടർമാരെ ബന്ധപ്പെടാമെന്ന വിവരം ഇത്തരം വീടുകളിൽ ലഭ്യമാക്കും. ഡോക്ടർക്ക് രോഗിയെ കാണേണ്ടതുണ്ടെങ്കിൽ പ്രൈമറി ഹെൽത്ത് സെന്റർ വാഹനം ഉപയോഗിച്ച് വീട്ടിലേക്ക് പോകാം. ഓരോ പഞ്ചായത്തിലും മൊബൈൽ ക്ലിനിക് ആവശ്യമായി വരും. അതിന് ഡോക്ടർ, സ്റ്റാഫ് നഴ്സ്, പാരാമെഡിക്കൽ സ്റ്റാഫ്, സജ്ജീകരണങ്ങളെല്ലാം ഇതിൽ ഉണ്ടാകും. ഇത്തരത്തിലൊരു കരുതൽ അടുത്ത ഘട്ടത്തിൽ സ്വീകരിക്കുകയാണ്.

ഓരോ പഞ്ചായത്തിലും ക്വാറന്റൈനിൽ കഴിയുന്നവർ ധാരാളമാകും. ഇത്തരം ആളുകളെ നിരന്തരം നിരീക്ഷിക്കണം. ഇതിനാണ് ഈ ചുമതല ഏറ്റെടുക്കുന്നത്.പ്രവാസികൾക്ക് മടങ്ങിവരാൻ സൗകര്യമൊരുക്കണമെന്ന് നിരന്തരം കേന്ദ്രത്തോട് ആവശ്യപ്പെടുന്നുണ്ട്. അനുകൂല നിലപാട് കേന്ദ്രത്തിൽ നിന്നുണ്ടാകുന്നു. പെട്ടെന്ന് തന്നെ പ്രായോഗിക നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

നമ്മുടെ സഹോദരങ്ങൾ ഇങ്ങോട്ട് വരുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംസ്ഥാനം സ്വീകരിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലെ മലയാളികൾ തിരികെ വരാൻ താത്പര്യപ്പെടുന്നുണ്ട്. എല്ലാവരും ഒരുമിച്ച് വരുന്നത് പ്രായോഗികമല്ല. മുൻഗണനയുടെ അടിസ്ഥാനത്തിൽ ആദ്യ ഘട്ടത്തിൽ അനുമതി. വിദ്യാർത്ഥികൾ, അവധിക്കാല ക്യാംപിന് പോയവർ, കോഴ്സ് കഴിഞ്ഞവർ, ഹോസ്റ്റൽ അടച്ച് നിൽക്കാൻ കഴിയാത്തവർ എന്നിങ്ങനെ വിദ്യാർത്ഥികൾക്ക് മുൻഗണന നൽകും.

സംസ്ഥാനത്ത് സ്ഥിരതാമസമായ മുതിർന്ന പൗരന്മാർ, ഗർഭിണികളായ സ്ത്രീകൾ, ആരോഗ്യ പ്രശ്നം ഉള്ളവർ എന്നിവർക്കെല്ലാം മുൻഗണന നൽകും. പുറത്ത് സ്ഥിരതാമസമായിട്ടുള്ളവർ ബന്ധുക്കളെ കാണാൻ ധൃതി കാണിക്കരുത്. അവർ കാത്തിരിക്കണം. കുറച്ച് നാള് കഴിഞ്ഞ് വരാം. ഈ ഘട്ടത്തിൽ വരരുത്.

നോർക്ക പോർട്ടലിൽ 1.30 ലക്ഷം പേർ രജിസ്റ്റർ ചെയ്തു. വിമാനത്താവളങ്ങളുടെ കാര്യത്തിലെടുത്ത നടപടികൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരുടെ കാര്യത്തിലും സ്വീകരിക്കും. സംസ്ഥാന അതിർത്തിയിൽ ഇവരെത്തേണ്ട സമയം അറിയിക്കും. അവിടെ വിശദമായ സ്ക്രീനിങ് നടക്കും. രോഗലക്ഷണം ഉള്ളവർ സർക്കാർ ഒരുക്കിയ കേന്ദ്രത്തിൽ നിരീക്ഷണത്തിൽ കഴിയണം. അല്ലാത്തവർക്ക് വീട്ടിൽ പോകാം. 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. നിരീക്ഷണത്തിൽ കഴിയുന്നവർ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കണം.

പൊലീസിനാണ് ഇതിന്റെ പൂർണ്ണ ചുമതല. വരുന്നവർ വഴിക്ക് തങ്ങാതെ വീട്ടിലെത്തിയെന്നും നിരീക്ഷണത്തിൽ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നും പൊലീസ് ഉറപ്പാക്കണം. വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ സൗകര്യമില്ലാത്തവർക്ക് ആദ്യത്തെ 14 ദിവസം വീട്ടിലേക്ക് പോകാനാവില്ല. രോഗലക്ഷണം ഉള്ളവരെ പാർപ്പിക്കുന്ന സ്ഥലമല്ല, മറ്റൊരു സ്ഥലത്താണ് ഇവരെ നിരീക്ഷണത്തിൽ വയ്ക്കുക. ഈ പ്രവർത്തനം വലിയ തോതിൽ നടന്നാലേ ഇനിയുള്ള ഘട്ടത്തെ അതിജീവിക്കാൻ കഴിയൂ. വിദഗ്ദ്ധർ ആശങ്കപ്പെടുന്ന കാര്യം സാമൂഹിക വ്യാപനമാണ്. അത് നേരിടാനും അതിജീവിക്കാനും വികേന്ദ്രീകൃത സംവിധാനം വേണം.

തദ്ദേശ സ്ഥാപന തലത്തിലും ഇക്കാര്യങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഒരു സമിതി വേണം. തദ്ദേശ സ്ഥാപന ചെയർപേഴ്സണാവും ഈ സമിതിയുടെ അധ്യക്ഷൻ. പ്രതിപക്ഷ നേതാവ്, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷൻ, എംഎൽഎ അല്ലെങ്കിൽ പ്രതിനിധി, എസ്എച്ച്ഒ പ്രതിനിധി, പിഎച്ച് സി മേധാവി, സാമൂഹിക സന്നദ്ധ സേനാ പ്രതിനിധി, ആശാ വർക്കർ, പെൻഷനേർസ് യൂണിയൻ പ്രതിനിധി തുടങ്ങിയവർ ഇതിൽ ഉണ്ടാകണം.

ജില്ലാ തലത്തിൽ ഉദ്യോഗസ്ഥരുടെ സമിതി വേണം. കളക്ടർ, എസ്പി , ഡിഎംഒ, ജില്ലാ പഞ്ചായത്ത് ഓഫീസർ എന്നിവരടങ്ങിയ സമിതി കാര്യങ്ങൾ വിലയിരുത്തി തീരുമാനമെടുക്കണം. ആരോഗ്യ പരിശോധനയുടെയും മറ്റും ഉത്തരവാദിത്തം ആരോഗ്യവകുപ്പിനും സുരക്ഷ പൊലീസിന്റെയും ചുമതലയായിരിക്കും.

സംസ്ഥാനത്തെ അതിഥി തൊഴിലാളികൾക്ക് തിരികെ പോകാൻ നോൺ സ്റ്റോപ് ട്രെയിൻ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം ആദ്യം ബസ് മാർഗം എന്ന് പറഞ്ഞെങ്കിലും, അവർ ആ തീരുമാനം പിന്നീട് മാറ്റി, പ്രത്യേക തീവണ്ടി അനുവദിച്ചു. ഇന്നലെ ഒരു ട്രെയിനും ഇന്ന് ചില ട്രെയിനുകളും പോയി. പോകാനാഗ്രഹിക്കുന്ന അതിഥി തൊഴിലാളികൾക്ക് പോകാം. ആരെയും നിഡബന്ധിച്ച് അയക്കുന്നില്ല. എന്നാൽ അവർ എത്തേണ്ട സ്ഥലത്ത് നിന്ന് അനുമതി ലഭിച്ചാലേ ട്രെയിൻ അനുവദിക്കൂ. ചിലയിടത്ത് എൻഒസി ലഭിക്കാൻ ചില ബന്ധപ്പെടൽ വേണ്ടി വന്നു.

ചീഫ് സെക്രട്ടറി മറ്റ് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ ബന്ധപ്പെടുന്നുണ്ട്. ഇന്നലെ ഒഡീഷയിലേക്ക് ട്രെയിൻ പോയി. മുഖ്യമന്ത്രി എന്നെ വിളിച്ച് നന്ദി പറഞ്ഞു. നാട്ടിലേക്ക് പോയവർ തിരികെ വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പ്രയാസമുണ്ടാകില്ലെന്നും അദ്ദേഹത്തിന് വാക്കുനൽകി.

സംസ്ഥാനത്തെ സഹകരണ ജീവനക്കാരുടെ ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്ക് സഹായ ധനം അനുവദിച്ചു. അടച്ച തുകയുടെ 90 ശതമാനമോ 7500 രൂപയോ, ഏതാണ് കുറവ് എന്ന് നോക്കി പലിശ രഹിത വായ്പ നൽകും. പട്ടികജാതി വിദ്യാർത്ഥികളുടെ സ്കോളർഷിപ്പ് കുടിശിക 131 കോടി വിതരണം ചെയ്തുവെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Follow Us:
Download App:
  • android
  • ios