Asianet News MalayalamAsianet News Malayalam

കേരളത്തിൽ ഇന്ന് 722 പേർക്ക് കൊവിഡ്, തിരുവനന്തപുരത്ത് 339 കൊവിഡ് കേസുകൾ, 481 പേർക്ക് സമ്പർക്കം വഴി രോഗം

സംസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം ശക്തമായി തുടരുന്നു. 

covid update cm press meet july 16
Author
Thiruvananthapuram, First Published Jul 16, 2020, 6:04 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനന്ന് 722 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 228 പേർ രോഗമുക്തി നേടി. ഇന്നതോടെ സംസ്ഥആനത്തെ ആകെ കൊവിഡ് കേസുകൾ 10,275 ആയി. ഇന്ന് 481 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 

മുഖ്യമന്ത്രിയുടെ വാക്കുകൾ - 
സംസ്ഥാനത്ത് കൊവിഡ് ബാധയുടെ കാര്യത്തിൽ ഇന്നലത്തേതിലും കുറച്ചുകൂടി വ്യത്യാസം. വേഗത്തിൽ മാറുന്നു. വർധനവാണ് രേഖപ്പെടുത്തിയത്. 700 കടന്നു. ഇന്ന് 722 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മാത്രമല്ല, ഇതേവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞിരിക്കുന്നു. 10275. രോഗം ബാധിച്ചവരിൽ 157 പേർ വിദേശത്ത് നിന്ന് വന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് 62. 481 പേർക്ക് സമ്പർക്കത്തിലൂടെ. ഉറവിടം അറിയാത്ത 34 രോഗികളുണ്ട്്. ആരോഗ്യപ്രവർത്തകർ 12, ബിഎസ്എഫ് 5, ഐടിബിപി മൂന്ന്.

ഇന്ന് രണ്ട് മരണം സംസ്ഥാനത്തുണ്ടായി. തൃശ്ശൂർ തമ്പുരാൻപടി സ്വദേശി അനീഷ്, കണ്ണൂർ മുഹമ്മദ് സലീഹ് എന്നിവരാണ് മരണപ്പെട്ടത്. അനീഷ് ചെന്നൈയിൽ എയർ കാർഗോ ജീവനക്കാരനാണ്. സലീഹ് അഹമ്മദാബാദിൽ നിന്ന് വന്നതായിരുന്നു. ചികിത്സയിലുണ്ടായിരുന്ന 228 പേർ ഇന്ന് രോഗമുക്തി നേടി. 

പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് -  തിരുവനന്തപുരം 337, കൊല്ലം 42, മലപ്പുറം 42, പത്തനംതിട്ട 39, കോഴിക്കോട് 33, തൃശ്ശൂർ 32, ഇടുക്കി 26, പാലക്കാട് 25, കണ്ണൂർ 23, ആലപ്പുഴ 20, കാസർകോട് 18, വയനാട് 13, കോട്ടയം 13.  ആകെ റിപ്പോർട്ട് ചെയ്ത 722 കേസിൽ 339-ഉം തിരുവനന്തപുരത്താണ്.

കഴിഞ്ഞ 24 മണിക്കൂറിനകം 16052 സാമ്പിൾ പരിശോധിച്ചു. 1,83,900 പേർ നിരീക്ഷണത്തിലുണ്ട്. 5432 പേർ ആശുപത്രികളിലാണ്. 804 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  5372 സംസ്ഥാനത്തെ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 2,68,128 സാമ്പിളുകൾ പരിശോധനക്കയച്ചു. 

 7797 സാമ്പിളിന്റെ ഫലം വരാനുണ്ട്. മുൻഗണനാ വിഭാഗത്തിലെ 85767 സാമ്പിളുകൾ ശേഖരിച്ചു. ഇതിൽ 81543 സാമ്പിളുകൾ നെഗറ്റീവാണ്. സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 271 ആയി ഉയർന്നു. നിലവിൽ സംസ്ഥാനത്ത് 10 ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകൾ ഉണ്ട്. ആകെ 84 ക്ലസ്റ്ററുകൾ ഉണ്ട്. ശ്രദ്ധയിൽപെടാതെ രോഗവ്യാപനം നടക്കുന്ന ഇടങ്ങളും സംസ്ഥാനത്തുണ്ടാകാൻ സാധ്യത. എല്ലായിടത്തെയും ആളുകളും അവിടെ രോഗികളുണ്ടെന്ന വിചാരത്തോടെ പ്രതിരോധ പ്രവർത്തനം നടത്തണം.

ശാരീരിക അകലം നിർബന്ധമായി പാലിക്കണം. കൈ കഴുകൽ, മാസ്ക് ധരിക്കൽ എന്നിവ ശരിയായ രീതിയിൽ പിന്തുടരണം. രോഗികളാകുന്നവരെയും കുടുംബാംഗങ്ങളെയും സാമൂഹികമായി അകറ്റി നിർത്താതിരിക്കാൻ ശ്രദ്ധിക്കണം. ആവശ്യമായ സഹായം നൽകണം. കമ്പോളങ്ങൾ,. വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് രോഗവ്യാപനം നടക്കുന്നു. പൊതുജനം കൂട്ടത്തോടെ എത്തുന്നത് ഒഴിവാക്കണം. ആളുകൾ എത്തുന്ന ഇടങ്ങളിൽ രോഗം പടർന്ന് പിടിക്കാതിരിക്കാനും അവശരായവരെ സംരക്ഷിക്കാനും മുൻഗണന നൽകണം. ബ്രേക് ദി ചെയ്ൻ പ്രചാരണം വിജയിപ്പിക്കാൻ എല്ലാവരും മുന്നോട്ട് വരണം.

എല്ലാ പഞ്ചായത്തിലും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് ഒരുക്കും. 100 കിടക്കകളുള്ള സംവിധാനം ഓരോ പഞ്ചായത്തിലും ഒരുക്കും. ഇതിന് വേണ്ട ആരോഗ്യപ്രവർത്തകരെയും കണ്ടെത്തും. ആരോഗ്യപ്രവർത്തകരെയാകെ അണിനിരത്തി പ്രതിരോധ പ്രവർത്തനം വിപുലീകരിക്കും. ഏത് നിമിഷവും സേവനം ലഭിക്കാൻ സേനയെ പോലെ സംവിധാനം ഉണ്ടാക്കും. എല്ലാ സംവിധാനങ്ങളെയും ഉപയോഗിക്കും. സ്വകാര്യ ആശുപത്രികളെയും ക്ലിനിക്കുകളെയും നല്ല തോതിൽ സഹകരിപ്പിക്കും. തദ്ദേശ സ്ഥാപനങ്ങൾ മുൻകൈ എടുക്കും. 

തിരുവനന്തപുരം ജില്ലയിൽ സമ്പർക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ഇന്ന് 301 പേർക്കാണ് രോഗബാധ. അഞ്ച് ആരോഗ്യപ്രവർത്തകർക്കും രോഗമുണ്ട്. ഉറവിടമറിയാത്ത 16 പേർ വേറെയും ഉണ്ട്. കഴിഞ്ഞ ദിവസം ഹൈപ്പർ മാർക്കറ്റിലെ 61 ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചു. 91 പേർക്കാണ് ഇന്നലെ അവിടെ പരിശോധന നടത്തിയത്. ഇതേ സ്ഥാപനത്തിലെ 81 സാമ്പിളുകൾ ഇന്ന് പരിശോധിച്ചപ്പോൾ 17 പേർക്ക് കൂടി പോസിറ്റീവാണെന്ന് കണ്ടെത്തി. 

ഗുരുതരമായ സാഹചര്യമാണ് അവിടെ. ഈ സ്ഥാപനത്തിൽ നിന്നും ഇനിയും ഫലം വരാനുണ്ട്. ജില്ലയിൽ വിവിധ പ്രദേശങ്ങളിൽ നിന്നും ദിവസേന നൂറ് കണക്കിന് പേരാണ് വന്നുപോയത്. ഇവരെ കണ്ടെത്തുന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഇവിടെ ജോലി ചെയ്യുന്നവർ ഏറെയും തമിഴ്നാട്ടുകാരാണ്. അതുകൊണ്ട് ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. സ്ഥാപനത്തിന് നിരവധി ബ്രാഞ്ചുകളുണ്ട്. കൂടുതൽ തമിഴ്നാട്ടുകാർ ജോലി ചെയ്യുന്ന മറ്റ് സ്ഥാപനങ്ങളും ഉണ്ട്. കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ പരിശോധന വർധിപ്പിച്ചുണ്ട്.

തലസ്ഥാന നഗരിയിലാണ് ഈ അനുഭവം. നിയന്ത്രണം പാലിക്കാതെ ആളുകൾ കടയിൽ ചെന്ന് സാധനം വാങ്ങുന്നതിനൊപ്പം കൊറോണയും വാങ്ങി തിരിച്ച് പോകുന്ന അവസ്ഥയാണ്. എല്ലാവരെയും ചിന്തിപ്പിക്കേണ്ട കാര്യമാണിത്. തലസ്ഥാനത്തിന്റ അനുഭവം മുൻനിർത്തി നടപടികൾ പുനക്രമീകരിക്കും. തലസ്ഥാനത്തെ ആർക്കൊക്കെ രോഗം ബാധിച്ചെന്ന് പരിശോധനയിലൂടെയേ വ്യക്തമാകൂ. ഈ ദിവസങ്ങളിൽ ഈ കടയിൽ പോയി തുണി വാങ്ങിയവർ ഉടൻ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ബന്ധപ്പെടണം. പരിശോധനയക്ക് സ്വയമേ മുന്നോട്ട് വരണം.

എറണാകുളത്ത് ഇന്ന് 57 പേർക്ക് രോഗം ബാധിച്ചു. ഇതിൽ പുറത്ത് നിന്ന് വന്നവർ ആറ് പേർ മാത്രമാണ്. 47 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായി. ജില്ലയിൽ മൂന്ന് സ്ഥലങ്ങളിൽ കൂടി കണ്ടെയ്ൻമെന്റ് സോണായി. എല്ലാ പഞ്ചായത്തിലും ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റാരംഭിക്കാൻ നിർദ്ദേശം നൽകി.

കോഴിക്കോട് രണ്ട് ദിവസങ്ങളിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. അയ്യായിരം പേർക്ക് ചികിത്സയ്ക്ക് സൗകര്യം ഒരുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ആലപ്പുഴയിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഒരുക്കാൻ ഓഡിറ്റോറിയങ്ങളും സ്കൂളുകളും കണ്ടെത്താൻ നിർദ്ദേശം നൽകി. ഐടിബിപി ക്യാംപിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജീകരിച്ചു.

തൃശ്ശൂരിലെ കുന്ദംകുളം നഗരസഭയിൽ എട്ട് ഡിവിഷൻ കൂടി കണ്ടെയ്ൻമെന്റ് സോണാക്കി. മലപ്പുറത്ത് രോഗം കൂടുന്നുയ. പൊന്നാനി താലൂക്കിൽ രോഗികൾ കൂടുതൽ. 130 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. നന്ദംമുക്ക്, തവനൂർ പഞ്ചായത്തുകളിലൊഴികെ കർശന നിയന്ത്രണം തുടരുന്നു. മത്സ്യത്തൊഴിലാളി, പെയിന്റിങ് തൊഴിലാളി, ആസ വർക്കർ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ഇവിടെ കൊവിഡ് കണ്ടെത്തി. നന്ദംമുക്കിലും തവനൂറിലും ആന്റിജൻ ടെസ്റ്റ് നടത്തി. തവനൂരിൽ ഒരാൾക്കാണ് രോഗം കണ്ടത്.

കോഴിക്കോട് സർവകലാശാലയിൽ സംസ്ഥാനത്ത് ഏറ്റവും സൗകര്യമുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഒരുക്കി. 1100 കിടക്കകളുണ്ട് വനിതാ ഹോസ്റ്റലിൽ. കൊല്ലത്ത് സമ്പർക്ക വ്യാപനം തടയാൻ 62 ചന്തകളും മത്സ്യ മാർക്കറ്റുകളും അടച്ചു. നാല് പഞ്ചായത്തകുകളിൽ കൂടി കണ്ടെയ്ൻമെന്റ് സോൺ. പരവൂർ നഗരസഭയിൽ ജാഗ്രത വർധിപ്പിച്ചു. കണ്ടെയ്ൻമെന്റ് സോണുകളിൽ ഡ്രോൺ ഉപയോഗിച്ച് പൊലീസ് നിരീക്ഷണം.

കാസർകോട് ഇന്നലെ മാത്രം സമ്പർക്കത്തിലൂടെ 55 പേർക്ക് രോഗം സ്ഥിരീകരിച്ചു. ചെങ്കള 26, മഞ്ചേശ്വരം 10, മധൂർ ഒൻപത്, കാസർകോട് മൂന്ന് എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് ആകെ 18 പേർക്കാണ് രോഗം. എട്ട് പേർക്ക് സമ്പർക്കത്തിലൂടെ. മൂന്ന് പേരുടെ ഉറവിടം അറിയില്ല. കടകളിലെ ജീവനക്കാർ ഗ്ലൗസ്, മാസ്ക്, സാനിറ്റൈസർ നിർബന്ധമായി ഉപയോഗിക്കണം. ചിലർ ഇത്  പാലിക്കുന്നില്ല. അത്തരക്കാരുടെ കടകൾ ഏഴ് ദിവസത്തേക്ക് അടക്കും. കുമ്പള മുതൽ തലപ്പാടി വരെ ദേശീയ പാതയുടെ ഇരുവശങ്ങളും മധൂർ, ചെർക്കള ടൗണുകളും കണ്ടെയ്ൻമെന്റ് സോൺ.

സർക്കാർ ഓഫീസുകളിലെ എല്ലാ യോഗങ്ങളും 14 ദിവസത്തേക്ക് നിർത്തി. കൊവിഡ് മഹാമാരിയെ നിസാരവത്കരിക്കുന്ന കുറച്ച് പേരെങ്കിലും നമുക്ക് ചുറ്റുമുണ്ട്. രോഗം വന്ന് മാറുന്നതാണ് നല്ലതെന്നും വിദേശത്ത് ആളുകൾ തിങ്ങിപ്പാർത്തിട്ടും കുഴപ്പമുണ്ടായില്ലെന്നും പ്രചാരണം നടക്കുന്നു. കാര്യമായ ജാഗ്രതയുടെ ആവശ്യമില്ലെന്നാണ് പ്രചാരണങ്ങളുടെ കാതൽ. ഇവർ പ്രധാനപ്പെട്ട വസ്തുത കാണുന്നില്ല. അല്ലെങ്കിൽ ആളുകളെ തെറ്റിദ്ധരിപ്പിച്ച് രോഗം വർധിച്ച് അതിൽ സായൂജ്യമടയാനാണ് ഇവരുടെ ശ്രമം.

കൊവിഡ് മരണസംഖ്യ കാര്യമായി ഉയരാതെ വളരെ ഫലപ്രദമായി പിടിച്ചുനിർത്താനായിട്ടുണ്ട്. പത്ത് ലക്ഷത്തിൽ എത്ര പേർ മരിച്ചെന്ന കണക്കാണ് മരണത്തിന്റെ വ്യാപ്തി മനസിലാക്കാനുള്ള അളവുകോൽ. യുഎഇയിൽ 34 ആണ് ഡെത്ത് പെർ മില്യൺ. ഈ തോതിലായിരുന്നെങ്കിൽ കേരളത്തിൽ ഇതിനോടകം മരണസംഖ്യ ആയിരം കവിഞ്ഞേനെ. കുവൈറ്റിലേതിന് സമാനമായി 93 ആയിരുന്നു റേറ്റ് എങ്കിൽ കേരളത്തിലെ മരണസംഖ്യ മൂവായിരം ആയേനെ. 

അമേരിക്കയിലെ കണക്കായിരുന്നെങ്കിൽ 14000ത്തിലേറെ പേർ കേരളത്തിൽ മരിച്ചേനെ. കേരള സമൂഹത്തിന്റെ ജാഗ്രതയുടെ ഫലമായി കേരളത്തിന്റെ ഡെത്ത് പെർ മില്യൺ ഒന്നിൽ കൂടാതെ പിടിച്ചുനിർത്താനായി.  മേൽപ്പറഞ്ഞ രാജ്യങ്ങളെക്കാൾ ജനസാന്ദ്രതയുള്ള പ്രദേശമാണ് കേരളം. ഇന്ത്യയിലെ ശരാശരി ജനസാന്ദ്രതയുടെ ഇരട്ടിയാണ് കേരളത്തിൽ.

കൊവിഡ് പ്രതിരോധ രംഗത്ത് പൊലീസ് മുൻപന്തിയിൽ നിന്ന് പ്രവർത്തിക്കുന്നു. എത്ര മുൻകരുതൽ സ്വീകരിച്ചാലും ഇവർക്ക് കൊവിഡ് ബാധിക്കുന്നു. എല്ലാ ജില്ലകളിലും പൊലീസുകാർക്ക് മാത്രമായി ക്വാറന്റീൻ കേന്ദ്രം ആരംഭിക്കും. ഭക്ഷണം അടക്കമുള്ള സൗകര്യം ഇവിടെ ലഭിക്കും. സമ്പർക്ക രോഗവ്യാപനം കൂടുന്ന സാഹചര്യത്തിൽ പൊലീസ് ബോധവത്കരണം ഏറ്റെടുക്കും. 75 പൊലീസ് സ്റ്റേഷനുകൾ ഇന്നലെ മുതൽ ശിശു സൗഹൃദമായി. ചിരിയെന്ന പദ്ധതി നടപ്പിലാാക്കാൻ തുടങ്ങി.

തിങ്കളാഴ്ച കർക്കിടക വാവാണ്. ബലിതർപ്പണത്തിന്റെ ദിവസം. ലക്ഷക്കണക്കിന് വിശ്വാസികൾ ബലിതർപ്പണം നടത്തും. കൊവിഡിന്റെ സാഹചര്യത്തിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്തണം. രോഗം വ്യാപനം ഉണ്ടാകുന്ന കൂടിച്ചേരൽ ഒഴിവാക്കണം. ചില പ്രധാന കേന്ദ്രങ്ങളിൽ ആളുകൾ കൂട്ടത്തോടെ എത്തിച്ചേരാറുണ്ട്. രോഗവ്യാപനത്തിന്റെ ഘട്ടത്തിൽ അത് വലിയ തോതിൽ പ്രയാസമുണ്ടാക്കും.
രോഗമുക്തി നേടിയ ചിലർക്ക് പാർശ്വഫലങ്ങളുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. വിശദമായ പഠനം നടത്തും. മാസ്ക് ധരിക്കാത്ത 5199 സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത്. പത്ത് പേർക്കെതിരെ ക്വാറന്റീൻ ലംഘനത്തിന് കേസെടുത്തു.

ഒരു കോടി വൃക്ഷത്തൈ നടുന്ന കാര്യത്തിൽ ആദ്യഘട്ടത്തിൽ വിജയിച്ചു. പരിപാലനം പ്രധാനം. തദ്ദേശ സ്ഥാപനങ്ങളും വകുപ്പുകളും ജാഗ്രത പുലർത്തും. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഇതിൽ സജീവമായി ഭാഗമാണ്. ബ്ലോക്ക് തലത്തിൽ നഴ്സറികൾ ഉണ്ടാക്കും. തദ്ദേശ സ്ഥാപനങ്ങൾക്കും ആവശ്യമായ ചെടികൾ ഉൽപ്പാദിക്കാനാവും. റെയിൻ ഷെൽട്ടറുകളുടെ നിർമ്മാണം ആഗസ്റ്റ് മാസത്തിൽ പൂർത്തീകരിക്കും. ആയിരം ഷെൽട്ടർ നിർമ്മിക്കാനാണ് ഉദ്ദേശിച്ചു. ആയിരം ഷെൽട്ടറും പൂർത്തീകരിക്കും. 285 പൂർത്തിയായി. 354 ആഗസ്റ്റ് 15 നുള്ളിലും 361 എണ്ണം ആഗസ്റ്റ് 31 ന് മുൻപും പൂർത്തിയാകും. നല്ല രീതിയിലുള്ളമാറ്റം കാർഷിക രംഗത്ത് ഇതിലൂടെ ഉണ്ടാകും

കിം 2020 പരീക്ഷ വിജയകരമായി പൂർത്തിയായി. എൻട്രൻസ് കമ്മീഷണറേറ്റ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, ഫയർ ഫോഴ്സ്, പൊലീസ്, അധ്യാപകർ തുടങ്ങി എല്ലാവരെയും അഭിനന്ദിക്കുന്നു. 336 പരീക്ഷാ കേന്ദ്രങ്ങളിൽ നാലായിരത്തോളം സന്നദ്ധ സേനാ പ്രവർത്തകർ പങ്കെടുത്തു. കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള മൂന്ന് വിദ്യാർത്ഥികളടക്കം സുരക്ഷിതമായി പരീക്ഷ എഴുതി.

സംസ്ഥാന വികസനത്തിന് മുതൽക്കൂട്ടാവുന്ന ഗെയ്ൽ പൈപ്പ് ലൈൻ അവസാന ഘട്ടത്തിൽ., രണ്ടാഴ്ചക്കുള്ളിൽ കൊച്ചിയിൽ നിന്ന് മംഗലാപുരത്തേക്ക് ഗ്യാസ് എത്തിക്കാൻ സാധിക്കും. ചന്ദ്രഗിരിപ്പുഴക്ക് കുറുകെ പൈപ്പ് സ്ഥാപിക്കാനാണ് ബാക്കിയുണ്ടായിരുന്നത്. ഉടൻ പൂർത്തിയാകും.

തിരുവനന്തപുരം രാമചന്ദ്ര ഹൈപ്പർ മാർക്കറ്റിന്റെ അനുഭവത്തിൽ ഇത്തരം സാഹചര്യം ഗൗരവമായി പരിശോധിക്കും. ഓരോ പ്രദേശമായാണ് രോഗവ്യാപനം നടക്കുന്നത്. അതൊരു പ്രത്യേക അന്തരീക്ഷത്തിലേക്കാണ് എത്തിയിരിക്കുന്നത്. സാമൂഹിക വ്യാപനത്തിലേക്കാണ് അവിടെ കാര്യങ്ങൾ എത്തുന്നത്. അവിടെ പൂർണ്ണമായ രീതിയിൽ കൊണ്ടുവരികയാണ്.

പ്രായം കുറഞ്ഞവർ മരിച്ചതുമായി ബന്ധപ്പെട്ട് വിശദമായ പഠനം വേണം. 14 ദിവസം നിരീക്ഷണം കഴിഞ്ഞ ശേഷമാണ് ഇവർക്ക് രോഗലക്ഷണം കണ്ടത്. ഒരാൾ അലോപ്പതി ചികിത്സയിലേക്ക് പോകാതെ മറ്റൊരു ചികിത്സ തേടി. പെട്ടെന്ന് ജീവൻ രക്ഷിക്കാൻ അലോപ്പതിയെ തന്നെ ആശ്രയിക്കുന്നതാണ് നല്ലതാവുക. ഒരാൾ ആ രീതിയിലാണ് മരണമടഞ്ഞത്. തൊട്ടടുത്തയാൾ വേറെ ചികിത്സയ്ക്ക് പോയില്ല. എന്നാൽ മരണമടഞ്ഞു. ഈ രണ്ട് സംഭവവും പരിശോധിക്കാൻ വിദഗദ്ധ സമിതിക്ക് നിർദ്ദേശം നൽകി.

ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സൗകര്യത്തിനായി കളക്ടർമാർക്ക് പത്ത് കോടി വീതം അനുവദിച്ചു. പഞ്ചായത്തുകൾക്ക് അവരുടെ പ്ലാൻ ഫണ്ടിൽ നിന്ന് ഇതിനായി പണം ഉപയോഗിക്കാം. രോഗവ്യാപനം പ്രതിരോധിക്കാൻ സ്വകാര്യ മേഖലയെ കൂടി ഉപയോഗിക്കും. പല തലത്തിൽ ചർച്ച കഴിഞ്ഞു. ചെറിയ ആശുപത്രികളെയടക്കം ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് കേന്ദ്രമാക്കും. അതിൽ പലതും ഇപ്പോൾ പ്രവർത്തിക്കുന്നില്ല. മറ്റ് പ്രധാനപ്പെട്ട ആശുപത്രികളുടെ ഒരു ഭാഗം കൊവിഡ് ട്രീറ്റ്മെന്റിന് വിട്ടുകൊടുക്കും. സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് പരിശീലനം നൽകാൻ ആരോഗ്യവകുപ്പ് നടപടി തുടങ്ങി.

ശിവശങ്കറുമായി ബന്ധപ്പെട്ട കാര്യം പരിശോധിക്കാൻ ചീഫ് സെക്രട്ടറിയും ധനകാര്യ വകുപ്പ് ചീഫ് സെക്രട്ടറിയും അടങ്ങിയ സമിതി റിപ്പോർട്ട് നൽകി. ശിവശങ്കറിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്യാൻ തീരുമാനിച്ചു. വകുപ്പുതല അന്വേഷണം തുടരും റിപ്പോർട്ടിലെ മറ്റ് കാര്യങ്ങൾ വിശദമായി മനസിലാക്കിയ ശേഷം പറയാം. ഓൾ ഇന്ത്യാ സർവീസിന് നിരക്കാത്ത കാര്യങ്ങൾ അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നുണ്ടായി. അങ്ങിനെയാണ് സസ്പെന്റ് ചെയ്യാൻ തീരുമാനിച്ചത് 

കേസിലെ പ്രതികളിലൊരാൾ വ്യാജരേഖ ചമച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്. സംസ്ഥാന പൊലീസാണ് അന്വേഷണം നടത്തുന്നത്. ബന്ധപ്പെട്ട സ്ഥാപനമാണ് പരാതി നൽകിയത്. സ്വർണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ടതാണ് പ്രധാന അന്വേഷണം. തീവ്രവാദ പ്രോത്സാഹനത്തിന് വേണ്ടി ഉപയോഗിച്ചോ എന്ന് കേന്ദ്ര ഏജൻസി അന്വേഷിക്കുന്നുണ്ട്. സംസ്ഥാന പൊലീസിന് ഇതിൽ ഒന്നും ചെയ്യാനില്ല. സംസ്ഥാന പൊലീസ് അന്വേഷിക്കുന്നത് സ്വപ്നയുടെ സർട്ടിഫിക്കറ്റ് വ്യാജമാണോയെന്നതാണ്. അതിന് സിബിഐ വേണ്ട. മറ്റേ കാര്യം കേന്ദ്രമാണ് അന്വേഷിക്കേണ്ടത്.

അരുൺ ബാലചന്ദ്രൻ എന്ന ഐടി ഫെലോ ഇപ്പോൾ നിലവിൽ സ‍ർവീസിൽ ഇല്ല. നാല് വർഷം അയാൾ സർവീസിൽ ഉണ്ടായിട്ടില്ല. ചില നിർദ്ദേശങ്ങളിുടെ ഭാഗമായി ഐടി വികസനത്തിന്റെ ഭാഗമായാണ് ഐടി ഫെലോ നിയമനം വന്നത്. അതുമായി ബന്ധപ്പെട്ട് വിവരങ്ങൾ പൂർണ്ണമായി പുറത്തുവരുന്ന മുറയ്ക്ക് നടപടിയെടുക്കും.പാലത്തായി കേസിൽ പൊലീസ് അന്വേഷണം പൂ‍ർത്തിയാക്കി ചാർജ്ഷീറ്റ് സമർപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഇനി കോടതിയാണ് നടപടിയെടുക്കേണ്ടത്. അതേക്കുറിച്ച് എനക്കൊന്നും പറയാൻ പറ്റൂല

Follow Us:
Download App:
  • android
  • ios