Asianet News MalayalamAsianet News Malayalam

ഇന്ന് 27487 കേസുകൾ; 65 മരണം സ്ഥിരീകരിച്ചു, രോഗമുക്തരുടെ എണ്ണത്തിൽ വലിയ വർധന

സംസ്ഥാനത്തെ 72 പഞ്ചായത്തുകളിൽ 50 ശതമാനത്തിനും 300-ലേറെ പഞ്ചായത്തുകളിൽ 30 ശതമാനത്തിനും മുകളിലാണ് ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റെന്ന് മുഖ്യമന്ത്രി പറഞ്ഞു.

covid update may 10 2021
Author
Thiruvananthapuram, First Published May 10, 2021, 5:38 PM IST

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 27,487 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3494, മലപ്പുറം 3443, തൃശൂര്‍ 3280, എറണാകുളം 2834, കോഴിക്കോട് 2522, പാലക്കാട് 2297, കൊല്ലം 2039, ആലപ്പുഴ 1908, കണ്ണൂര്‍ 1838, കോട്ടയം 1713, കാസര്‍ഗോഡ് 919, പത്തനംതിട്ട 450, ഇടുക്കി 422, വയനാട് 328 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 99,748 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 27.56 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,71,33,089 സാമ്പിളുകളാണ് പരിശോധിച്ചത്.

യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (115), സൗത്ത് ആഫ്രിക്ക (9), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 125 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 122 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 65 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5879 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 255 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 24,815 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2303 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 3231, മലപ്പുറം 3253, തൃശൂര്‍ 3249, എറണാകുളം 2699, കോഴിക്കോട് 2419, പാലക്കാട് 811, കൊല്ലം 2028, ആലപ്പുഴ 1906, കണ്ണൂര്‍ 1617, കോട്ടയം 1589, കാസര്‍ഗോഡ് 886, പത്തനംതിട്ട 415, ഇടുക്കി 407, വയനാട് 305 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

114 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 45, എറണാകുളം 14, തിരുവനന്തപുരം 12, കാസര്‍ഗോഡ് 11, തൃശൂര്‍ 9, വയനാട് 7, കൊല്ലം, പാലക്കാട് 5 വീതം, പത്തനംതിട്ട 4, മലപ്പുറം 2 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 31,209 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2696, കൊല്ലം 2280, പത്തനംതിട്ട 431, ആലപ്പുഴ 2071, കോട്ടയം 2054, ഇടുക്കി 376, എറണാകുളം 3999, തൃശൂര്‍ 2076, പാലക്കാട് 3526, മലപ്പുറം 3694, കോഴിക്കോട് 4995, വയനാട് 383, കണ്ണൂര്‍ 1803, കാസര്‍ഗോഡ് 825 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 4,19,726 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 15,04,160 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 9,89,991 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 9,56,932 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 33,059 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3580 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. ഒരു പ്രദേശത്തേയും ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടില്ല. നിലവില്‍ ആകെ 798 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

മുഖ്യമന്ത്രിയുടെ വാക്കുകൾ - 

സംസ്ഥാനത്തെ 72 പഞ്ചായത്തുകളിൽ 50 ശതമാനത്തിനും 300-ലേറെ പഞ്ചായത്തുകളിൽ 30 ശതമാനത്തിനും മുകളിലാണ് ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റെന്ന് മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്തെ 19 പഞ്ചായത്തുകളിൽ ടിപിആർ അൻപത് ശതമാനത്തിനും മുകളിലാണ്. കണ്ണൂർ, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. ഈ ജില്ലകളിൽ കൂടുതൽ ശക്തമായ പ്രതിരോധ പ്രവർത്തനം നടത്തേണ്ടതുണ്ട്. മറ്റ് ജില്ലകളിൽ രോഗം കുറയുന്നുണ്ട്. 

മെയ് 15 വരെ 450 മെട്രിക് ടൺ ഓക്സിജൻ ആവശ്യമായി വരുമെന്നാണ് ഇപ്പോഴത്തെ കണക്ക്. ഓക്സിജൻ വേസ്റ്റേജ് കുറയ്ക്കാൻ തീരുമാനിച്ചു. ചില കേസുകളിൽ ആവശ്യത്തിലധികം ഓക്സിജൻ ഉപയോഗിക്കുന്നുണ്ട്. അത് പരിശോധിക്കും. അതിനായി ടെക്നിക്കൽ ടീം എല്ലാ ജില്ലയിലും ഇത് പരിശോധിച്ച് നടപടിയെടുക്കും

കേന്ദ്രസർക്കാർ മൂന്ന് ഓക്സിജൻ പ്ലാന്റ് കൂടി അനുവദിച്ചു. ആരോഗ്യപ്രവർത്തകർ, ഡോക്ടർമാരും അധികമായി വേണം. കൂടുതൽ ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും താത്കാലികമായി നിയമിക്കും. വിരമിച്ച, അവധി കഴിഞ്ഞ ഡോക്ടർമാരെ ഇതിനായി ഉപയോഗിക്കും. ആരോഗ്യവകുപ്പ് ആരോഗ്യപ്രവർത്തകരുടെ അഭാവം ഉണ്ടാവാതിരിക്കാൻ അടിയന്തിര നടപടിയെടുക്കും. ഡോക്ടർമാരെയും നഴ്സുമാരെയും താത്കാലികമായി നിയമിക്കാം. പഠനം പൂർത്തിയാക്കിയവരെ സേവനത്തിന്റെ ഭാഗമാകണം.

സിഎഫ്എൽടിസികൾ, സിഎസ്എൽടിസികൾ, ഡിസിസികൾ ഇവ ഇല്ലാത്തിടങ്ങളിൽ ഉടൻ സ്ഥാപിക്കണം. വാർഡ് തല സമിതികൾ ശക്തമാക്കുന്നുണ്ട്. പൾസ് ഓക്സി മീറ്റർ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാൻ നടപടിയെടുക്കും. അതിന് എല്ലാ സാധ്യതയും തേടും. റംസാൻ പ്രമാണിച്ച് ഹോം ഡെലിവറി സൗകര്യം ശക്തമാക്കും. ഇതിന് കൊല്ലത്ത് പ്രത്യേക മൊബൈൽ ആപ്പ് രൂപപ്പെടുത്തിയിട്ടുണ്ട്. ആ മാതൃക സംസ്ഥാനത്താകെ വ്യാപകമാക്കുന്നത് നന്നാകും. മത്സ്യലേലത്തിന്റെ കാര്യത്തിൽ ആളുകൾ വല്ലാതെ ചിലയിടത്ത് കൂട്ടംകൂടുന്നു. അത് പൂർണമായി ഒഴിവാക്കി നേരത്തെയുണ്ടാക്കിയ ക്രമീകരണം തുടരാനാവണം. സംസ്ഥാന സർക്കാർ വാങ്ങാൻ തീരുമാനിച്ച ഒരു കോടി വാക്സീനിൽ മൂന്നര ലക്ഷം വാക്സീൻ ഇന്ന് സംസ്ഥാനത്തെത്തി. കൊവിഷീൽഡ് വാക്സീൻ

ഗുരുതര രോഗം ബാധിച്ചവർ, സന്നദ്ധ പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിങ്ങനെയുള്ള മുൻഗണനാ ഗ്രൂപ്പിനാണ് ആദ്യം വാക്സീൻ നൽകുക. നേരത്തെ ആ മുൻഗണനാ ക്രമം തീരുമാനിച്ചിട്ടുണ്ട്. 161 പഞ്ചായത്തിൽ ഇപ്പോൾ ജനകീയ ഹോട്ടലുകളില്ല. ഈ പഞ്ചായത്തുകളിൽ കമ്യൂണിറ്റി കിച്ചൺ ആരംഭിക്കേണ്ടി വരും. കുടുംബശ്രീ നേതൃത്വത്തിലും മറ്റും പ്രവർത്തിക്കുന്ന ജനകീയ ഹോട്ടൽ വഴി അവ പ്രവർത്തിക്കുന്നിടത്ത് ഭക്ഷണം നൽകും. കൊവിഡ് വ്യാപന ഘട്ടത്തിൽ ഒരു കാരണവശാലും ഭക്ഷണം കിട്ടാത്ത സ്ഥിതിയുണ്ടാകരുതെന്ന് നിർദ്ദേശം നൽകി.

കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ചെലവാകുന്ന തുക പഞ്ചാത്തുകൾക്ക് പ്ലാൻ ഫണ്ടിൽ നിന്ന് ഉപയോഗിക്കാം. അതിനുള്ള തദ്ദേശ വകുപ്പിന്റെ ഉത്തരവ് നിലവിലുണ്ട്. അതനുസരിച്ച് തദ്ദേശ സ്ഥാപനത്തിന് പണം ചെലവാക്കാം. പൈസ ഇല്ലാത്തത് കൊണ്ട് കാര്യങ്ങൾ ചെയ്യാനാവാത്ത അവസ്ഥയുണ്ടാകരുത്.

ലോക്ക്ഡൗൺ സമയത്ത് അനാവശ്യമായി പുറത്തിറങ്ങരുത്. അത്യാവശ്യ കാര്യങ്ങളുണ്ടാവും. മരണം പോലുള്ള കാര്യങ്ങൾക്ക് അനുമതി നൽകാൻ സംവിധാനമുണ്ട്. ലോക്ഡൗൺ നിയന്ത്രണം ശക്തമായി നടപ്പിലാക്കുന്നുണ്ട്. കൊവിഡ് വ്യാപനത്തിന്റെ ഗൗരവം ഉൾക്കൊണ്ടാണ് ജനം ക്രിയാത്മകമായി പ്രതികരിക്കുന്നു. ബഹുജനത്തിൽ നിന്ന് വലിയ സഹകരണം കിട്ടുന്നു. പൊലീസിന്റെ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. അവശ്യ സേവനങ്ങൾ തടസമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. അവശ്യ സാധനം വാങ്ങാൻ പുറത്തിറങ്ങാം. ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

ഇന്നലെ അവധി ദിനത്തിൽ 16878 പൊലീസുകാരെ ഇന്നലെയും ഇന്ന് 25000 പേരെയും നിരത്തിൽ നിയോഗിച്ചു. ലോക്ഡൗൺ നിയന്ത്രണം നടപ്പിലാക്കാൻ മുന്നിൽ നിൽക്കുന്ന പൊലീസുകാരിൽ പലരും രോഗബാധിതരാകുന്നുണ്ട്. നിലവിൽ 1259 പൊലീസ് ഉദ്യോഗസ്ഥരാണ് രോഗബാധിതർ. പരമാവധി പേരും വീടുകളിലാണ് കഴിയുന്നത്. അവർക്ക് വൈദ്യ സഹായം എത്തിക്കാൻ ആരോഗ്യവകുപ്പിന് നിർദ്ദേശം നൽകി.

തിരുവനന്തപുരം കൊച്ചി നഗരങ്ങളിൽ പൊലീസുകാർക്ക് പ്രത്യേക സിഎഫ്എൽടിസികൾ ഒരുക്കി. മറ്റ് ജില്ലകളിൽ ആവശ്യമുണ്ടെങ്കിൽ ഈ സൗകര്യം ഒരുക്കാൻ നിർദ്ദേശം നൽകി. കൊവിഡ് ഒന്നാം തരംഗത്തിൽ രോഗം പടരാതെ നോക്കുകയും രോഗികൾക്ക് മികച്ച ചികിത്സ ലഭ്യമാക്കാനും സാധിച്ചത് കൊണ്ടാണ് രോഗബാധ 11 ശതമാനം പേരിൽ ഒതുക്കാനും മരണനിരക്ക് കുറഞ്ഞ തോതിൽ നിലനിർത്താനുമായത്.

രണ്ടാം തരംഗം തീവ്രമാണ്. ശക്തമായി മുൻകരുതലും മാനദണ്ഡങ്ങളും നടപ്പാക്കണം. ഡബിൾ മാസ്കിങും എൻ95 മാസ്കിങ്ങും ശീലമാക്കണം. അകലം പാലിക്കണം, കൈകൾ ശുചിയാക്കാനും ശ്രദ്ധിക്കണം. അടഞ്ഞ സ്ഥലങ്ങളിലെ ആൾക്കൂട്ടവും അടുത്ത് ഇടപഴകലും എല്ലാം ഒഴിവാക്കണം. ആരോഗ്യ സംവിധാനങ്ങളുടെ കപ്പാസിറ്റി ഉയർത്തിയിട്ടുണ്ട്. ആ പ്രക്രിയ തുടരുന്നുണ്ട്. രോഗവ്യാപനം കൂടുതൽ കരുത്താർജ്ജിക്കുന്നു. 

അതീവ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ കൈകാര്യം ചെയ്യാൻ സാധിക്കാത്ത വിധത്തിലുള്ള സാഹചര്യം വരും. അതുകൊണ്ടാണ് ലോക്ക്ഡൗൺ നടപ്പാക്കിയത്. ഒന്നാമത്തെ ലോക്ക്ഡൗണും ഇപ്പോഴത്തെ ലോക്ഡൗണും തമ്മിൽ വ്യത്യാസമുണ്ട്. ആദ്യത്തേത് പ്രിവന്റീവ് ലോക്ഡൗണായിരുന്നു. സമൂഹവ്യാപനം ഒഴിവാക്കാനാണ് ശ്രമിച്ചത്. ഇപ്പോഴത്തേത് എമർജൻസി ലോക്ക്ഡൗണാണ്. രോഗബാധ ഇവിടെയുള്ള സമ്പർക്കം വഴിയാണ് കൂടുന്നത്. മരണം കുറയ്ക്കാനാണ് പ്രധാന ലക്ഷ്യം. ഈ ലോക്ഡൗണിന് നമ്മുടെ ജീവന്റെ വിലയാണെന്ന കാര്യം മറക്കരുത്. സ്വന്തം സുരക്ഷയ്ക്കും പ്രിയപ്പെട്ടവരുടെ നന്മയ്ക്കും ലോക്ഡൗൺ ഫലപ്രദമായി നടപ്പാക്കുമെന്ന് ഓരോരുത്തരും തീരുമാനിക്കണം.

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ചിലത് അമിത ഫീസീടാക്കുന്നെന്ന പരാതിയെ തുടർന്നും ഹൈക്കോടതി ഇടപെടലിനെ തുടർന്നും സ്വകാര്യ ആശുപത്രികളുമായി ചർച്ച ചെയ്താണ് കൊവിഡ് ചികിത്സാ നിരക്കും നിശ്ചയിച്ചത്. കാസ്പ് പദ്ധതി അംഗങ്ങൾക്കും സർക്കാർ റഫർ ചെയ്യുന്ന രോഗികൾക്കും സൗജന്യമായാണ് എംപാനൽ ചെയ്ത ആശുപത്രികളിൽ ചികിത്സ നൽകുന്നത്. ഇതിന്റെ നിരക്ക് നേരത്തെ നിശ്ചയിച്ചതാണ്. സ്വകാര്യ ആശുപത്രികളിൽ നേരിട്ടെത്തുന്ന മറ്റുള്ളവർക്കാണ് നിരക്ക് നിശ്ചയിച്ചത്.

ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് നിയമപ്രകാരം എല്ലാ ആശുപത്രികളും നിരക്കുകൾ ആശുപത്രിക്കകത്തും വെബ്സൈറ്റിലും പ്രദർശിപ്പിക്കണം. ബന്ധപ്പെട്ട ജില്ലാ മെഡിക്കൽ ഓഫീസർ പരാതി സ്വീകരിച്ച് നടപടിയെടുക്കും. ഏതെങ്കിലും ആശുപത്രി നിശ്ചയിച്ച നിരക്കിൽ കൂടുതൽ ഈടാക്കിയാൽ അവരിൽ നിന്നും ഡിഎംഒ പത്തിരട്ടി പിഴ ഈടാക്കും. ഇതിന് പുറമെ ജില്ലാ കളക്ടർമാർ തുടർ നടപടിയെടുക്കും. കൊവിഡ് ചികിത്സയ്ക്ക് എത്തുന്ന രോഗികളെ എല്ലാ സ്വകാര്യ ആശുപത്രികളും ഉടൻ പ്രവേശിപ്പിക്കണം. അഡ്വാൻസായി പ്രവേശന സമയത്ത് തുക ഈടാക്കരുത്. എല്ലാ ഉത്തരവും സർക്കുലറും മാർഗനിർദ്ദേശങ്ങളും കർശനമായി പാലിക്കണം.

കൊവിഡ് രണ്ടാം തരംഗം ഏൽപ്പിക്കുന്ന മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഒറ്റയ്ക്കല്ല ഒപ്പമാണ് എന്ന സൈക്കോ സപ്പോർട്ട് പ്രോഗ്രാം മുന്നോട്ട് കൊണ്ട്പോകും. ഓരോ ജില്ലയിലും മെന്റൽ ഹെൽത്ത് ടീമിന്റെ ഭാഗമായാണ് ഈ പ്രോഗ്രാം. സൈക്യാട്രിസ്റ്റുകൾ, സൈക്കോളജിസ്റ്റുകൾ, സോഷ്യൽ വർക്കർമാർ എന്നിവരടങ്ങിയ 1400 പേർ സംസ്ഥാനത്ത് പ്രവർത്തിക്കുന്നു. മാനസിക പ്രശ്നം ഉണ്ടെന്നു കണ്ടെത്തിയാൽ മനോ രോഗ വിദഗ്ദ്ധൻ സംസാരിക്കും. അവ‍ർക്ക് ആവശ്യമായ മരുന്നും നൽകും. 

നിലവിലെ സാഹചര്യത്തിൽ കൂടുതൽ പേരെ ഉൾപ്പെടുത്തി ഈ ടീം വിപുലീകരിക്കും. പോസിറ്റീവാകുന്നവരുടെ ലിസ്റ്റ് ടീമിന് കൈമാറും. ഓരോ വ്യക്തിയെയും നേരിട്ട് വിളിച്ച് അവരുടെ മാനസികമായ ബുദ്ധിമുട്ടും ആവശ്യങ്ങളും ചോദിച്ചറിയും. മാനസിക ബുദ്ധിമുട്ട് നേരിടുന്നെങ്കിൽ രണ്ടാമത്തെ കോളിൽ സൈക്യാട്രിസ്റ്റ് നേരിട്ട് സംസാരിച്ച് പരിഹാരം നിർദ്ദേശിക്കും. മരുന്ന് വേണമെങ്കിൽ പിഎച്ച്സി വഴി മരുന്നെത്തിക്കും. മറ്റ് ആവശ്യങ്ങൾ ഐസിഡിഎസ്, തദ്ദേശ സ്ഥാപനം എന്നിവ വഴിയും നിറവേറ്റാൻ ശ്രമിക്കും. കൊവിഡ് മുക്തരായവരെ 20 ദിവസത്തിന് ശേഷം പോസ്റ്റ് കൊവിഡ് ബുദ്ധിമുട്ടുണ്ടോയെന്ന് തിരക്കാനും നിർദ്ദേശം നൽകി. മാനസിക രോഗമുള്ളവർ, വയോജനങ്ങൾ, ഭിന്നശേഷിക്കാരായവരുടെ മാതാപിതാക്കൾ എന്നിവരെയും അങ്ങോട്ട് ബന്ധപ്പെടുന്നുണ്ട്. മദ്യാപാനാസക്തിയുള്ളവരുടെ കൗൺസിലിങും ഈ ടീം നടത്തുന്നുണ്ട്.

വിദ്യാലയങ്ങൾ അടഞ്ഞ് കിടക്കുന്നതിനാൽ സ്കൂൾ കുട്ടികളെയും ഈ ടീം ബന്ധപ്പെടുന്നുണ്ട്. 7.12 ലക്ഷം കുട്ടികളെ ഇതുവരെ വിളിച്ചു. 73723 കുട്ടികൾക്ക് കൗൺസിലിങ് നൽകുന്നുണ്ട്. ആരോഗ്യപ്രവർത്തകർക്കായി ഹെൽപ്ലൈൻ ആരംഭിച്ചു. 63000 കോളുകൾ ആരോഗ്യപ്രവർത്തകർക്കായി വിളിച്ചു. സംസ്ഥാന അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും സ്ട്രെസ് മാനേജ്മെന്റ് നടത്തുന്നുണ്ട്.

എല്ലാ ജില്ലകളിലും മാനസികാരോഗ്യ പരിപാടിയുടെ കീഴിൽ സൈക്കോ സോഷ്യൽ ഹെൽപ്ലൈൻ നമ്പർ ലഭ്യമാണ്. ദിശ ഹെൽപ്‌ലൈൻ 1056 ലും ബന്ധപ്പെടാം. 24 മണിക്കൂറും സേവനം ലഭിക്കും. കൊവിഡിന്റെ രണ്ടാം തരംഗത്തെ അതിജീവിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന നടപടികൾ വ്യക്തമാക്കി പ്രധാനമന്ത്രിക്ക് ഇന്ന് കത്തയച്ചു. കൊവിഡ് പ്രതിരോധത്തിൽ കേരളം എപ്രകാരം കേന്ദ്രവുമായി സഹകരിക്കുന്നുവെന്നും കത്തിൽ വിശദീകരിച്ചു. കേരളത്തിന് പുറത്ത് ആവശ്യമായ ഇടങ്ങളിലേക്കൊക്കെ കേരളം റംഡെസിവർ ലഭ്യമാക്കുന്നുണ്ട്. 

ഓക്സിജൻ ലഭ്യമാക്കാൻ കേരളം ശ്രദ്ധിച്ചു. 219 മെട്രിക് ടണ്ണാണ് നമ്മുടെ ഉൽപ്പാദനം. ഒട്ടും ചോരാതെയും അനാവശ്യ ഉപയോഗം ഇല്ലെന്നും ഉറപ്പാക്കി സ്റ്റോക്കിന്റെ ഉത്തമ ഉപഭോഗം സംസ്ഥാനത്ത് സാധ്യമാക്കി. ദേശീയ ഗ്രിഡിൽ സമ്മർദ്ദം ചെലുത്താത്ത വിധം കേരളത്തിലെ ബഫർ സ്റ്റോക്ക് 450 മെട്രിക് ടണ്ണാക്കിയത് മറ്റ് സംസ്ഥാനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് ആവശ്യാനുസരണം അയച്ചുകൊടുത്തു

കേരളത്തിന് അകത്തും പുറത്തുമുള്ള കൊവിഡ് രോഗികളെ കേരളം സഹായിക്കുന്നുണ്ട്. 86 മെട്രിക് ടൺ ഓക്സിജനാണ് ബഫർ സ്റ്റോക്ക് നിലവിലുള്ളത്. മെയ് 16 വരെ തമിഴ്നാടിന് 40 മെട്രിക് ടൺ ഓക്സിജൻ നൽകും. അതിന് ശേഷം കേരളത്തിന് പുറത്തേക്ക് കൊണ്ടുപോകാനാവില്ല. മെയ് 15 ഓടെ ആക്ടീവ് കേസ് ആറ് ലക്ഷമായി ഉയർന്നേക്കും. അങ്ങിനെ വന്നാൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യേണ്ടവരുടെ എണ്ണവും ഉയരും. അപ്പോൾ 450 മെട്രിക് ടൺ ഓക്സിജൻ വേണ്ടി വരും.

അടിയന്തിര ഘട്ടങ്ങളിൽ കേരളത്തിലേക്ക് മറ്റിടങ്ങളിൽ നിന്ന് ഓക്സിജൻ എത്തിക്കൽ വിഷമകരമാണ്. കേരളത്തിൽ പ്രതിദിനം ഉൽപ്പാദിപ്പിക്കുന്ന 219 മെട്രിക് ടൺ ഓക്സിജനും കേരളത്തിന് അനുവദിക്കണമെന്നും അതിലുമധികമായി വേണ്ടിവരുന്നത് സ്റ്റീൽ പ്ലാൻ്റുകളിൽ നിന്ന് ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടും.കേന്ദ്രം ക്രയോ ടാങ്കർ സമാഹരിച്ച് സംസ്ഥാനങ്ങൾക്ക് ലിക്വിഡ് ഓക്സിജൻ എത്തിക്കണമെന്നും അതിനായി ഓക്സിജൻ എക്സ്പ്രസ് ട്രെയിൻ ഓടിക്കണമെന്നും അഭ്യർത്ഥിച്ചു.

 കൊവിഡ് രോഗികളെ ചികിത്സിക്കാൻ കെഎംഎംഎൽ കൊവിഡ് ആശുപത്രി സജ്ജമാക്കും. ചവറ ഗവ ഹയർ സെക്കണ്ടറി സ്കൂളിലും ടൈറ്റാനിയം റിക്രിയേഷൻ ക്ലബ് പരിസരത്തുമാണ് ആശുപത്രി തയ്യാറാക്കുന്നത്. ആദ്യ ഘട്ടം ചവറ സ്കൂളിൽ തയ്യാറാക്കിയ 100 ബെഡുകൾ ഇന്ന് ആരോഗ്യവകുപ്പിന് കൈമാറി. കമ്പനിയിലെ ഓക്സിജൻ പ്ലാന്റിൽ നിന്ന് കൊവിഡാശുപത്രിയിലേക്ക് നേരിട്ട് ഓക്സിജൻ ലഭ്യമാക്കും. സ്കൂളിലെ പഴയ കെട്ടിടങ്ങളിൽ സജ്ജമാക്കുന്ന 170 കിടക്കകളും ഉടൻ കൈമാറും.

2020 ഒക്ടോബർ 10 ന് ഉദ്ഘാടനം ചെയ്ത പ്ലാന്റിൽ നിന്ന് ദിവസവും ഉൽപ്പാദിപ്പിക്കുന്ന 7 ടൺ വരെ ദ്രവീകൃത ഓക്സിജനാണ്. 1200 ടണോളം ഇതുവരെ ഉൽപ്പാദിപ്പിച്ചത് ആരോഗ്യവകുപ്പിന് വിതരണം ചെയ്തു. ഇവിടെ മൂന്ന് കോടി ചെലവാക്കി മെഡിക്കൽ ഓക്സിജൻ ഉൽപ്പാദനം പത്ത് ടണ്ണാക്കി വർധിപ്പിക്കാൻ അനുമതി നൽകി.

 മാസ്ക് ധരിക്കാത്ത 9938 പേർക്കെതിരെയും അകലം പാലിക്കാത്തതിന് 4680 പേർക്കെതിരെയും കേസെടുത്തു. പിഴയായി 3462200 രൂപയാണ് ഇക്കഴിഞ്ഞ ദിവസം ഈടാക്കിയത്. കേരളത്തിലേക്ക് കൊവിഡ് പ്രതിരോധ സാമഗ്രികൾ അയച്ചുതരാൻ പ്രവാസികൾ സന്നദ്ധരായി മുന്നോട്ട് വരുന്നുണ്ട്. അത് വളരെ നല്ല കാര്യമാണ്. ഇക്കാര്യത്തിൽ വിവിധ രാജ്യങ്ങളിൽ നിന്ന് ഏതെല്ലാം രീതിയിൽ സഹായം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നുണ്ട്. എല്ലാവരും ആ രീതിയിൽ ചിന്തിക്കണം.

വീടുകളിൽ നിന്ന് പുറത്തുപോയി മരുന്ന് വാങ്ങുന്നത് പ്രയാസകരമായിരിക്കും. ഇത് പരിഹരിക്കാൻ സംസ്ഥാന യുവജന ക്ഷേമ ബോർഡ് പ്രത്യേക സംഘത്തെ സജ്ജമാക്കി. ജില്ലാ കേന്ദ്രങ്ങളിൽ കോൾ സെന്ററുകളും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വളണ്ടിയർമാർ മരുന്നുകൾ വാങ്ങി വീട്ടിലെത്തിക്കും.


 ഓക്സിജൻ പ്രധാനമായി ലഭ്യമാകുന്നത് പാലക്കാട് നിന്നാണ്. അവിടെ നിന്ന് കേരളത്തിന്റെ ഓരോ ഭാഗത്തേക്കും എത്തിക്കാൻ പ്രയാസം ഉണ്ട്. അത് ലഘൂകരിക്കാൻ ശ്രമിക്കുന്നുണ്ട്. ഒരു ക്രമീകരണത്തിലൂടെയാണ് ആവശ്യത്തിന് ഓക്സിജൻ ഉണ്ടെന്ന് പറയുന്നത്. ഇടവിട്ട് ആശുപത്രികളിൽ നിന്ന് റിപ്പോർട്ട് സ്വീകരിക്കുന്നുണ്ട്.

പിരിച്ചുവിടൽ ഇത്തരമൊരു ഘട്ടത്തിൽ മറ്റ് സ്ഥലം മാറ്റങ്ങൾ ഒഴിവാക്കണമെന്ന് ബാങ്കുകളടക്കമുള്ളവരോട് അഭ്യർത്ഥിച്ചിരുന്നു. സ്ഥാപനമേതെന്ന് കണ്ടാൽ നടപടി സ്വീകരിക്കാം.സേവാഭാരതി വാഹന പരിശോധന ഒരു സന്നദ്ധ സംഘടനയ്ക്കും ഔദ്യോഗിക സംവിധാനത്തിനൊപ്പം നിന്ന് പരിശോധിക്കാൻ അനുവാദം ഇല്ല. സന്നദ്ധ സംഘടനകൾ ഒരുപാടുണ്ട്. എന്നാൽ സർക്കാർ തന്നെ സന്നദ്ധ സേനയെ രൂപീകരിച്ചിട്ടുണ്ട്. അവർക്കാണ് ഇത്തരത്തിൽ പോകാൻ അനുമതി. രാഷ്ട്രീയ പിന്തുണ പ്രദർശിപ്പിച്ച് ഇതിൽ പ്രവർത്തിക്കേണ്ട.

 കെജിഎംഒഎ നൽകുന്ന നിർദ്ദേശങ്ങൾ സ്വാഭാവികമാണ്. അതിനാവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. സംഘടനകളെല്ലാം നല്ല രീതിയിൽ സഹകരിക്കുന്നുണ്ട്. വാക്സീൻ ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവർക്കും കിട്ടും. മുൻഗണനാ ക്രമം നിശ്ചയിച്ചിട്ടുണ്ട്. ഏതെങ്കിലും വിഭാഗത്തിന് പ്രത്യേക പ്രശ്നം ഉണ്ടേൽ പ്രത്യേകമായി പരിശോധിക്കാം

Follow Us:
Download App:
  • android
  • ios