വയനാട്: പ്രതിദിനം 50 രൂപ ഇടക്കാലാശ്വാസം ന‍ൽകാനുള്ള തീരുമാനം അംഗീകരിക്കാനാവില്ലെന്ന് വയനാട്ടിലെ തോട്ടം തൊഴിലാളികള്‍. 600 രൂപ മിനിമം വേതനമായി നിശ്ചയിക്കണമെന്നാണ് ഇവരുടെ ആവശ്യം. ജൂണിന് മുമ്പ് പരിഹാരമായില്ലെങ്കില്‍ അനിശ്ചിത കാലസമരത്തിനാണ് ഐഎന്‍ടിയുസി അടക്കമുള്ള സംഘടനകള്‍ തയ്യാറെടുക്കുന്നത്.

തോട്ടം തൊഴിലാളികളുടെ സേവന വേതന വ്യവസ്ഥയുടെ കാലാവധി കഴിഞ്ഞത് 2017 ഡിസംബറിലാണ്. അത് പുതുക്കി 600 രൂപയാക്കണമെന്ന തൊഴിലാളികളുടെ ആവശ്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല . ഇപ്പോഴും ഇവ‍ർക്ക് പഴയ വ്യവസ്ഥപ്രകാരം പ്രതിദിനം 331 രൂപയാണ് ലഭിക്കുന്നത്. നിരവധി തവണ പ്ലാന്‍റേഷന്‍ ലേബര്‍ കമ്മിറ്റി യോഗം ചേർന്നെങ്കിലും വേതനം കൂട്ടാനാവില്ലെന്നായിരുന്നു ഉടമകളുടെ നിലപാട്. ഒടുവിലാണ് 50 രൂപ ഇടക്കാലാശ്വാസമെന്ന തീരുമാനത്തിലെത്തിയത്.

മിനിമം വേതനം 600 രൂപയാക്കിയില്ലെങ്കില്‍ ജൂണ്‍ മുതല്‍ സമരം തുടങ്ങാനാണ് ഐഎന്‍ടിയുസി അടക്കമുള്ള സംഘടനകളുടെ തീരുമാനം. അതിന് മുന്നോടിയായി മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ തോട്ടം മേഖലയില്‍ പ്രചരണ പരിപാടികള്‍ നടത്തും.