തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2406 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 2067 പേർ രോഗമുക്തി നേടി. 10 മരണം കൂടി സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 121 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2175 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 

ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 352 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 238 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 231 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 230 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 195 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 189 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 176 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 172 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 167 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 162 പേര്‍ക്കും, എറണാകുളം ജില്ലകളില്‍ നിന്നുള്ള 140 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 102 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 27 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

10 മരണം കൂടി സ്ഥിരീകരിച്ചു

10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 24ന് മരണമടഞ്ഞ തിരുവനന്തപുരം മലയം സ്വദേശി ഷാജഹാന്‍ (67), തിരുവനന്തപുരം വെണ്‍പകല്‍ സ്വദേശി മഹേശ്വരന്‍ ആശാരി (76), തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിനി വിമലാമ്മ (83), കണ്ണൂര്‍ പാനൂര്‍ സ്വദേശി മുഹമ്മദ് സഹീര്‍ (47), ആഗസ്റ്റ് 19ന് മരണമടഞ്ഞ കോഴിക്കോട് മണിപുരം സ്വദേശി മാമ്മി (70), ആഗസ്റ്റ് 20ന് മരണമടഞ്ഞ കണ്ണൂര്‍ കുഴുമ്മല്‍ സ്വദേശി സത്യന്‍ (53), തിരുവനന്തപുരം വലിയതുറ സ്വദേശി സേവിയര്‍ (50), ആഗസ്റ്റ് 23ന് മരണമടഞ്ഞ തൃശൂര്‍ വലപ്പാട് സ്വദേശി ദിവാകരന്‍ (65), ആലപ്പുഴ പഴവീട് സ്വദേശിനി ഫമിനാ ഷെറീഫ് (40), കണ്ണൂര്‍ പടിയൂര്‍ സ്വദേശിനി ഏലിക്കുട്ടി (64) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 267 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

സമ്പർക്ക വ്യാപനം രൂക്ഷം

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 121 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2175 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 193 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 331 പേര്‍ക്കും, കോഴിക്കോട് 225 ജില്ലയില്‍ നിന്നുള്ള പേര്‍ക്കും, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 217 പേര്‍ക്ക് വീതവും, കോട്ടയം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 151 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 164 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 146 പേര്‍ക്ക് വീതവും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 141 പേര്‍ക്കും, എറണാകുളം ജില്ലകളില്‍ നിന്നുള്ള 125 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 21 പേര്‍ക്കുമാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

47 ആരോഗ്യപ്രവർത്തകർക്കും രോഗം

47 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 13, തൃശൂര്‍ ജില്ലയിലെ 8, എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലെ 6 വീതവും, മലപ്പുറം ജില്ലയിലെ 5, ആലപ്പുഴ ജില്ലയിലെ 3, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലെ 2 വീതവും, പാലക്കാട്, വയനാട് ജില്ലകളിലെ ഒന്ന് വീതവും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 4 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു.

2067 പേർക്ക് രോഗമുക്തി

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2067 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 623 പേരുടെയും, കൊല്ലം ജില്ലയില്‍ നിന്നുള്ള 59 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 37 പേരുടെയും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 130 പേരുടെയും, കോട്ടയം ജില്ലയില്‍ നിന്നുള്ള 74 പേരുടെയും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 28 പേരുടെയും, എറണാകുളം ജില്ലയില്‍ നിന്നുള്ള 90 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 95 പേരുടെയും, പലക്കാട് ജില്ലയില്‍ നിന്നുള്ള 56 പേരുടെയും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 538 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 90 പേരുടെയും, വയനാട് ജില്ലയില്‍ നിന്നുള്ള 44 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 119 പേരുടെയും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 84 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 22,673 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,761 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

1,93,925 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,93,925 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,75,513 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 18,412 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2465 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പരിശോധനകള്‍ വര്‍ധിപ്പിച്ചു

അതേസമയം പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,873 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 15,64,783 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,71,641 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

13 പുതിയ ഹോട്ട് സ്‌പോട്ടുകൾ

ഇന്ന് 13 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. എറണാകുളം ജില്ലയിലെ മാറാടി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 8), ആലങ്ങാട് (18), ആലപ്പുഴ ജില്ലയിലെ ചെട്ടികുളങ്ങര (11), ചമ്പക്കുളം (1), ചെറുതന (സബ് വാര്‍ഡ് 5), വെണ്‍മണി (2), തൈക്കാട്ടുശേരി (സബ് വാര്‍ഡ് 3, 4), കാടുകുറ്റി (10), കാട്ടൂര്‍ (സബ് വാര്‍ഡ് 9), കോലാഴി (6), വയനാട് ജില്ലയിലെ തരിയോട് (സബ് വാര്‍ഡ് 5, 6), കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ് (3, 6, 10, 17), പെരളശേരി (4, 5, 7, 8, 9, 16, 18) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

14 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോഴിക്കോട് ജില്ലയിലെ ഏറാമല (സബ് വാര്‍ഡ് 9), ചേന്ദമംഗലം (വാര്‍ഡ് 10), ശ്രീമൂലനഗരം (12), കാലടി (14), ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി (7), തൃശൂര്‍ ജില്ലയിലെ മേലൂര്‍ (8), ചേര്‍പ്പ് (സബ് വാര്‍ഡ് 4) കട്ടക്കാമ്പല്‍ (സബ് വാര്‍ഡ് 11), കൊല്ലം ജില്ലയിലെ ഇളമ്പൂര്‍ (12), മലപ്പുറം ജില്ലയിലെ അരീക്കോട് (12, 13, 14, 16), എടപ്പാള്‍ (1, 8, 9, 10, 11, 12, 16, 17, 18, 19), വട്ടംകുളം (12, 13, 14 (സബ് വാര്‍ഡ്), മാറാക്കര (1, 20 (സബ് വാര്‍ഡ്), മലപ്പുറം ജില്ലയിലെ കല്‍പകഞ്ചേരി (1, 2, 3, 4, 7, 8, 11) എന്നീ പ്രദേശങ്ങളെയാണ് കണ്ടൈന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയത്. ഇതോടെ നിലവില്‍ 604 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
 

മുഖ്യമന്ത്രിയുടെ വാക്കുകൾ

അതിനിർണായക ഘട്ടത്തിലൂടെ സംസ്ഥാനം കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ സ്ഥിതി അപ്രതീക്ഷിതമല്ല. ലോകത്തിൽ ആദ്യം കൊവിഡ് റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലൊന്നാണ് കേരളമെന്ന് മുഖ്യമന്ത്രിയുടെ ഓ‌ർമ്മപ്പെടുത്തൽ. അത് കണക്കിലെടുത്താൽ മറ്റിടങ്ങളെ അപേക്ഷിച്ച് രോഗത്തെ ഉച്ഛസ്ഥായിലെത്താതെ പിടിച്ചുനിർത്താനായി. രാജ്യം ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് റിപ്പോർട്ട് ചെയ്യുന്ന രാജ്യമാണ്. 75,995 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 47,828 കേസുകളുമായി ബ്രസീൽ രണ്ടാമതാണ്. നമ്മുടെ രാജ്യത്തിലെ സ്ഥിതി ഗുരുതരം. മരണം ഒരു ദിവസം ആയിരത്തിൽ കൂടുതലാണ്. ഇന്നലെ 1017 പേരാണ് രാജ്യത്ത് മരിച്ചത്. ദക്ഷിണേന്ത്യയിലും രോഗവ്യാപനം രൂക്ഷമാണ്. കർണാടകയിൽ മൂന്ന് ലക്ഷം കേസുകളായി. 5107 പേർ മരിച്ചു. തമിഴ്നാട്ടിൽ നാല് ലക്ഷം കേസായി. ഏഴായിരം പേർ മരിച്ചു. 

കർണാടകത്തിൽ പത്ത് ലക്ഷത്തിൽ 82 പേരും തമിഴ്നാട്ടിൽ പത്ത് ലക്ഷത്തിൽ 93 പേരും മരിക്കുന്നു. കേരളത്തിലിത് എട്ട് പേരാണ്. കർണാടകയിലെയോ തമിഴ്‍നാട്ടിലെയും സ്ഥിതിയായിരുന്നുവെങ്കിൽ ആയിരക്കണക്കിന് മരണം സംസ്ഥാനത്തുണ്ടായേനെയെന്ന് മുഖ്യമന്തി.

അയൽ സംസ്ഥാനങ്ങളേക്കാൾ കൂടിയ ജനസാന്ദ്രതയും വയോജനങ്ങളുടെ എണ്ണവും പ്രമേഹവും ഹൃദ്രോഗവും എല്ലാം കേരളത്തിലുണ്ട്. രോഗവ്യാപനവും മരണനിരക്കും പിടിച്ചുനിർത്താനായത് കേരളത്തിലെ ജനങ്ങളുടെ സഹകരണം കൊണ്ടാണ്. സർക്കാർ സംവിധാനങ്ങളുടെ മികച്ച പ്രവർത്തനവും മുഖ്യ പങ്ക് വഹിച്ചു.

ആരോഗ്യ സംവിധാനങ്ങളുടെ ശാക്തീകരണവും ജനപങ്കാളിത്തത്തോടെ ബ്രേക് ദി ചെയിൻ ഫലപ്രദമാക്കലും പരിഗണിക്കുന്നു. രോഗവ്യാപനം ഫലപ്രദമായി നിയന്ത്രിച്ചു. ആരോഗ്യമേഖലയെ ശക്തിപ്പെടുത്താൻ അവസരം ലഭിച്ചു. എഫ്എൽടിസി, ലാബുകൾ, കൊവിഡ് ആശുപത്രികൾ, പരിശോധനാ സൗകര്യം, ആരോഗ്യപ്രവർത്തകർ, കൊവിഡ് ബ്രിഗേഡ് എന്നിങ്ങനെ രോഗം തടയാൻ വേണ്ട സൗകര്യം കൃത്യമായി സജ്ജമാക്കി. എട്ട് മടങ്ങ് രോഗികൾ വർധിച്ചാൽ വരെ ചികിത്സ നൽകാൻ കേരളത്തിനാവും.

ലോക്ക്ഡൗൺ പിൻവലിച്ച് ജീവൻ സംരക്ഷിക്കുന്നതിനൊപ്പം ജീവിതം മുന്നോട്ട് കൊണ്ടുപോകേണ്ട സാഹചര്യം അനിവാര്യമായി. ഇളവുകൾ ഇതിന്‍റെ ഭാഗമായി നൽകി. ബ്രേക് ദി ചെയിൻ പ്രവർത്തനവും ജാഗ്രതയും ശക്തമായി മുന്നോട്ട് കൊണ്ടുപോകണം. ജീവന്‍റെ വിലയുള്ള ജാഗ്രത മുന്നോട്ട് വെക്കുന്ന സന്ദേശം അതാണ്. ശുചീകരണം, മാസ്ക് ധരിക്കൽ എന്നിവയിൽ വിട്ടുവീഴ്ച പാടില്ല. ഓരോ പേരും അവരവരുടെ ചുറ്റും സുരക്ഷാ വലയം തീർക്കണം.

കൊവിഡ് നിരുപദ്രവകാരിയല്ലെന്നും മരണനിരക്ക് ഒരു ശതമാനമാണെന്നും രോഗം വന്നാൽ കുഴപ്പമില്ലെന്നും പ്രചാരണം നടക്കുന്നുണ്ട്. ഈ ധാരണ പ്രബലമായാൽ വലിയ അപകടം ഉണ്ടാവും. മൂന്നര കോടി ജനസംഖ്യയുള്ള കേരളത്തിൽ ഒരു ശതമാനം മൂന്നര ലക്ഷമാണ്. അതിന്‍റെ പകുതിയാണെങ്കിലും വരുന്ന സംഖ്യ എത്രയെന്ന് ചിന്തിക്കണം. അതുപോലെയൊരു സാഹചര്യം അനുവദിക്കാനാവുമോ എന്ന് പ്രചാരണം നടത്തുന്നവർ ആലോചിക്കണം. മരണ നിരക്ക് ചെറുതാണെങ്കിലും രോഗികളുടെ എണ്ണം വർധിക്കുമ്പോൾ മരണവും ആനുപാതികമായി വർധിച്ചേക്കാം.

ചിലർ സ്വീഡനെ മാതൃകയാക്കാൻ പറയുന്നു. അവിടെ പത്ത് ലക്ഷത്തിൽ 575 പേരെന്ന നിലയിലാണ് മരണമുണ്ടായത്. കേരളത്തിന്‍റെ 100 ഇരട്ടി മരണം ഉണ്ടായി. മരണം ഒഴിവാക്കാനാണ് ശ്രമം. ഓരോരുത്തരുടെയും ജീവൻ വിലപ്പെട്ടതാണ്. ലോകത്ത് തന്നെ കുറവ് മരണനിരക്കുള്ള പ്രദേശമായി കേരളത്തെ നിലനിർത്തണം. അതിന് എല്ലാവരും ദൃഢനിശ്ചയം ചെയ്യണം. ജാഗ്രത കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ട് പോകണം.

കൈ കഴുകുമ്പോഴും മാസ്ക് ധരിക്കുമ്പോഴും ചുറ്റുമുള്ളവരെ കൂടി രക്ഷിക്കുകയാണ്. ആ പ്രതിബദ്ധത കൈവെടിയരുത്.

ഇവിടെ കൊവിഡ് രോഗികൾക്ക് ചികിത്സ തികച്ചും സൗജന്യമാണ്. പരിശോധന, ഭക്ഷണം, മരുന്ന്, കിടക്ക, വെന്‍റിലേറ്റർ, പ്ലാസ്മ തെറാപ്പി എന്നിവയെല്ലാം സൗജന്യമാണ്. സർക്കാർ അംഗീകൃത സ്വകാര്യ ലാബിൽ സ്വമേധയാ വരുന്ന എല്ലാവർക്കും ടെസ്റ്റ് നടത്തും. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും സർക്കാർ നിശ്ചയിച്ച ഫീസേ ഈടാക്കാവൂ. സ്വകാര്യ ആസുപത്രിയിലെ ചികിത്സാ നിരക്കും മാർഗനിർദ്ദേശവും പുറത്തിറക്കി. നിശ്ചയിച്ച നിരക്ക് മറ്റ് സംസ്ഥാനങ്ങളേക്കാൾ കുറവാണ്. ഐസിയു ചാർജായി കേരളത്തിൽ 6500 രൂപ ഈടാക്കുന്നു. ആന്ധ്രയിൽ ഇത് 46325 രൂപയും തമിഴ്നാട്ടിൽ 11000 രൂപയും ദില്ലിയിൽ 15000 രൂപയുമാണ്.

പ്രതിദിന പരിശോധന 40000 കടന്നു. ഇന്നലെ 40352 പരിശോധന നടത്തി. ഇന്നലെ വരെ 1520792 സാമ്പിൾ പരിശോദനക്ക് അയച്ചു. 155 സിഎഫ്എൽടിസികൾ ഇപ്പോൾ പ്രവർത്തിക്കുന്നു. 21700 കിടക്കകൾ സജ്ജമാക്കി. പകുതിയോളം കിടക്കകൾ ഒഴിവാണ്. 148 സിഎഫ്എൽടിസികളും 20104 കിടക്കളും ഒന്നാം ഘട്ടത്തിൽ തയ്യാറായി. ഇവിടങ്ങളിലേക്ക് ഡോക്ടർമാർ, നഴ്സുമാർ, ലാബ്, ടെക്നീഷ്യന്മാർ, എന്നിവരടക്കം 1740 പേരെ നിയമിച്ചു.

കുടുംബശ്രീ മുഖേന 50000 പേർക്ക് ഈ വർഷം തൊഴിൽ നൽകാൻ അതിജീവനം കേരളീയം പദ്ധതി. റീബിൽഡ് കേരളയുടെ ഭാഗമായി 145 കോടി രൂപയും പ്ലാൻ ഫണ്ട് ഇനത്തിൽ 20.5 കോടി രൂപയും ചെലവഴിക്കും.

ഇതൊടൊപ്പം തെരഞ്ഞെടുത്ത ബ്ലോക്ക് പ്രദേശത്തും പരമാവധി സംരംഭങ്ങൾ ആരംഭിക്കും. സംസ്ഥാനത്തെ പ്രളയ ബാധിത 14 ബ്ലോക്കുകളിൽ കാർഷിക-ഇതര മേഖലകളിൽ 16800 പുതിയ സംരംഭങ്ങൾ ആരംഭിക്കും. 20000 പേർ ഉൾപ്പെടും. സ്ത്രീകൾക്കും പുരുഷന്മാർക്കും അംഗങ്ങളാകാം.

2020-21 സാമ്പത്തിക വർഷത്തിൽ പതിനായിരം യുവാക്കൾക്ക് എറൈസ് പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിൽ ലഭ്യമാക്കും. വളരെയധികം ആവശ്യമുള്ള പത്ത് രംഗങ്ങളിൽ പരിശീലനം നൽകി വേഗത്തിൽ വേതനം ലഭിക്കുന്ന തൊഴിൽ ലഭ്യമാക്കും. 

പ്രളയം മൂലം ഉപജീവനം നഷ്ടപ്പെട്ടവർക്ക് വേണ്ടി 2018-19 കാലത്താണ് എറൈസ് ആരംഭിച്ചത്. ഇത് പ്രകാരം മൂവായിരം വ്യക്തിഗത സംരംഭങ്ങളും രണ്ടായിരം ഗ്രൂപ്പ് സംരംഭങ്ങളും ആരംഭിക്കും. കുടുംബശ്രീ അംഗങ്ങൾക്ക് ഇത് അപേക്ഷിക്കാം. വ്യക്തിഗത സംരംഭകർക്ക് പരമാവധി രണ്ടര ലക്ഷവും ഗ്രൂപ്പ് സംരംഭങ്ങൾക്ക് പത്ത് ലക്ഷം വരെയും ഈ പദ്ധതി പ്രകാരം ഏറ്റെടുക്കും.

ഈ ഓണക്കാലത്ത് ശമ്പളവും പെൻഷനും ആനുകൂല്യങ്ങളുമായി 7000 കോടി വിതരണം ചെയ്തു.

സർവീസ് പെൻഷൻ 1545 കോടി, സാമൂഹിക സുരക്ഷാ പെൻഷൻ 1170.71, ക്ഷേമനിധി പെൻഷൻ 158.85 കോടി, ഓണക്കിറ്റ് 440, നെല്ല് സംഭരണം 710, ഓണം റേഷൻ 112, കെഎസ്ആർടിസിക്ക് 140.63, ആശ വർക്കർമാർ 24.63, സ്കൂൾ യൂണിഫോം 30 എന്നിവയെല്ലാം അടക്കമാണ് ഓണത്തോട് അനുബന്ധിച്ച് ഏഴായിരം കോടി വിതരണം ചെയ്തത്.

സർക്കാരിന്‍റെ വരുമാനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ഏത് സഹാചര്യത്തിലും ഓണം ഉണ്ണുക മലയാളിയുടെ വലിയ ആഗ്രഹമാണ്. ഇതിന് തടസമുണ്ടാകരുത്. അതുകൊണ്ടാണ് പെൻഷൻ അടക്കം ഈ പഞ്ഞ സമയത്ത് വിതരണം ചെയ്തത്. ഓണക്കാലത്ത് അവശത അനുഭവിച്ചവർക്ക് പ്രത്യേക സഹായം നൽകുന്നുണ്ട്. 287 കശുവണ്ടി ഫാക്ടറികളിലെ തൊവിലാളികൾക്ക് രണ്ടായിരം രൂപ വീതം എക്സ് ഗ്രേഷ്യ, കിലോയ്ക്ക് 25 രൂപ നിരക്കിൽ പത്ത് കിലോ അരിയും വിതരണം ചെയ്യാൻ 5.72 കോടി അനുവദിച്ചു.

പൊലീസ് സ്റ്റേഷനുകൾ അടക്കമുള്ള സാധാരണ പൊലീസ് ജോലികൾക്ക് പതിനായിരം പേരെ നിയോഗിച്ചിട്ടുണ്ട്. ജനം വീടുകളിൽ ഇരുന്ന് ഓണം ആഘോഷിക്കുന്നുവെന്ന് പൊലീസ് ഉറപ്പാക്കും. നിയന്ത്രണം നടപ്പാക്കാൻ ജനമൈത്രി പൊലീസും രംഗത്തിറങ്ങും.

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള പൂ കച്ചവടക്കാരെയും കർശന നിബന്ധനയ്ക്ക് വിധേയമായി കച്ചവടത്തിന് അനുവദിക്കും. പൂ കൊണ്ടുവരുന്നവരും കച്ചവടം ചെയ്യുന്നവരും മാസ്ക് ധരിക്കണം. ഇടയ്ക്കിടയ്ക്ക് കൈ കഴുകണം. പൂക്കുട്ട ഉപയോഗ ശേഷം നശിപ്പിക്കണം. വിതരണം കഴിഞ്ഞാൽ കൈകൾ വൃത്തിയാക്കണം. കച്ചവടക്കാർ ശാരീരിക അകലം പാലിക്കണം.

കഴിയാവുന്നത്ര പണരഹിത ഇടപാട് വേണം. പൂക്കളുമായി വരുന്നവർ ഇ-ജാഗ്രത രജിസ്ട്രേഷൻ നടത്തണം. ചൊവ്വാഴ്ച സെക്രട്ടേറിയേറ്റിൽ പൊളിറ്റിക്കൽ 2എ, പൊളിറ്റിക്കൽ 5 സീറ്റുകൾക്ക് ഇടയിൽ തീപിടിച്ചു. ചില ഫയലുകൾ ഭാഗികമായി കത്തി. എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷിക്കുന്നു. സാങ്കേതിക വശം പരിശോധിക്കാൻ ഡിസാസ്റ്റർ മാനേജ്മെന്റ് കമ്മീഷണർ എ കൗശികിന്‍റെ നേതൃത്വത്തിൽ ഉന്നത സമിതിയെ നിയോഗിച്ചു. 

തീപിടിച്ചതിന്‍റെ കാരണം, നഷ്ടം, നഷ്ടപ്പെട്ട ഫയൽ, ഭാവിയിൽ ആവർത്തിക്കാതിരിക്കാനുള്ള നിർദ്ദേശം എന്നിവ ഒരാഴ്ചക്കകം സമിതി സമർപ്പിക്കണം. സെക്രട്ടേറിയറ്റിൽ സുരക്ഷ വർധിപ്പിക്കും.

സെക്രട്ടേറിയേറ്റിലെ തീപ്പിടിത്തം

തീപിടിച്ചത് ചൊവ്വാഴ്ച വൈകുന്നേരമാണ്. ബാഗികമായി ചില ഫയലുകൾ അവിടെ കത്തിയിട്ടുണ്ട്. അപ്പോൾ സംഭവത്തെ കുറിച്ച് അന്വേഷിക്കും. അതിനാണ് രണ്ട് സമിതികളെ നിയോഗിച്ചത്. ഇവിടെ ശ്രദ്ധിക്കേണ്ടത്, ഇത്തരം കാര്യങ്ങൾ അന്വേഷിക്കുമ്പോ അതിന്‍റെ ഭാഗമായി വിശദമായി പരിശോധിക്കും. ധൃതിപ്പെട്ടിട്ട് കാര്യമില്ല. അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി.

ലൈഫ് കമ്മീഷൻ 

വിവരങ്ങൾ പൂർണ്ണമായി വന്നിട്ടില്ല. വിവരം ലഭിച്ചാൽ നടപടി സ്വീകരിക്കും. ലൈഫ് മിഷൻ പദ്ധതിയിൽ സാധാരണ നിലയിലുള്ള മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ പറയുന്നതാണ്. എന്താണ് സംഭവിച്ചതെന്ന് റിപ്പോർട്ട് കിട്ടിയാലേ പറയാനാവൂ. അന്വേഷണ ഏജൻസിക്ക് ചില വിവരമുണ്ട് എന്ന് പറയുന്നു. സർക്കാർ ഇടപെടേണ്ടതുണ്ടെങ്കിൽ അവർ പറയും. റിപ്പോർട്ട് ലഭിച്ചാൽ നടപടിയെടുക്കും. സർക്കാരും റെഡ് ക്രസന്റുമാണ് ധാരണാ പത്രം ഒപ്പ് വച്ചത്. അവർ പ്രത്യേക ഏജൻസിയെ നിശ്ചയിക്കുന്നു, അത് പ്രകാരം പണം ചെലവഴിക്കുന്നു. ഇതിൽ സംസ്ഥാന സർക്കാരിന് റോളില്ല.

ലൈഫിൽ സർക്കാരിന് വ്യക്തമായ നിലപാടുണ്ട്. അതുമായി ബന്ധപ്പെട്ട് സർക്കാരിൽ നിന്ന് അംഗീകാരം വാങ്ങിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരമൊരു കരാർ ഒപ്പിടാൻ കേന്ദ്ര അനുമതി വേണ്ട. വിദേശത്തുള്ള സർക്കാരുമായും പ്രാദേശിക സർക്കാരുമായും കരാർ ഒപ്പിടാനാണ് അനുമതി വേണ്ടത്. സാധാരണ നിലയ്ക്ക് ഇത്തരമൊരു കാര്യം നടന്നെന്ന് കേന്ദ്രത്തെ അറിയിക്കേണ്ടതുണ്ട്.

അനിൽ നമ്പ്യാരെ ചേദ്യം ചെയ്തതിൽ പറയേണ്ടത് ഞാനല്ല, അദ്ദേഹത്തെ സംരക്ഷിക്കുന്നവരുണ്ട്. ബിജെപിയാണ് അതേക്കുറിച്ച് പറയേണ്ടത്. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും മുഖ്യമന്ത്രി അറിയുന്നത് റിപ്പോർട്ടായി വരുമ്പോഴാണ്. മാധ്യമ വാർത്തകളുടെ പേരിൽ നടപടിയെടുക്കുന്നതിൽ എനിക്ക് എന്റേതായ പരിമിതികളുണ്ട്. അറിയിച്ചില്ലെങ്കിൽ ഇനിയും അറിയിക്കാവുന്നതാണ്. സാധാരണ നിലയ്ക്ക് അതേ വരുന്നുള്ളൂ. 

അവിശ്വാസ പ്രമേയത്തിൽ സമയമെടുത്തതിൽ വിഷമം സ്വാഭാവികം. അതിന് ഞാനെന്ത് ചെയ്യും? സർക്കാരിനെതിരായ അവിശ്വാസമാണ്. ജനങ്ങളെ കണ്ടാണ് കാര്യം പറയുന്നതെന്നാണ് പ്രതിപക്ഷം പറഞ്ഞത്. സർക്കാരിൽ ജനത്തിന് അവിശ്വാസം ഉണ്ടോയെന്നാണ് വിശദീകരിച്ചത്. ജനം അർപ്പിച്ച വിശ്വാസത്തിന് പോറലേൽപ്പിക്കുന്ന എന്തെങ്കിലും ഉണ്ടായോ, സർക്കാർ ചെയ്തത് എന്തൊക്കെയാണ് എന്നാണ് ഞാൻ വിശദീകരിച്ചത്. ജനത്തിന് അതിൽ സർക്കാരിനോട് മതിപ്പ് മാത്രമേയുള്ളൂ. ഓരോ കാര്യവും എടുത്തെടുത്ത് ചോദിച്ചു. അത് പറഞ്ഞ് പോയാൽ ഇതിലും കൂടുതൽ സമയമെടുക്കും. ചുരുക്കിയാണ് പറഞ്ഞത്.

പെട്ടെന്ന് അവസാനിപ്പിക്കേണ്ടേ എന്ന സ്നേഹപൂർണ്ണമായ വിശദീകരണം അപ്പുറത്ത് നിന്ന് വന്നു. അവസാനിക്കാമെന്ന് പറഞ്ഞപ്പോൾ ലൈഫിന്‍റെ പ്രശ്നം ഉന്നയിച്ചു. ലൈഫ് ഞാൻ പറയാൻ തുടങ്ങിയപ്പോൾ വന്ന് മുദ്രാവാക്യം വിളിച്ചു.

എന്ത് സംസ്കാരമാണ് അവിടെ അന്ന് കണ്ടത്. ഇതാണോ സ്വീകരിക്കേണ്ട നിലപാട്. എന്നിലർപ്പിതമായ കർത്തവ്യം എന്തൊക്കെ ചെയ്തുവെന്നാണ് ഞാൻ പറഞ്ഞത്. എന്‍റെ മുഖത്ത് നോക്കി കള്ളാ കള്ളാ എന്ന് വിളിച്ചു. എന്തൊക്കെ തെറികൾ വിളിച്ചു. ഇതാണോ സംസ്കാരം, ഇതാണോ സ്വീകരിക്കേണ്ട രീതി. നിങ്ങൾക്കാർക്കെങ്കിലും എന്തെങ്കിലും വിഷമം അതിൽ തോന്നിയോ. 

നാട്ടുകാരെ നല്ല പോലെ ഉപദേശിക്കുന്ന മാധ്യമങ്ങൾക്കൊന്നും അതിലൊന്നും തോന്നിയില്ല. സംസാരിക്കാൻ അനുവദിക്കാതെ തുടർച്ചയായി മുദ്രാവാക്യം വിളിച്ചു. തെറിയാണ് വിളിച്ചത്. എന്‍റെ സംസാരത്തെ തടയാനാണ് ഉദ്ദേശിച്ചത്. ഞാൻ പറയാൻ ബാക്കിവച്ച ചില കാര്യങ്ങൾ കൂടി പറഞ്ഞു. എന്നെ പറയാൻ അനുവദിക്കാതെ മുദ്രാവാക്യം വിളിച്ചു. ഞാൻ എല്ലാ വിശദീകരിക്കാൻ തയ്യാറായി.

നിയമസഭയുടെ ഏത് കക്ഷിയുടെ അംഗങ്ങൾ പേരുമാറുന്നുണ്ടെങ്കിലും നേതാക്കൾ ഇടപെട്ടാൽ അത് നിൽക്കും. ഞാൻ മറുപടി പറയാൻ സന്നദ്ധനായിരുന്നു. മറുപടി കേൾക്കാൻ നിൽക്കാതെ തെറി മുദ്രാവാക്യത്തിലേക്ക് പ്രതിപക്ഷം പോയി.

തീപിടിച്ച സംഭവത്തിൽ എന്തൊക്കെ അന്വേഷിക്കണമെന്ന് അന്വേഷണ സമിതികൾ തീരുമാനിക്കട്ടെ. സെക്രട്ടേറിയേറ്റിൽ സാധാരണ സുരക്ഷാ ക്രമീകരണം പാലിക്കണം. അത് പാലിക്കാതെ ചാടിക്കയറി. അത് പ്രത്യേകമായി സർക്കാർ പരിഗണിക്കുന്നു. തീപിടിച്ചെന്ന് കേട്ടപ്പോൾ മറ്റ് മാനങ്ങൾ ചാർത്തിക്കൊടുക്കാൻ ബിജെപിയും യുഡിഎഫും എത്തി. സുരേന്ദ്രൻ ആദ്യം പറയുന്നു, പിന്നാലെ യുഡിഎഫ് എത്തുന്നു. ഇവിടെയാകെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു.

കേരളത്തിന്‍റെ പല ഭാഗത്ത് പല രീതിയിൽ അക്രമ സംഭവം നടക്കുന്നു. ഇത് നേരത്തെ കണ്ടതാണ്. നമ്മൾ നാട്ടിൽ കൊവിഡ് വ്യാപിക്കുന്നു. അത് തടയാൻ നാട് ശ്രമിക്കുന്നു. ഹൈക്കോടതി ഉത്തരവ് ഇപ്പോഴും നിൽക്കുന്നു. അതറിയാവുന്നവർ എല്ലാ ചട്ടവും ലംഘിച്ച് ഇടപെടൽ നടത്തുന്നു.

ഇതൊക്കെ സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ്. ഇതിലൂടെ കൊവിഡ് വ്യാപനത്തിന്‍റെ അന്തരീക്ഷം ഒരുക്കുന്നു. അന്വേഷണം ഫലപ്രദമായി നടത്തും. ഒന്ന് സാങ്കേതികവശം മറ്റൊന്ന് എല്ലാ വശങ്ങളും അന്വേഷിക്കും. എൻഐഎ ആവശ്യപ്പെട്ട എല്ലാം കൊടുക്കാൻ തയ്യാറാണ്. കത്തിയെന്ന് പറയുന്നതിൽ സുപ്രധാനമായ ഒരു ഫയലും ഇല്ല. പ്രധാനപ്പെട്ട ഫയലല്ല കത്തിയത്.

ഒറ്റ വിഷയത്തിലും മറുപടി പറയാതിരുന്നിട്ടില്ല. എല്ലാത്തിനും മറുപടി പറഞ്ഞു. അനിൽ അക്കര എന്‍റെ വിഷയത്തിൽ മറുപടി പറഞ്ഞില്ലെന്ന് പറഞ്ഞു. അതും പറയാമെന്ന് പറഞ്ഞു. ആരെങ്കിലും പറയുന്നത് കേട്ട് ചോദ്യം ചോദിക്കരുത്. ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണത്തിന് ആവശ്യമായ അനുമതി നൽകിയെന്നാണ് എനിക്ക് കിട്ടിയ വിവരം.

ഇത്തരം കാര്യങ്ങളിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾക്ക് തടസമില്ലെന്നാണ് പാർട്ടി പറഞ്ഞത്.നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് എതിർ നിലപാട് കേരളം എടുത്തിട്ടില്ല.

പെരിയ കേസ്

പെരിയ കേസിൽ കോടതിയുടെ നിലപാട് അംഗീകരിച്ച് പോകും. നിയമപരമായി പരിശോധിച്ച് മറ്റ് നിലപാട് വേണോയെന്ന് തീരുമാനിക്കും.

ക്വാറന്‍റീനിൽ വ്യക്തത

സംസ്ഥാനത്തേക്ക് മടക്ക ടിക്കറ്റോടെ വരുന്നവർക്ക്  ക്വാറന്‍റീൻ വേണ്ട. ബിസിനസ് ആവശ്യാർത്ഥം വരുന്നവർക്ക് ക്വാറന്‍റീൻ നിർബന്ധമില്ല. എന്നാൽ അവർ രോഗമില്ലെന്ന സർട്ടിഫിക്കറ്റ് കൊണ്ടുവരുന്നത് നല്ലതാണ്. ദീർഘകാലം താമസിക്കാൻ വന്നാൽ 14 ദിവസം ക്വാറന്‍റീൻ വേണം.
 

പോപ്പുല‌ർ ഫിനാൻസ് വിഷയം

പോപ്പുലർ എന്ന പേരിൽ തന്നെയാണ് ജനത്തെ കബളിപ്പിച്ചതല്ലേ. അതിലെ വഞ്ചന സംബന്ധിച്ച് എനക്ക് അറിയില്ല. വഞ്ചന നടന്നിട്ടുണ്ടെങ്കിൽ അത് പരിശോധിച്ച് നടപടിയെടുക്കും.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാർത്താസമ്മേളനം തത്സമയം.