Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് 21890 പുതിയ കൊവിഡ് ബാധിതർ, 5 ജില്ലകളിൽ 2000 കടന്നു, 28 മരണം

ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത് 28 ആണ്. ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണത്തിൽ കുറവുണ്ടായത് ആശ്വാസസൂചനയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ കണക്കുകൾ ഇങ്ങനെ... 

covid statistics in kerala as on 26 april 2021
Author
Thiruvananthapuram, First Published Apr 26, 2021, 5:36 PM IST

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21890 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസര്‍ഗോഡ് 1086, ഇടുക്കി 779, കൊല്ലം 741, വയനാട് 500, പത്തനംതിട്ട 457 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. നിലവില്‍ 2,32,812 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 28 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5138 ആയി. ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണത്തിൽ കുറവുണ്ടായത് ആശ്വാസസൂചനയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 96,378 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.71 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,52,13,100 സാമ്പിളുകളാണ് പരിശോധിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (108), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 116 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 112 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 230 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,088 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1502 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 3176, എറണാകുളം 2470, മലപ്പുറം 2344, തൃശൂര്‍ 2392, തിരുവനന്തപുരം 1934, കണ്ണൂര്‍ 1425, പാലക്കാട് 565, കോട്ടയം 1184, ആലപ്പുഴ 1180, കാസര്‍ഗോഡ് 1034, ഇടുക്കി 751, കൊല്ലം 730, വയനാട് 483, പത്തനംതിട്ട 420 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

70 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 17, കാസര്‍ഗോഡ് 12, വയനാട് 9, തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് 6 വീതം, കൊല്ലം, എറണാകുളം, കോഴിക്കോട് 3 വീതം, പത്തനംതിട്ട 2, കോട്ടയം, ഇടുക്കി, മലപ്പുറം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7943 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 806, കൊല്ലം 295, പത്തനംതിട്ട 414, ആലപ്പുഴ 688, കോട്ടയം 286, ഇടുക്കി 350, എറണാകുളം 801, തൃശൂര്‍ 861, പാലക്കാട് 320, മലപ്പുറം 825, കോഴിക്കോട് 1074, വയനാട് 117, കണ്ണൂര്‍ 683, കാസര്‍ഗോഡ് 423 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 2,32,812 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,89,267 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,98,196 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,77,778 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 20,418 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3731 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 550 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

മുഖ്യമന്ത്രിയുടെ വാക്കുകൾ:

ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണത്തിൽ കുറവുണ്ടായത് ആശ്വാസസൂചനയല്ല. ഇന്നലെ അവധിയായതിനാൽ ടെസ്റ്റിംഗിൽ വന്ന കുറവാണ് എണ്ണത്തിൽ പ്രതിഫലിച്ചത്. കൊവിഡ് വ്യാപനം ആശങ്കാ ജനകമായി തുടരുകയാണ്. നിയന്ത്രണങ്ങളും പ്രതിരോധവും കർശനമാക്കുവാൻ സർവകക്ഷിയോഗം ചേർന്നു. നിയന്ത്രണങ്ങൾ കർശനമായി തുടരണമെന്ന് ഏകാഭിപ്രായമുണ്ടായി. സർക്കാർ നടപടികൾക്ക് യോഗം പൂർണപിന്തുണയറിയിച്ചു, ഇത് സ്വാഗതാർഹമാണ്. സമ്പൂർണലോക്ക്ഡൗണിലേക്ക് ഇപ്പോൾ പോകേണ്ടതില്ലെന്ന സർക്കാർ നിലപാടിനോട് എല്ലാവരും യോജിച്ചു. കടുത്ത നിയന്ത്രണങ്ങൾ വേണ്ടി വരും. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ പൊതു സമൂഹം ജാഗ്രത പാലിക്കണം- മുഖ്യമന്ത്രി പറയുന്നു. 

സർവകക്ഷിയോഗത്തിലെ മറ്റ് തീരുമാനങ്ങള്‍

വോട്ടെണ്ണൽ നടക്കുന്ന മെയ് 2-നും അടുത്ത ദിവസങ്ങളിലും വേണ്ട നിയന്ത്രണങ്ങളെക്കുറിച്ചും യോഗത്തില്‍ ചർച്ചയുണ്ടായി. ആഹ്ലാദപ്രകടനങ്ങൾ പൂർണമായും ഒഴിവാക്കണം. ബന്ധപ്പെട്ടവർ മാത്രം വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പോയാൽ മതി. പൊതുജനം വേണ്ട. വോട്ടെണ്ണൽ ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർ, കൗണ്ടിംഗ് ഏജന്‍റുമാർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പ്രവേശനമുണ്ടാകൂ. രണ്ട് ഡോസ് വാക്സീൻ എടുത്തവർക്കും ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും മാത്രമേ, വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് കടക്കാവൂ. ഉദ്യോഗസ്ഥർക്ക് അടക്കം ഈ നിബന്ധന ബാധകമാണ്.

ആൾക്കൂട്ടം ഒഴിവാക്കണം. അടച്ചിട്ട ഹാളുകളിൽ രോഗവ്യാപനസാധ്യത കൂടുതലാണ്. വിവാഹച്ചടങ്ങുകളിൽ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 50-ലേക്ക് ചുരുക്കുന്നു. വിവാഹം, ഗൃഹപ്രവേശം എന്നിവ നടത്താൻ കൊവിഡ് ജാഗ്രതാപോർട്ടലിൽ റജിസ്റ്റർ ചെയ്യണം. മരണാനന്തരചടങ്ങുകൾക്ക് പരമാവധി 20 പേർ മാത്രം. ആരാധനാലയങ്ങളിലും കർശനനിയന്ത്രണം വേണം. റമദാനിൽ പള്ളികളിൽ ആളുകൾ കൂടിയേക്കാം. ഇന്നത്തെ സാഹചര്യത്തിൽ പരമാവധി 50 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. ചെറിയ പള്ളികളാണെങ്കിൽ എണ്ണം വീണ്ടും ചുരുക്കണം. ഇക്കാര്യം ജില്ലാ കളക്ടർമാർ മതനേതാക്കളുമായി ആലോചിച്ച് തീരുമാനിക്കണം. നമസ്കരിക്കാൻ പോകുന്നവർ സ്വന്തമായി പായ കൊണ്ടുപോകണം. ദേഹശുദ്ധി വരുത്താൻ ടാങ്കിലെ വെള്ളത്തിന് പകരം ടാപ്പ് ഉപയോഗിക്കണം. പല പള്ളികളിലും ഇത് ഇപ്പോഴേ നടപ്പായിട്ടുണ്ട്.

Also Read: വിവാഹം, മരണാനന്തരചടങ്ങ്, ആരാധനാലയങ്ങള്‍, തിയേറ്റർ, ഷോപ്പിംഗ് മാൾ, ജിം, ബാർ; എല്ലായിടത്തും നിയന്ത്രണം

ക്ഷേത്രങ്ങളിൽ തീർത്ഥജലവും ഭക്ഷണവും നൽകുന്നത് തൽക്കാലത്തേക്ക് ഒഴിവാക്കണം. ബാറുകൾ, ജിമ്മുകൾ, സിനിമാ തീയറ്റർ, ഷോപ്പിംഗ് മാൾ, ക്ലബ്, സ്പോർട്സ് കോംപ്ലക്സ്, നീന്തൽക്കുളം, വിനോദപാർക്ക്, വിദേശമദ്യവിൽപനകേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം തൽക്കാലം നിർത്തണ്ടി വരും. എല്ലാ യോഗങ്ങളും ഓൺലൈനായി മാത്രമേ നടത്താവൂ. സർക്കാർ ഓഫീസുകളിൽ 50% ജീവനക്കാർ റൊട്ടേഷൻ അടിസ്ഥാനത്തിൽ ഹാജരായാൽ മതി. ആരോഗ്യം, റവന്യൂ, പൊലീസ്, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഓഫീസുകൾ എന്നിവ എല്ലാ ദിവസവും പ്രവർത്തിക്കണം. സ്വകാര്യ ഓഫിസുകളും ജീവനക്കാരുടെ എണ്ണം പരിമിതപ്പെടുത്തണം.

ആൾക്കൂട്ടം ഒഴിവാക്കണം

ജനിതകവ്യതിയാനം വന്ന വൈറസ് പല ഇടങ്ങളിലും സംസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്. അത്തരം മേഖലകൾ അടച്ചിടേണ്ടി വന്നു. ആൾക്കൂട്ടം ഉണ്ടാകുന്ന എല്ലാ പരിപാടികളും ഒഴിവാക്കണം. വാരാന്ത്യ ലോക്ക്ഡൗൺ സമാനനിയന്ത്രണങ്ങളോട് ജനങ്ങൾ നന്നായി സഹകരിച്ചു. ഈ നിയന്ത്രണം തുടരും. അവശ്യസർവീസുകൾ മാത്രമേ അന്നുണ്ടാകൂ. സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ ശനിയാഴ്ച അവധിയാകും. ഒന്നരവർഷമായി നമ്മൾ കൊവിഡിനൊപ്പം ജീവിക്കുന്നു. ഇത് തുടരേണ്ടി വരും

ഈ പ്രതിസന്ധിയില്‍ യോജിച്ച് നേരിടണം. ആദ്യഘട്ടത്തിൽ സർക്കാരും പ്രതിപക്ഷപാർട്ടികളും ജനവും ഒന്നിച്ച് കൊവിഡിനെ നേരിട്ടതിനാൽ രോഗവ്യാപനവും മരണവും നമുക്ക് കുറയ്ക്കാനായി. പ്രാദേശിക തെരഞ്ഞെടുപ്പ് കാലത്ത് ടിപിആർ 11% ആയിരുന്നു. 2021 മാർച്ചിൽ ടിപിആർ 3%-ത്തിലേക്ക് കുറയ്ക്കാൻ നമുക്കായി. എന്നാൽ പൊടുന്നനെയാണ് രണ്ടാം തരംഗമുണ്ടായത്. ടിപിആർ ഇപ്പോക്ഷ 20%-ത്തിന് മുകളിലാണ്. പ്രതിദിനകേസുകൾ കാൽലക്ഷം കടന്നു. അതിവേഗം പടരുന്ന വൈറസിന്‍റെ ബ്രിട്ടീഷ് വകഭേദവും മാരകമായ സൗത്താഫ്രിക്കൻ വകഭേദവും കേരളത്തിൽ കണ്ടെത്തിയിട്ടുണ്ട്.

യുകെ വകഭേദം കണ്ടെത്തിയത് വടക്കൻ ജില്ലകളിലാണ്. ഈ സാഹചര്യത്തിൽ നിയന്ത്രണം കർശനമാക്കിയേ തീരൂ. നാം അതീവജാഗ്രത പുലർത്തണം. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സർക്കാർ, സ്വകാര്യ വിദ്യാലയങ്ങളിലെ ക്ലാസുകൾ പൂർണമായും ഓൺലൈനാക്കി. ഹോസ്റ്റലുകളിൽ കർശനനിയന്ത്രണമാണ്. കൊവിഡ് ചട്ടം പാലിക്കാത്ത മാർക്കറ്റുകളും മാളുകളും പൂർണമായും അടയ്ക്കും. കൊവിഡ് വ്യാപനത്തോത് അനുസരിച്ച് ഈ അടച്ചിടൽ കൂടുതൽ ദിവസത്തേക്ക് വേണമെങ്കിൽ അത് തുടരും.

 രാത്രികാലനിയന്ത്രണത്തിൽ ഒരു ഒത്തുചേരലും പാടില്ല. എന്നാൽ അവശ്യസേവനങ്ങൾ, ആശുപത്രികൾ, മരുന്നുഷാപ്പുകൾ, മാധ്യമങ്ങൾ, പാൽവിതരണം എന്നിവയ്ക്ക് ഒഴിവ് നൽകിയിട്ടുണ്ട്. കടകളും ഹോട്ടലുകളും 7.30 വരെയാണ് പ്രവർത്തിക്കുന്നത്. അത് തുടരും. രാത്രി 9 മണി വരെ റസ്റ്റോറന്‍റുകൾക്ക് പാർസൽ നൽകാം. കടകളിൽ ആളുകൾ തമ്മിലുള്ള സമ്പർക്കം കുറയ്ക്കണം. കഴിയുന്നത്ര ഹോം ഡെലിവറി നടത്തണം. റേഷൻ കടകളുടെ പ്രവർത്തനസമയം ചുരുക്കുന്ന കാര്യം പരിശോധിക്കും. അതിഥിത്തൊഴിലാളികൾക്കായി എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറക്കും. അതിഥിത്തൊഴിലാളികൾ ഇപ്പോഴുള്ള ജില്ലകളിൽ തുടരട്ടെ. എല്ലാവർക്കും വാക്സീൻ സൗജന്യമായിരിക്കും.

വാക്സിൻ സൗജന്യം തന്നെ

സൗജന്യമായി വാക്സീൻ സംസ്ഥാനങ്ങൾക്ക് നൽകണമെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതി. ഇപ്പോൾ നിശ്ചയിച്ച വില അന്താരാഷ്ട്ര വിലയേക്കാൾ കൂടുതലാണെന്ന കാര്യവും പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. വാക്സിനേഷനിൽ 57,58,000 പേർക്ക് ഒരു ഡോസും, 10,39,000 പേർക്ക് രണ്ട് ഡോസും നൽകി. വാക്സീൻ ദൗർലഭ്യമുണ്ട്. 50 ലക്ഷം ഡോസ് അധികം വാക്സീൻ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതാണ് ലഭിച്ചിട്ടില്ല. വാക്സീൻ നേരിട്ട് വാങ്ങണമെന്ന കേന്ദ്രനിർദേശം അനുസരിച്ച് ഉദ്യോഗസ്ഥതലത്തിൽ നടപടികളെടുക്കുന്നു. ഇന്ത്യയിൽ വാക്സീൻ ഉത്പാദകരായ രണ്ട് കമ്പനികളുമായും ബന്ധപ്പെട്ടു.

ആദിവാസിമേഖലകളിൽ വാക്സീൻ ലഭ്യമാക്കാൻ നടപടികളെടുത്തു. 80 വയസ്സിന് മുകളിലുള്ളവർക്ക് വീട്ടിൽച്ചെന്ന് വാക്സീൻ നൽകുന്ന കാര്യം പരിശോധിക്കും. വയോധികർക്ക് ഇപ്പോൾത്തന്നെ പ്രത്യേക കൗണ്ടറുണ്ട്. തിരക്കൊഴിവാക്കാനും നടപടികൾ എടുത്തിട്ടുണ്ട്. രക്തബാങ്കുകളിൽ രക്തക്ഷാമത്തിന് സാധ്യതയെന്ന് പ്രതിപക്ഷനേതാവ് ചൂണ്ടിക്കാണിച്ചു. ആളുകൾ പൊതുവേ രക്തദാനത്തിന് തയ്യാറാകുന്നില്ല. 18-45 പ്രായപരിധിയിലുള്ളവർ വാക്സീൻ സ്വീകരിക്കുന്നതിന് മുമ്പ് രക്തദാനത്തിന് തയ്യാറാകണമെന്ന് സർക്കാർ അഭ്യർത്ഥിക്കുകയാണ്. വാക്സീൻ സ്വീകരിച്ചാൽ ഒരു മാസത്തേക്ക് രക്തദാനം പാടില്ല. അതിനാലാണ് നേരത്തേ രക്തദാനം നടത്താൻ അഭ്യർത്ഥിക്കുന്നത്. സന്നദ്ധ, യുവജനസംഘടനകൾ ഇതിൽ ഇടപെട്ട് നടപടികൾ എടുക്കണം.

സ്വകാര്യ ആശുപത്രികളിലെ ചികിത്സാനിരക്ക് ഏകീകരിക്കുന്നതിലടക്കം അവരുമായി നടത്തിയ ചർച്ചയിൽ അനുകൂലപ്രതികരണമാണുണ്ടായത്. വലിയ നിരക്ക് ഈടാക്കുന്നുവെന്ന പരാതി അതിന് ശേഷവും ഉയർന്ന് വരുന്നു. അക്കാര്യം സർക്കാർ പരിശോധിക്കും. സർക്കാർ ആശുപത്രികളിൽ ഓക്സിജൻ, വെന്‍റിലേറ്റർ, കിടക്കകൾ, ഐസിയു എന്നിവ ഒരുക്കാൻ സർക്കാർ സജ്ജമാണ്. കൃത്യമായി അവലോകനവും നടത്തുന്നുണ്ട്. ഇപ്പോൾ ഒരു കുറവും വന്നിട്ടില്ല. ജയിലുകളിൽ കൊവിഡ് വ്യാപിക്കുന്നത് കണക്കിലെടുത്ത് പ്രത്യേകപരോൾ നൽകണമെന്ന അഭ്യർത്ഥന പരിശോധിക്കും. എല്ലാവർക്കും വാക്സീൻ നൽകുന്നതിനാണ് മുൻഗണന. ആർടിപിസിആർ ഫലം വൈകുന്നത് പരിശോധിക്കും. മാസ് പരിശോധന നടത്തിയതിനാലാണ് ഫലം വൈകിയത്. ഇഎസ്ഐ ആശുപത്രികളെക്കൂടി കൊവിഡ് ചികിത്സാ പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യം പരിഗണിക്കും,.

ഉത്പാദന, നിർമാണമേഖലകൾ സ്തംഭിക്കരുത്. കൃഷി, വ്യവസായം, ഇടത്തരവ്യവസായം, പാലുൽപ്പാദനം, തൊഴിലുറപ്പ്, കുടിൽവ്യവസായം, നിർമാണപ്രവർത്തനം ഒന്നും സ്തംഭിക്കരുത്. കൊവിഡ് ചട്ടം പാലിച്ച് പ്രവർത്തിക്കണം.

കേരളം കടന്നു പോകുന്നത് ശക്തമായ രോഗ വ്യാപന ഘട്ടത്തിലൂടെ

2,32,812 രോഗികളാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഇതുവരെയുള്ളതിൽ ഏറ്റവും ശക്തമായ രോഗവ്യാപനമുള്ള ഘട്ടമാണിത്. ഉത്തരേന്ത്യയിലും മറ്റുമുള്ള അവസ്ഥ ഇവിടെയും വന്നേക്കാം. പുതിയ രോഗികളുടെ എണ്ണം കുറയണം. എങ്കിലേ ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും കുറയൂ. അതിതീവ്രചികിത്സ ആവശ്യമുള്ളവരുടെ എണ്ണം കുറയ്ക്കണം. ഇതിന് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം കുറയുകയെന്നത് പ്രധാനമാണ്. അങ്ങനെയെങ്കിൽ നമുക്ക് മരണനിരക്ക് കുറയ്ക്കാം. രോഗികളുടെ എണ്ണം കൂടുന്നതിന് ആനുപാതികമായി മരണസംഖ്യയും കൂടും. വീടുകൾക്കുള്ളിലും ഓഫീസുകളിലും കടമുറികൾക്കുള്ളിലും ജാഗ്രത വേണം. രോഗലക്ഷണമില്ല എന്ന് കരുതിയുള്ള അശ്രദ്ധ പോലും നമുക്ക് താങ്ങാനാകില്ല.

രോഗലക്ഷണങ്ങൾ പുറത്തുവരാത്ത പ്രീ സിംപ്റ്റോമാറ്റിക് ഫേസിലാണ് അതിതീവ്രവ്യാപനം നടക്കാറ്. നമ്മളറിയാതെ മറ്റുള്ളവരിലേക്ക് രോഗം പകരും. അതിനാൽ രോഗബാധിതനായ വ്യക്തി എത്ര ജാഗ്രത കാണിക്കുന്നോ അതുപോലെ എല്ലാവരും ജാഗ്രത കാണിക്കണം. കടകൾ നേരത്തേ അടയ്ക്കുന്നതും, രാത്രിയാത്രാനിയന്ത്രണങ്ങളും വാരാന്ത്യ ലോക്ക്ഡൗൺസമാന നിയന്ത്രണങ്ങളും ആൾക്കൂട്ടം പാടില്ല എന്ന് പറയുന്നതും ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല. സാഹചര്യത്തിന്‍റെ ഗൗരവം ജനങ്ങൾ മനസ്സിലാക്കാൻ കൂടിയാണ്. സമൂഹജാഗ്രതയുടെ നെടുനായകത്വം ജനങ്ങൾ തന്നെ ഏറ്റെടുക്കണം. അതിനാവശ്യമായ സാമൂഹ്യബോധമുള്ള ജനതയാണ് നമ്മൾ. അത് നമ്മൾ തെളിയിച്ചതാണ്. ഗൗരവം തിരിച്ചറിഞ്ഞ് നടപടികൾ സ്വീകരിക്കണം.- മുഖ്യമന്ത്രി പറഞ്ഞു.

നിതകവ്യതിയാനം വന്ന വൈറസ് വ്യാപനം ശക്തമായപ്പോഴാണ് രോഗവ്യാപനം കൂടിയ സംസ്ഥാനങ്ങളിൽ സ്ഥിതി ഗുരുതരമായത്. ഒരു തവണ രോഗം വന്നവർക്കും വീണ്ടും രോഗം വന്നുപോകുന്ന സ്ഥിതിയാണ്. എന്നിട്ടും ഇത്തവണ ഇത്ര ശക്തമായ രീതിയിൽ രോഗവ്യാപനമുണ്ടായി. പരമാവധി ആളുകൾക്ക് രോഗം വന്ന് മാറിയാൽ മഹാമാരിയെ മറികടക്കാമെന്ന പ്രചാരണങ്ങളെ നിരാകരിക്കുന്നതാണ് വസ്തുതകൾ. അത്തരം പ്രചാരണങ്ങൾക്ക് ആരും ചെവി കൊടുക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദില്ലി ഒരു പാഠം

മ്യൂട്ടന്‍റ് വൈറസുകളുടെ സാന്നിധ്യം ദില്ലിയിൽ ആഴ്ചകൾക്ക് മുമ്പേ എങ്ങനെയാണോ ഉണ്ടായിരുന്നത്, അത്തരം സാഹചര്യമാണ് കേരളത്തിൽ ഇപ്പോഴുള്ളത്. രോഗവ്യാപനം നമ്മൾ മുൻകൂട്ടി കാണണം. കടുത്ത പ്രതിരോധം വേണം. രോഗവ്യാപനം കൂടാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പൊതുസ്ഥലങ്ങളിൽ എല്ലാം രണ്ട് മാസ്കുകൾ ധരിക്കാവുന്നതാണ്. മാസ്കുകൾക്ക് മേൽ മാസ്കുകൾ ധരിക്കാൻ ശ്രമിക്കണം. ആൾക്കൂട്ടം ഒഴിവാക്കാൻ ടെസ്റ്റിംഗ് കേന്ദ്രങ്ങളിലും വാക്സിനേഷൻ കേന്ദ്രങ്ങളിലും ശ്രമിക്കണം. മാസ്ക് ധരിക്കുന്നതിനൊപ്പം സാമൂഹ്യാകലവും പാലിക്കണം. തട്ടുകടകളിലും ചായക്കടകളിലും സാമൂഹ്യാകലം പാലിക്കണം. ചട്ടം പാലിക്കാത്തവരെ കസ്റ്റഡിയിലെടുക്കും. അഡീ. എസ്പിമാരുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും സ്പെഷ്യൽ ടാസ്ക് ഫോഴ്സുകളുണ്ട്. ചന്ത, മാളുകൾ അടക്കം പൊതുസ്ഥലങ്ങളിൽ ഈ സംഘം പരിശോധന നടത്തും.

കഴിഞ്ഞ വർഷം കൊവിഡ് വ്യാപനം രൂക്ഷമായപ്പോൾ രോഗികൾ കൊവിഡ് സേഫ്റ്റിയെന്ന മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ നിർദേശിച്ചിരുന്നു. ക്വാറന്‍റൈൻ ലംഘിക്കുന്നവരെ കണ്ടെത്താൻ ഈ ആപ്പ് സഹായകമായിരുന്നു. കൊവിഡ് രോഗികൾ ഈ ആപ്പ് ഡൗൺലോഡ് ചെയ്യണം. ക്വാറന്‍റീൻ ലംഘിക്കുന്നവരെ  കണ്ടെത്താൻ ഈ ആപ്പ് പൊലീസിനെ സഹായിക്കും.

പഞ്ചായത്ത് തലത്തിൽ നിലവിലുള്ള റാപ്പിഡ് റെസ്പോൺസ് ടീം പ്രവർത്തനം ഫലവത്താക്കാൻ നിർദേശം നൽകി. ഈ ടീമിനുള്ള പൊലീസ് സഹായം കൂടുതൽ ഫലപ്രദമാക്കാൻ നടപടിയുണ്ടാകും. എല്ലാ സുരക്ഷാ മുൻകരുതലും സ്വീകരിച്ചുവേണം ജനങ്ങളുമായി ഇടപഴകാൻ എന്ന് പൊലീസിന് നിർദേശം നൽകി. പൊലീസ് സേനാംഗങ്ങൾ അസുഖബാധിതരാകുന്നുണ്ട്. ഈ സാഹചര്യത്തിൽ പൊലീസിന്‍റെ ക്ഷേമം ഉറപ്പാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കാൻ സ്റ്റേറ്റ് പൊലീസ് വെൽഫെയർ ഓഫിസർ കൂടിയായ ബറ്റാലിയൻ എഡിജിപിയെ ചുമതലപ്പെടുത്തി.

കൊവിഡ് അവലോകന യോഗത്തിൽ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു. രോഗികൾ കൂടുന്നത് മുൻകൂട്ടി കണ്ട് സൗകര്യങ്ങൾ കൂട്ടും. പരമാവധി ആശുപത്രികളിൽ ഓക്സിജൻ വെന്‍റുകളും വെന്‍റിലേറ്ററുകളും ഒരുക്കും. ഇതിനായി സിഎസ്ആർ ഫണ്ടുൾപ്പടെ ഉപയോഗിക്കും. ആരോഗ്യവകുപ്പിന് കീഴിലുള്ള കെട്ടിടങ്ങൾ പരമാവധി ഉപയോഗിക്കും. താൽക്കാലിക ജീവനക്കാരെ നിയമിക്കും. സംസ്ഥാനതലത്തിൽ ഇതിന് മോണിറ്ററിംഗ് ഉണ്ടാകും. തദ്ദേശസ്ഥാപനങ്ങളെ ഇത്തവണയും രോഗവ്യാപനം തടയാൻ സജ്ജമാക്കും. ഈ ഘട്ടത്തിൽ ഓരോ തദ്ദേശസ്ഥാപനത്തെയും സഹായിക്കാൻ അവിടത്തെ ജനകീയ പങ്കാളിത്തം കൂടുതൽ ശക്തമാക്കാൻ മുതിർന്ന ഉദ്യോഗസ്ഥരെ തദ്ദേശസ്ഥാപനങ്ങളിൽ നിയോഗിക്കും.

കൊവിഡ് പ്രതിരോധത്തിന് വൻജനകീയ പങ്കാളിത്തം വേണം. എല്ലാ തദ്ദേശസ്ഥാപനങ്ങളെയും ശക്തിപ്പെടുത്തും. എല്ലാ കാര്യങ്ങളും അവിടെത്തന്നെ കൈകാര്യം ചെയ്യാൻ പറ്റുന്ന തരത്തിൽ  ചികിത്സാസൗകര്യങ്ങളുണ്ടാകും. ഹെൽത്ത് സെന്‍ററുകളിലെയും സ്വകാര്യ ഡോക്ടർമാരും അടക്കം ഒരു ടീം ഇക്കാര്യം ഏകോപിപ്പിക്കാൻ ഉണ്ടാകും. പ്രൈമറി ഹെൽത്ത് സെന്‍ററുകളെ കൂടുതൽ ശക്തിപ്പെടുത്തും. കൊവിഡ് പ്രതിരോധത്തിന് ഹെൽപ്പ് ഡസ്ക് ഉണ്ടാകും. അത് ജില്ലാ തലത്തിൽ രൂപീകരിക്കും. ഏതെങ്കിലും രോഗിക്ക് ആശുപത്രി കാര്യങ്ങളുമായി ബന്ധപ്പെട്ട് വിവരങ്ങൾ തേടാൻ ഈ ഹെൽപ്പ് ഡസ്ക് ഉപകരിക്കും. ഒപ്പം കൗൺസിലിംഗിനായി മറ്റൊരു ഹെൽപ്പ് ഡസ്ക് കൂടിയുണ്ടാകും. അതിൽ യോഗ്യരായ കൗൺസിലർമാർ ഉണ്ടാകും.

നേരത്തേ ടെലിമെഡിസിൻ സംവിധാനം ശക്തിപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആളുകൾക്ക് വിളിക്കാൻ ജില്ലാതലത്തിൽ സംവിധാനമുണ്ടാകും. അതിൽ ഡോക്ടർമാർ തന്നെ വേണമെന്നില്ല. പുതിയ മെഡിക്കൽ വിദ്യാർത്ഥികളായാലും മതി. ബന്ധപ്പെട്ട ഡോക്ടറെ ബന്ധിപ്പിച്ച് കൊടുക്കലാണ് അവിടെ വേണ്ടത്. ഫീൽഡ് ലെവൽ പ്രവ‍ർത്തനങ്ങൾക്ക് പുതിയ ടീം വേണം. ഫീൽഡ് പ്രവർത്തനങ്ങൾക്ക് പ്രത്യേക ടീമിനെത്തന്നെ തയ്യാറാക്കണം. സന്നദ്ധപ്രവർത്തകരെക്കൂടി ഇതിൽ ഉപയോഗിക്കണം. ഇവരെ രണ്ട് തരത്തിൽ ഉപയോഗിക്കാം. ഒന്ന് കൊവിഡിതരസേവനം, രണ്ട്, കൊവിഡുമായി ബന്ധപ്പെട്ട സേവനപ്രവർത്തനങ്ങൾ.

50% ഉദ്യോഗസ്ഥർ ഓഫീസിൽ പോകുന്നില്ല. അവരെ ഇതിന് ഉപയോഗിക്കാം. ഒപ്പം നാട്ടിൽ അധ്യാപകരുണ്ട്. അവരെയും ഇക്കാര്യത്തിൽ ഉപയോഗിക്കാം, വൊളണ്ടിയർമാരുടെ രണ്ട് സംഘങ്ങൾ നന്നായി പ്രവർത്തിക്കണം. 50-60 വീടുകൾക്ക് ഒരു വളണ്ടിയർ എന്നാണ് ഉദ്ദേശിക്കുന്നത്. രോഗം കൂടിയവരെ വേറെ ഇടത്തേക്ക് മാറ്റാൻ ആംബുലൻസ് ഉൾപ്പടെ എത്തിക്കാൻ ഇവർക്ക് കഴിയണം. ഒപ്പം, ഈ വൊളണ്ടിയർ ആരോഗ്യരംഗത്തുള്ള ആരോഗ്യപ്രവർത്തകരുമായി ബന്ധം സൂക്ഷിക്കണം. വൊളണ്ടിയർക്ക് ആരോഗ്യവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകാനാണിത്.

തദ്ദേശസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ഹെൽത്ത് സിസ്റ്റം അങ്ങനെ ശക്തിപ്പെടും. അങ്ങനെ ഓരോ തദ്ദേശസ്ഥാപനത്തിനും ഓരോ മെഡിക്കൽ ടീമുണ്ടാകും. അവർ തീരുമാനങ്ങൾ ഫലപ്രദമായി എടുക്കണം. ഇത്തരം തീരുമാനങ്ങൾ യുദ്ധകാലടിസ്ഥാനത്തിൽ നടപ്പാക്കണം. 15,011 കേസുകളാണ് മാസ്ക് ധരിക്കാത്തതിന് 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്. 5662 കേസുകൾ സാമൂഹ്യാകലം പാലിക്കാത്തതിന് റജിസ്റ്റർ ചെയ്തു. ഒരു ദിവസം കൊണ്ട് 46,83,709 രൂപയാണ് പിഴയായി ഈടാക്കിയത്.

കർണാടകയിൽ നാളെ മുതൽ കർഫ്യൂ ആണ്. അതിന്‍റെ ഭാഗമായി പരിഭ്രാന്തരായി ആളുകൾ യാത്ര ചെയ്യരുത്. അത് ഒഴിവാക്കണം. എവിടെയാണോ അവിടെ തുടരണം. ഒപ്പം വയനാട്ടിൽ മാനന്തവാടിയിലെ ലാബ് ടെക്നീഷ്യൻ അശ്വതി കൊവിഡ് ബാധിച്ച് ഇന്ന് മരിച്ചു. അവരുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.  ആർടിപിസിആർ നിരക്ക് കുറയ്ക്കൽ - വാക്സീൻ വാങ്ങുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുന്നു. ആർടിപിസിആർ ടെസ്റ്റ് ന്യായമായ തുകയ്ക്ക് നൽകുന്ന കാര്യം സ്വകാര്യമേഖലയുമായി ബന്ധപ്പെട്ട് പരിശോധിക്കാം.

Follow Us:
Download App:
  • android
  • ios