'എന്താണ് തെറ്റ്? ആര്‍ക്കാണ് ആശങ്ക? ആരാണ് ഭയപ്പെടുന്നത്?'; 'ആദിമം പരിപാടി' ചര്‍ച്ചകളില്‍ ഇപി ജയരാജന്‍
ആദിവാസി ഗോത്രവിഭാഗങ്ങള്‍, ദളിത് ജനവിഭാവങ്ങള്‍, പിന്നോക്കക്കാര്‍ എന്നിവരെയെല്ലാം പൊതുധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത് ഇടതുപക്ഷമാണെന്ന് ഇപി ജയരാജൻ.
തിരുവനന്തപുരം: കേരളീയത്തിലെ ആദിമം പരിപാടിയെ സംബന്ധിച്ച് ചിലര്‍ സംഘടിതമായി വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കേരളീയത്തിലെ പൊതുജന പങ്കാളിത്തം കണ്ട് സഹിക്കാനാകാത്ത ചിലര്‍, അടിസ്ഥാനരഹിതമായി കാര്യങ്ങള്‍ ഉന്നയിച്ച് ആദിവാസി വിരോധം വളര്‍ത്താനും ആദിവാസി സമൂഹത്തെ പ്രകോപിപ്പിക്കാനും വലിയ പരിശ്രമങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയത്. ആദിവാസികളുടെ കലകളും ജീവിത രീതികളും അവതരിപ്പിക്കാന്‍ ഒരുക്കിയ അവസരത്തെ ദുഷ്പ്രചരണങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ ആദിവാസി ഗോത്ര സമൂഹത്തെ അപമാനിക്കുകയും അവഹേളിക്കുകയുമാണ് ചെയ്യുന്നതെന്നും ഇപി ജയരാജന്‍ പറഞ്ഞു.
ആദിവാസി വിഭാഗത്തെ കൈപിടിച്ചുയര്‍ത്തി, കാലഘട്ടത്തിനനുസരിച്ച് പൊതുസമൂഹത്തിന്റ മധ്യത്തിലേക്ക്, ഉന്നതിയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഇന്നും വന്യമൃഗങ്ങളോട് പോരടിച്ച് വളരേണ്ട സ്ഥിതി പല ഗോത്രവിഭാഗങ്ങള്‍ക്കുമുണ്ട്. അതെല്ലാം ഭൂതകാല ചരിത്രത്തിന്റെ തുടര്‍ച്ചയാണ്. ഇവയെല്ലാം പൊതുസമൂഹത്തെ പഠിപ്പിക്കുന്നതില്‍ എന്താണ് തെറ്റുള്ളത്. ഭൂതകാല ചരിത്രത്തെ കേരളത്തെ ഓര്‍മിപ്പിക്കുന്നതില്‍ ആര്‍ക്കാണ് ആശങ്ക. ചരിത്രം പഠിപ്പിക്കുമ്പോള്‍ ആരാണ് അതിനെ ഭയപ്പെടുന്നതെന്നും ഇപി ജയരാജന്‍ ചോദിച്ചു.
ഇപി ജയരാജന്റെ കുറിപ്പ്: ആദിമ ചരിത്രവും സംസ്‌കാരവും ആരെയാണ് അലോസരപ്പെടുത്തുന്നത്? കേരളീയം പരിപാടിയുടെ ഭാഗമായി ഫോക്ലോര്‍ അക്കാദമി അവതരിപ്പിച്ച കേരളത്തിന്റെ പൂര്‍വകാല ചരിത്രവും കലയും സംസ്‌കാരവും പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ച ആദിമം എന്ന പരിപാടിയെകുറിച്ച് ചിലയാളുകള്‍ സംഘടിതമായി വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തിന്റെ വനമേഖലയില്‍ നുറ്റാണ്ടുകള്‍ക്ക് മുന്‍പ് ജീവിച്ചിരുന്ന ആദിവാസി സമൂഹത്തിന്റെ ചരിത്രത്തെയും കലകളേയും ഉള്‍പ്പെടുത്തി അവരുടെ ജീവിതത്തെ പ്രമേയമാക്കി അവതരിപ്പിച്ച കലാ സാംസ്‌കാരിക പരിപാടികളും ജീവിത ചുറ്റുപാടുകളും രീതികളും പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനെ മോശമായി ചിത്രീകരിക്കാന്‍ ചിലകോണുകില്‍ നിന്ന് ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിന് ചില മാധ്യമങ്ങളും കേരളീയം പരിപാടിയെ തുടക്കം മുതല്‍ അധിക്ഷേപിച്ചുകൊണ്ടിരിക്കുന്ന ചിലരും രംഗത്ത് വരികയുണ്ടായി. നവമാധ്യമ രംഗങ്ങളിലൂടെ ഈ ഭൂതകാല ചരിത്രം പൊതുസമൂഹത്തില്‍സ എത്തിക്കുന്നത് ആ ജനവിഭാഗത്തെ അപമാനിക്കുകയാണ് എന്ന് വരുത്തിത്തീര്‍ക്കുന്നതിനുള്ള കൊണ്ടുപിടിച്ച പരിശ്രമം നടക്കുകയുണ്ടായി. പക്ഷേ ഇതൊന്നും ജനങ്ങള്‍ക്ക് മുന്നില്‍ വിലപ്പോയില്ല.
കേരളീയം പരിപാടി തുടങ്ങുന്നതിന് മുന്നെ തന്നെ ഇതിന്റെ കുറവുകളും കുറ്റങ്ങളും കണ്ടുപിടിക്കാന്‍ ഗവേഷണം നടത്തി. ഭൂതക്കണ്ണാടിയുമായി കേരളീയം പരിപാടി ആരംഭിച്ച ശേഷം വ്യത്യസ്ത വേദികളിലും ജനങ്ങള്‍ക്കിടയിലുമെല്ലാം നടന്നുനോക്കി. എന്നാല്‍ അവര്‍ക്ക് നിരാശപ്പെടേണ്ടി വന്നു. എല്ലാ വേദികളിലും വന്‍ ജനക്കൂട്ടവും കലാ ആസ്വാദകരേയും കൊണ്ടു നിറഞ്ഞു. വ്യത്യസ്ത മേഖലകളിലെ വിവിധ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി രാഷ്ട്രീയ സാമൂഹിക സാസംസ്‌കാരിക വൈജ്ഞാനിക രംഗത്തെ പ്രഗല്‍ഭര്‍ നയിച്ച സെമിനാറുകള്‍ ഈ മേഖലകളില്‍ എല്ലാം പഠനം നടത്തുന്നവര്‍ക്ക് സഹായകമായി എന്ന് മാത്രമല്ല കേരളം ഇന്ന് കാണുന്ന രീതിയിലേക്ക് എത്തിച്ചേരുന്നതിന് സഹായകരമായ കാര്യങ്ങളും ഭാവിയില്‍ സംസ്ഥാനത്തെ രൂപപ്പെടുത്തുന്നതിനാവശ്യമായ നിര്‍ദേശങ്ങളും എല്ലാം ഈ സെമിനാറുകളില്‍ ഉരുത്തിരിഞ്ഞ് വന്നു.
കേരളീയം അക്ഷരാര്‍ത്ഥത്തില്‍ മലയാളി സമൂഹത്തിന്റെ ആകെ സാംസ്‌കാരിക തലത്തെ പരിപോഷിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും കാരണമായിട്ടുണ്ട്. കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന നല്ല മാറ്റങ്ങളേയും ഗവണ്‍മെന്റ് സംഘടിപ്പിക്കുന്ന പരിപാടികളില്‍ പൊതുജനങ്ങളുടെ പങ്കാളിത്തവും എല്ലാം കണ്ട് സഹിക്കാനാകാത്ത ചിലര്‍ അടിസ്ഥാനരഹിതമായി കാര്യങ്ങള്‍ ഉന്നയിച്ച് ജനങ്ങള്‍ക്കിടയില്‍ ആദിവാസി വിരോധം വളര്‍ത്താനും ആദിവാസി സമൂഹത്തെ പ്രകോപിപ്പിക്കാനും ആദിവാസി സംഘടനാ നേതാക്കളെ കണ്ട് പ്രസ്താവന ഇറക്കിപ്പിക്കാനും വലിയ പരിശ്രമമാണ് കഴിഞ്ഞ ദിവസങ്ങല്‍ നടന്നത്. പക്ഷേ പല നേതാക്കളും അത്തരത്തിലുള്ള അഭ്യര്‍ത്ഥനകളെല്ലാം തള്ളിക്കളഞ്ഞു.
കേരളത്തിന്റെ ഭൂതകാല ചരിത്രം പഠിപ്പിക്കുമ്പോള്‍ പഴയ ഫ്യൂഡല്‍ കാലഘട്ടത്തിലെ ജീവിത രീതികള്‍, സംസ്‌കാരം, കലകള്‍, വീടുകള്‍, വസ്ത്ര രീതികള്‍ എന്നിവയെല്ലാം പല കാലഘട്ടങ്ങളിലായി വിവിധ രീതികളില്‍ പൊതുസമൂഹത്തില്‍ അവതരിക്കപ്പെട്ടിട്ടുണ്ട്. അവയെല്ലാം കേരളത്തിന്റെ ഭൂതകാല ചരിത്രത്തില്‍ നിറഞ്ഞ് നില്‍ക്കുന്നവയാണ്. അതില്‍ ജാതി മത ഭേദമന്യേ ചര്‍ച്ചകള്‍ നടന്നിട്ടുമുണ്ട്. അന്നത്തെ സാംസ്‌കാരിക തലം പരിശോധിച്ചാല്‍ ഉത്സവങ്ങള്‍, ക്ഷേത്രകലകള്‍, മാപ്പിളകലകള്‍, ക്രിസ്തീയ അനുഷ്ഠാന കലകള്‍, തുടങ്ങി വ്യത്യസ്തങ്ങളായ ഒട്ടനവധി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളവയാണ്. അവയ്ക്കെല്ലാം വിവിധ തലങ്ങളില്‍ലുള്ള ആസ്വാദകരും കേരളത്തിലുണ്ട്. കഥകളി, പൂരക്കളി, കളരിപ്പയറ്റ്, ദഫ്മുട്ട്, കോല്‍ക്കളി, ഒപ്പന, മാര്‍ഗംകളി, തിറ, തെയ്യക്കോലങ്ങള്‍, പരിചമുട്ട്കളി തുടങ്ങി വിവിധങ്ങളായ കലാപ്രകടനങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമായി വിവിധ പരിപാടികളില്‍ അവതരിപ്പിക്കുന്നു. അവിടെ ജാതിയോ മതമോ ഗോത്രമോ ഒന്നും തന്നെ ചിന്തിച്ചല്ല കേരളീയര്‍ അവ ആസ്വദിക്കുന്നത്. അതാണ് നമ്മുടെ നാടിന്റെ പ്രത്യേകഥ.
അത്തരത്തില്‍ ആദിമ സമൂഹത്തിന്റെ കലകളും ജീവിത രീതികളും കാലാപ്രകടനങ്ങളും പൊതുസമൂഹത്തില്‍ അവതരിപ്പിക്കാന്‍ ഒരുക്കിയ അവസരത്തെ ദുഷ്പ്രചരണങ്ങള്‍ക്ക് ഉപയോഗിക്കുന്നവര്‍ ആദിവാസി ഗോത്ര സമൂഹത്തേയും ദളിത് സമൂഹത്തേയും അപമാനിക്കുകയും അവഹേളിക്കുകയുമാണ് ചെയ്യുന്നത്. ചരിത്ര വിരോധികള്‍ക്ക് ഇവയെല്ലാം ഉള്‍ക്കൊള്ളാന്‍ പ്രയാസമാകും. ഈ ജനവിഭാഗത്തിനെ കൈപിടിച്ചുയര്‍ത്തി, വനവാസികള്‍ക്ക് പാര്‍പ്പിടം, ജോലി, സംരക്ഷണം എന്നിവയെല്ലാം ഒരുക്കി കാലഘട്ടത്തിനനുസരിച്ച് അവരേയും പൊതുസമൂഹത്തിന്റ മധ്യത്തിലേക്ക്, ഉന്നതിയിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. ഇന്നും വന്യമൃഗങ്ങളോട് പോരടിച്ച് വളരേണ്ട സ്ഥിതി പല ഗോത്രവിഭാഗങ്ങള്‍ക്കുമുണ്ട്. അതെല്ലാം ഭൂതകാല ചരിത്രത്തിന്റെ തുടര്‍ച്ചയാണ്. ഇവയെല്ലാം പൊതുസമൂഹത്തെ പഠിപ്പിക്കുന്നതില്‍ എന്താണ് തെറ്റുള്ളത്. ഭൂതകാല ചരിത്രത്തെ കേരളത്തെ ഓര്‍മിപ്പിക്കുന്നതില്‍ ആര്‍ക്കാണ് ആശങ്ക. ചരിത്രം പഠിപ്പിക്കുമ്പോള്‍ ആരാണ് അതിനെ ഭയപ്പെടുന്നത്.
ഇവ മാത്രമല്ല, കേരളത്തിലെ ക്ഷേത്രകലകള്‍ പൊതുവേദിയില്‍ അവതരിപ്പിക്കുന്നില്ലെ? വിവിധ വിഭാഗങ്ങളുടെ ആചാര അനുഷ്ഠാനങ്ങളും അവയുമായി ബന്ധപ്പെട്ട് കിടക്കുന്ന കലകളും ജനമധ്യത്തില്‍ അവതരിപ്പിക്കുന്നില്ലേ? അപ്പോള്‍ ഈദിവാസി സമൂഹത്തിന്റെ കലാപ്രകടനങ്ങളേയും സാംസ്‌കാരിക തനിമയും ജനമധ്യത്തിലെത്തുന്നത് ആരെയാണ് അലോസരപ്പെടുത്തുന്നത്. ഇതെല്ലാം പൊതുസമൂഹത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് പുതിയ കേരളം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നത്. അതിനെതിരെയാണ് ചില നീചശക്തികള്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ഇത്തരത്തിലുള്ള തെറ്റായപ്രചാരണങ്ങള്‍ നടത്തി പൊതുസമൂഹത്തിന്റെ ബോധമണ്ഡലത്തെ മലീമസമാക്കരുത്. പാവപ്പെട്ട ആദിവാസി സമൂഹത്തെ പൊതുജനത്തിന് മുന്നില്‍ അപഹാസ്യരാക്കരുത് ഇത്തരക്കാര്‍.
ആദിവാസി ഗോത്രവിഭാഗങ്ങള്‍, വനവാസികള്‍, ദളിത് ജനവിഭാവങ്ങള്‍, പിന്നോക്കക്കാര്‍ എന്നിവരെയെല്ലാം പൊതുധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത് ഇടതുപക്ഷമാണ്. ഈ ഗവണ്‍മെന്റ് തന്നെ വിവിധ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. വിവിധ നടപടികതള്‍ സ്വീകരിച്ചുവരുന്നു. ഇനിയും അവരുടെ പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ട് മുന്നേട്ടുപോകേണ്ടതുണ്ട്. അതിനുള്ള നടപടികളാണ് എല്‍ഡിഎഫ് ഗവണ്‍മെന്റ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് ഇത്തരത്തിലുളള്ള നടപടികളെ പരിഹസിക്കുന്നവര്‍ കേരള വിരോധികളാണ്. കേരളത്തിന്റെ പുരോഗതിയിലും മാറ്റങ്ങളിലും അസംതൃപ്തരായി പഴഞ്ചന്‍ രീതികളേയും ഫ്യൂഡല്‍ വ്യവസ്ഥിതി നില്നിര്‍ത്താന്‍ വാദിക്കുന്നവരുമാണ്. അവരെ തിരിച്ചറിയാന്‍ സമൂഹത്തിന് കഴിയണം. മാധ്യമങ്ങള്‍ വസ്തുനിഷ്ടമായി കാര്യങ്ങളെ മനസ്സിലാക്കി നാടിന്റെ വികസനത്തിനും പുരോഗതിക്കുമായി നിലകൊള്ളണം. അല്ലാതെ വന്നാല്‍ മാധ്യമങ്ങളും പൊതു സമൂഹത്തില്‍ ഒറ്റപ്പെടും എന്നതാണ് കേരളീയം നമുക്ക് നല്‍കുന്ന പാഠം.
'മുഴുവന്‍ വെള്ളം കയറിയാലും ബോട്ട് താഴില്ല'; നൂതന ആശയവുമായി വിദ്യാര്‍ഥിനികള്‍