തിരുവനന്തപുരം: കൊവി‍ഡ് 19 രോ​ഗ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നികുതി രംഗത്ത് പ്രവർത്തിക്കുന്നവരും പ്രതിസന്ധിയിലാണ്. ആദായനികുതി, ജിഎസ്ടി റിട്ടേണുകള്‍ സമർപ്പിക്കുന്നതിനുള്ള കാലാവധി കേന്ദ്ര സർക്കാർ നീട്ടി നല്‍കണമെന്നാണ് സംസ്ഥാനത്തെ ടാക്സ് പ്രൊഫഷണലുകളുടെ ആവശ്യം. കാലാവധി നീട്ടിയില്ലെങ്കില്‍ സംസ്ഥാനത്തെ നികുതിദായകർ പ്രതിസന്ധിയിലാകുമെന്ന് ഇവർ മുന്നറിയിപ്പ് നല്‍കുന്നു.

2018-2019 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31ആണ്. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങള്‍ അനുസരിക്കേണ്ടിവന്നതിനാല്‍ നികുതി രംഗത്ത് പ്രവർത്തിക്കുന്നവരുടെ ഓഫീസുകള്‍ ആഴ്ചകളായി കൃത്യമായി പ്രവർത്തിച്ചിട്ടില്ല. ഇത് ജോലിഭാരം വളരെയധികം വർദ്ധിപ്പിച്ചു. 

വ്യാപാരികളുടെ ഫെബ്രുവരി മാർച്ച്, മാസങ്ങളിലെ ചരക്കുസേവന നികുതി റിട്ടേണുകളും സമർപ്പിക്കാനും ഈ മാസം കൃത്യമായി സാധിച്ചിട്ടില്ല. അതിനാല്‍ റിട്ടേണുകൾ സമർപ്പിക്കാന്‍ രണ്ട് മാസം കാലാവധി നീട്ടണമെന്നാണ് ഇവരുടെ ആവശ്യം. വൈകി സമർപ്പിക്കുന്ന റിട്ടേണുകള്‍ക്ക് ലേറ്റ് ഫീ, പലിശ എന്നിവ ഒഴിവാക്കാനും നികുതി രംഗത്ത് പ്രവർത്തിക്കുന്നവരുടെ സംഘടന കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.