Asianet News MalayalamAsianet News Malayalam

വാക്സിന് കേരളം തയ്യാർ, സംസ്ഥാനത്തെ നാല് ജില്ലകളിൽ ഡ്രൈറൺ പൂർത്തിയായി

സംസ്ഥാനത്തെ നാല് ജില്ലകളിലാണ് കൊവിഡ് ഡ്രൈ റൺ നടക്കുന്നത്. വിജയിച്ചാൽ ഈ ആഴ്ച തന്നെ വാക്സിൻ വിതരണം ചെയ്യാനുള്ള അനുമതി നൽകും. രാജ്യത്താകെ ഇന്ന് 116 ജില്ലകളിലെ 359 കേന്ദ്രങ്ങളിലാണ് വാക്സിൻ ഡ്രൈ റൺ നടക്കുന്നത്.

covid vaccine dry run started in kerala live updates
Author
Thiruvananthapuram, First Published Jan 2, 2021, 9:32 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ജില്ലകളിലായി കൊവിഡ് വാക്സിൻ ഡ്രൈ റൺ നടന്നു. രാവിലെ 9 മണി മുതൽ 11 മണി വരെയാണ് ഡ്രൈറൺ നടന്ത്നത്. സംസ്ഥാനത്തെ ആറ് ആശുപത്രികളിലായി 150 ആരോഗ്യപ്രവർത്തകർക്കാണ് റിഹേഴ്സലിന്‍റെ ഭാഗമായി വാക്സിൻ നൽകുന്ന പ്രക്രിയ നടത്തിയത്ത്. തിരുവനന്തപുരത്ത് ആരോഗ്യമന്ത്രി കെ കെ ശൈലജ നേരിട്ട് ഈ പരിശീലനപരിപാടിക്ക് മേൽനോട്ടം വഹിച്ചു. 

യഥാർത്ഥത്തിൽ കൊവിഡ് വാക്സിൻ വിതരണം ചെയ്യുന്നതിന്‍റെ ഒരു പരിശീലനമാണ് ഡ്രൈറൺ. മോക്ഡ്രിൽ അഥവാ റിഹേഴ്സൽ പോലെ, വാക്സിൻ വിതരണത്തിനുള്ള പ്രക്രിയ ഒരു തവണ പരിശീലിച്ചുനോക്കുകയാണ് ഡ്രൈറണ്ണിൽ ചെയ്യുന്നത്. യഥാർത്ഥത്തിൽ ഇവർക്ക് വാക്സിൻ നൽകുന്നില്ല. വാക്സിൻ നൽകാൻ സിറിഞ്ച് ഉപയോഗിച്ച് ഒരു പരിശീലനം അഥവാ ആവിഷ്കാരം മാത്രമാണ് നടക്കുന്നത്. 

വാക്സിൻ വിതരണത്തിന് ആദ്യം തെരഞ്ഞെടുക്കപ്പെടുന്നവർ ആരോഗ്യപ്രവർത്തകരാണ്. സംസ്ഥാനത്ത് ആരോഗ്യപ്രവർത്തകരുടെ പട്ടിക ജില്ലാ അടിസ്ഥാനത്തിൽ നേരത്തേ തന്നെ ശേഖരിച്ചിരുന്നതാണ്. അവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 150 ആരോഗ്യപ്രവർത്തകർക്കാണ് വാക്സിൻ നൽകുന്ന പ്രക്രിയ പരിശീലിക്കുന്നത്. 

വാക്സിൻ ശീതികരണസംവിധാനങ്ങൾ അടക്കമുള്ളവ സംസ്ഥാനത്ത് തയ്യാറാക്കിയിട്ടുണ്ട്. വാക്സിൻ വിതരണത്തിന്‍റെ ആദ്യഘട്ടത്തിനായി കേരളം തയ്യാറെടുത്തുകഴിഞ്ഞു. മൂന്ന് വലിയ റീജ്യണൽ സംഭരണകേന്ദ്രങ്ങൾ നമുക്കുണ്ട്. 14 ജില്ലകളിൽ വാക്സിൻ സംഭരണശാലകളുണ്ട്. വിപുലമായ വാക്സിനേഷൻ നടക്കുമ്പോൾ, കൂടുതൽ ശീതികരണസംവിധാനങ്ങൾ കേരളത്തിന് വേണ്ടി വരും. 

വാക്സിൻ എടുക്കാൻ തെരഞ്ഞെടുക്കപ്പെട്ടവർ ആദ്യം റജിസ്ട്രേഷൻ കൗണ്ടറിലെത്തണം. എപ്പോൾ വാക്സിൻ എവിടെ വച്ച് നൽകുമെന്ന കാര്യം തെരഞ്ഞെടുക്കപ്പെട്ടവർക്ക് എസ്എംഎസ് വഴി വിവരം നൽകിയിട്ടുണ്ടാകും. അവർ നേരെ വാക്സിൻ വിതരണം ചെയ്യുന്ന ആശുപത്രിയിലെത്തി, സാമൂഹിക അകലം പാലിച്ച്, കൈ സാനിറ്റൈസ് ചെയ്ത് ശുദ്ധമാക്കിയ ശേഷം റജിസ്ട്രേഷൻ കൗണ്ടറിലെത്തി, പേരും വിവരങ്ങളും നൽകണം. നേരത്തേ തയ്യാറാക്കിയ ഡാറ്റാബേസിലെ വിവരങ്ങൾ വന്നയാളുടെ വിവരങ്ങളുമായി ഒത്തുനോക്കി, എല്ലാം ശരിയാണെന്ന് ഉറപ്പാക്കിയ ശേഷം വന്നയാളെ അകത്തേക്ക് കൊണ്ടുപോകും. 'കൊവിൻ' എന്ന പോർട്ടലിലെ വിവരങ്ങളും ആധാറിലെ വിവരങ്ങളും തമ്മിലാണ് ഒത്തുനോക്കുന്നത്. 

ആദ്യം വാക്സിനേഷൻ മുറിയാണ്. അവിടെ വച്ച് വാക്സിൻ നൽകിയ ശേഷം ഇയാളെ നിരീക്ഷണത്തിനായി ഒബ്സർവേഷൻ മുറിയിലേക്ക് മാറ്റും. അവിടെ രണ്ട് മണിക്കൂർ അവരെ നിരീക്ഷണത്തിൽ വയ്ക്കണം. എന്തെങ്കിലും ശാരീരികാവശതകൾ ഇവർക്ക് അനുഭവപ്പെട്ടാൽ അവരെ ചികിത്സയ്ക്കായി തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റണം. ഇതിനായി തൊട്ടടുത്ത് ആശുപത്രികൾ നേരത്തേ തന്നെ കണ്ടെത്തി വയ്ക്കണം. 

ഇനി ശാരീരികാവശതകൾ ഒന്നുമില്ലെങ്കിൽ അവർക്ക് വീട്ടിലേക്ക് മടങ്ങാം. കയറി വരുന്ന വഴിയിലൂടെ ഇറങ്ങാനാകില്ല. മറ്റൊരു വഴിയിലൂടെ വേണം ഇവർ പുറത്തേക്ക് പോകേണ്ടത്. 

കൊവിഡ് ഡ്രൈറണ്ണിന്‍റെ തത്സമയസംപ്രേഷണം കാണാം:

Follow Us:
Download App:
  • android
  • ios