20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. പല ബൂത്തുകളിലും രാവിലെ തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു. 7 മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. ചിലയിടങ്ങളിൽ വോട്ടിംഗ് മെഷീനുകളിൽ തകരാറുണ്ടായത് പോളിംഗിന് തടസ്സമായി. പല ബൂത്തുകളിലും രാവിലെ തന്നെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 10 മണിവരെ 19.06 ശതമാനം പോളിംഗാണ് സംസ്ഥാനത്താകെ രേഖപ്പെടുത്തിയത്. വൈകീട്ട് ആറുവരെയാണ് പോളിംഗ്.മികച്ച പോളിംഗ് രേഖപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. 

പോളിംഗ് ശതമാനം മണ്ഡലം തിരിച്ച്:

1. തിരുവനന്തപുരം-18.68
2. ആറ്റിങ്ങല്‍-20.55
3. കൊല്ലം-18.80
4. പത്തനംതിട്ട-19.42
5. മാവേലിക്കര-19.63
6. ആലപ്പുഴ-20.07
7. കോട്ടയം-19.17
8. ഇടുക്കി-18.72
9. എറണാകുളം-18.93
10. ചാലക്കുടി-19.79
11. തൃശൂര്‍-19.31
12. പാലക്കാട്-20.05
13. ആലത്തൂര്‍-18.96
14. പൊന്നാനി-16.68
15. മലപ്പുറം-17.90
16. കോഴിക്കോട്-18.55
17. വയനാട്-19.71
18. വടകര-18.00
19. കണ്ണൂര്‍-19.71
20. കാസര്‍ഗോഡ്-18.79

2,77, 49,159 വോട്ടർമാരാണ് ആകെയുള്ളത്. കൂടുതൽ വോട്ടർമാർ മലപ്പുറം മണ്ഡലത്തിലാണ്. ഇടുക്കിയിലാണ് കുറവ്. സംസ്ഥാനത്താകെ 1800 പ്രശ്ന സാധ്യത ബൂത്തുകളുണ്ടെന്നാണ് വിലയിരുത്തൽ. കള്ളവോട്ടിന് ശ്രമം ഉണ്ടായാൽ കർശന നടപടിക്ക് തെര‍‌ഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. അറുപതിനായിരത്തിലേറെ പൊലീസുകാരെയും 62 കമ്പനി കേന്ദ്രസേനയെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം 7 ജില്ലകളിൽ പൂർണ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. 

രാവിലെ ബൂത്തുകളിൽ തിരക്ക്,വോട്ട് ചെയ്ത് നേതാക്കൾ 

രാവിലെ തന്നെ സ്ഥാനാർത്ഥികളും നേതാക്കളും വോട്ട് ചെയ്യാനെത്തി. വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ മണപുളളിക്കാവ് എൽപി സ്കൂളിൽ വോട്ട് ചെയ്തു. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ വോട്ട് ചെയ്യാൻ ആദ്യമെത്തിയത് എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയാണ്. രാവിലെ 6.30ഓടെയാണ് സുരേഷ് ഗോപി കുടുംബസമേതം പോളിങ് ബൂത്തിലെത്തിയത്. മുക്കാട്ടുകര സെന്‍റ് ജോര്‍ജ് സിഎല്‍പി സ്കൂളിലെ ബൂത്ത് നമ്പര്‍ 115ൽ ഭാര്യ രാധിക, ഭാര്യ മാതാവ് ഇന്ദിര, മക്കളായ ഗോകുൽ, ഭാഗ്യ, മാധവ് എന്നിവരും വോട്ട് രേഖപ്പെടുത്താൻ ഒപ്പമുണ്ട്.

YouTube video player

തെര‌‌ഞ്ഞെടുപ്പ് സുരക്ഷാവലയത്തില്‍ കേരളം, 66,303 പോലീസ് ഉദ്യോഗസ്ഥര്‍; കേന്ദ്രസേനയും പട്രോളിംഗും

തോമസ് ഐസക്ക് വോട്ട് രേഖപ്പെടുത്തി. 2004 നോട് അടുത്ത വിജയം എൽ ഡി എഫ് നേടുമെന്ന് അദ്ദേഹം പ്രതികരിച്ചു. പത്തനം തിട്ടയിൽ എൽഡിഎഫ് വിജയിക്കും. ഇന്ത്യ മുന്നണി അധികാരത്തിൽ വരും. ഈ തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിൻ്റെ കൂടി വിലയിരുത്തലാകുമെന്നും ഐസക്ക് പറഞ്ഞു.

YouTube video player

പൊന്നാനിയിൽ യുഡിഎഫിന് പൊന്നിൻ തിളക്കമുള്ള വിജയം ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് സ്ഥാനാർത്ഥി അബ്ദുസമദ് സമദാനി പ്രതികരിച്ചു. വലിയ അത്മവശ്യാസത്തിലാണ്. രാവിലെ തന്നെ കാണുന്ന തിരക്ക് ജനങ്ങളുടെ രാഷ്ട്രീയ ബോധമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിംഗ് ദിവസം ചർച്ചയായി ഇപി ജയരാജനും ബിജെപി ബന്ധവും

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ട കാര്യം ഇപി ജയരാജൻ സമ്മതിച്ചതിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായിൽ വോട്ട് രേഖപ്പെടുത്തിയശേഷമായിരുന്നു ഇപി ജയരാജനെ കുറ്റപ്പെടുത്തിയുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. കൂട്ടുകെട്ടുകള്‍ ഇപി കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും ആളെ പറ്റിക്കാൻ നടക്കുന്നവരുടെ കൂട്ടുകെട്ട് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപിയുടെ പ്രകൃതം നമുക്ക് അറിയാമല്ലോ. എല്ലാവരോടും സൗഹൃദം വെക്കുന്ന ആളാണ് ജയരാജൻ. പക്ഷെ നാട്ടിൽ ഒരു പഴഞ്ചൊല്ലുണ്ടല്ലോ, 'പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പായായിടും" എന്ന്. ഈ കൂട്ടുകെട്ടിൽ എപ്പോഴും ശ്രദ്ധിക്കണം. ഉറക്കപ്പായയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ തന്നെ ഇന്ന് ആരെയാണ് വഞ്ചിക്കണമെന്ന് ആലോചിച്ച് ഉറക്കമുണരുന്ന ആളുകളുണ്ടെന്നും പിണറായി പറഞ്ഞു.

" Kerala Lok Sabha Election 2024 LIVE updates"

രണ്ട് പേർ കുഴഞ്ഞ് വീണുമരിച്ചു

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞ് വീണുമരിച്ചു. ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. 

മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയതിന് പിന്നാലെയാണ് വയോധികൻ കുഴഞ്ഞുവീണ് മരിച്ചത്. നിറമെരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവിയാണ് മരിച്ചത്. നിറമരതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു. 

YouTube video player