കൊച്ചി: വേനൽക്കാലത്ത് ഏറ്റവും അധികം വിൽപ്പനയുണ്ടായിരുന്ന ഒന്നാണ് പൊട്ടുവെള്ളരികൾ. എന്നാൽ ലോക് ഡൗണായതോടെ പൊട്ടുവെള്ളരി കര്‍ഷകർ ദുരിതത്തിലായിരിക്കുകയാണ്. പൊട്ടുവെള്ളരി കൃഷി ഏറെയുള്ള ആലുവ, വടക്കൻ പറവുർ മേഖലകളിൽ വിളവെടുപ്പിന് പാകമായവ വിൽക്കാനാകാതെ കൃഷിയിടത്തിൽ തന്നെ കിടന്ന് നശിക്കുകയാണ്.

ലോക് ഡൗണിന് മുമ്പ് ഒരു കിലോ പൊട്ടുവെള്ളരിക്ക് 25 രൂപ വരെ കർഷകർക്ക് ലഭിച്ചിരുന്നു. ഇന്ന് വിളവെടുത്ത് കടകളിൽ എത്തിച്ചാലും കച്ചവടം കുറവായതിനാൽ കടക്കാർ എടുക്കുന്നില്ല. ഇതോടെ ടണ്‍ കണക്കിന് പൊട്ടുവെള്ളരികൾ കൃഷിയിടങ്ങളിൽ കിടന്ന് നശിക്കുകയാണ്. ആവശ്യക്കാര്‍ ഇല്ലാത്തതിനാൽ പൊട്ടുവെള്ളരികൾ കന്നുകാലികള്‍ക്ക് തീറ്റയായി നൽകുകയാണ്. 

ഭുമി പാട്ടത്തിനെടുത്താണ് പലരും കൃഷി ഇറക്കിയത്. ലക്ഷങ്ങളുടെ നഷ്ടം ഇതോടെ കര്‍ഷകര്‍ക്കുണ്ടായി. പൊട്ടുവെള്ളരിക്ക് പുറമേ സാലഡ് വെള്ളരിയും പച്ചക്കറി തോട്ടങ്ങളിൽ കിടുന്നു നശിക്കുകയാണ്. പയർ, വെണ്ട, ചീര, തുടങ്ങിയ മറ്റ് പച്ചക്കറികളുടെയും വിൽപ്പനയിൽ കാര്യമായ ഇടിവാണ് ഉണ്ടായിരിക്കുന്നത്.