തിരുവനന്തപുരം: ലൈഫ് മിഷൻ അന്വേഷണത്തിൽ നിയമസഭയുടെ അവകാശങ്ങളെ ലംഘിച്ചിട്ടില്ലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. നിയമസഭ സെക്രട്ടറി നൽകിയ നോട്ടീസിനാണ് ഇഡി മറുപടി നൽകിയത്. അന്വേഷണത്തിന്റെ ഭാഗമായി ഫയലുകൾ വിളിച്ചു വരുത്താൻ ഇ.ഡിക്ക് നിയമാനുസരണം അധികാരമുണ്ട്. അന്വേഷണത്തിൽ ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടു. ഈ അന്വേഷണ ഭാഗമായാണ് വിവരങ്ങൾ ശേഖരിച്ചതെന്ന് ഇഡി വ്യക്തമാക്കി. 

ലൈഫ് പദ്ധതിയിലെ ഫയലുകൾ ആവശ്യപ്പെട്ട കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് കേരളാ നിയമസഭാ എത്തിക്സ് ആൻറ് പ്രിവിലേജ് കമ്മിറ്റി നോട്ടീസ് നൽകിയിരുന്നു. ജയിംസ് മാത്യു എംഎൽഎയുടെ പരാതിയിലാണ് വിഷയത്തിൽ എൻഫോഴ്സ്മെന്റിനോട് കേരള നിയമസഭാ എത്തിക്സ് കമ്മിറ്റി വിശദീകരണം തേടിയത്.

ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ആവശ്യപ്പെട്ട അന്വേഷണ ഏജൻസിയുടെ നീക്കം അവകാശ ലംഘനമാണെന്നായിരുന്നു ജയിംസ് മാത്യുവിന്റെ  പരാതി. ലൈഫ് പദ്ധതിയിലെ ഇഡി ഇടപെടൽ മൂലം പദ്ധതി സ്തംഭനാവസ്ഥയിലാണെന്നും ജയിംസ് മാത്യു നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.