തൊടുപുഴ: ദില്ലിയിൽ നിന്ന് തബ്‍ലീഗ് ജമാ അത്തിൽ പങ്കെടുത്ത് ഇടുക്കിയിലെത്തിയ കൊവിഡ് ബാധിതൻ സഞ്ചരിച്ച റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഈ വഴികളിലൂടെ ഈ തീയതികളിലോ സമയത്തോ സഞ്ചരിച്ചവർ ഉടനടി ജില്ലാ ഭരണകൂടത്തെയോ തൊട്ടടുത്തുള്ള തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെയോ ദിശയെയോ പ്രാഥമികാരോഗ്യകേന്ദ്രങ്ങളെയോ ബന്ധപ്പെടണമെന്നും ഇടുക്കി ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു.

തബ്‍ലീഗ് ജമാഅത്തിൽ പങ്കെടുത്ത 58-കാരന് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇദ്ദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. തബ്‍ലീഗ് ജമാ അത്തിൽ പങ്കെടുത്ത നിരവധിപ്പേ‍ർക്ക് രോഗം കണ്ടെത്തിയതിനെത്തുടർന്ന് തൊടുപുഴയിലെ കുമ്പംകല്ല് സ്വദേശിയായ ഇദ്ദേഹത്തെ കണ്ടെത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മാര്‍ച്ച് 21 ന് ഡല്‍ഹിയില്‍ നിന്ന് മംഗളാ ലക്ഷദ്വീപ് എക്‌സ്പ്രസ്സിന്റെ എസ്-5 കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര തിരിച്ച് 23-ന് രാവിലെ 9 മണിക്ക് ആലുവ റെയില്‍വേ സ്റ്റേഷനില്‍ എത്തി. 9.30 ക്ക് ആലുവാ കെഎസ്ആർടിസി സ്റ്റാന്‍ഡില്‍ നിന്നും മൂവാറ്റുപുഴയിലേക്ക് ഓര്‍ഡിനറി ബസില്‍ കയറി 10.30 ക്ക് എത്തുകയും 10.45 ന് തുഷാരം പ്രൈവറ്റ് ബസില്‍ കയറി 11.30 ക്ക് തൊടുപുഴ കാഡ്‌സ് ബസ് സ്റ്റോപ്പില്‍ ഇറങ്ങുകയും ചെയ്തു. ഈ ദിവസങ്ങളില്‍ രോഗബാധിതന്‍ യാത്ര ചെയ്ത സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവരെല്ലാം ആരോഗ്യ വകുപ്പിന്‍റെ  04862 232221, 233118 എന്നീ ഹെല്‍പ് ഡെസ്‌ക് നമ്പരുകളില്‍ ബന്ധപ്പെടണം. 

അതേസമയം, ഇടുക്കിയിലെ പൊതുപ്രവർത്തകന്‍റെ അസുഖം ഭേദമായി ഇന്നലെ അദ്ദേഹം ആശുപത്രി വിട്ടിരുന്നു. ജാഗ്രതക്കുറവുണ്ടായെങ്കിൽ പൊതുസമൂഹത്തോട് മാപ്പ് പറയുന്നതായും ഇടുക്കി ഡിസിസി സെക്രട്ടറിമാരിൽ ഒരാളായ ഉസ്മാൻ ഡിസ്ചാർജ് ചെയ്തപ്പോൾ പറഞ്ഞിരുന്നു.