തൃശ്ശൂർ: മത്സ്യവിൽപനക്കാരന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് തൃശ്ശൂരിൽ 80 പേരെ നിരീക്ഷണത്തിലാക്കി. പട്ടാമ്പി മത്സ്യമാർക്കറ്റിൽ നിന്നും മത്സ്യം വാങ്ങി ചില്ലറ വിൽപന നടത്തിയിരുന്ന കടവല്ലൂർ പഞ്ചായത്തിലെ 12-ാം വാർഡിലെ മത്സ്യവിൽപനക്കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

ഇയാളുമായി സമ്പർക്കത്തിൽ വന്ന 30 മത്സ്യവിൽപനക്കാരടക്കം 80 പേരെയാണ് നിരീക്ഷണത്തിലാക്കിയത്. രോഗിയുമായി പ്രാഥമിക സമ്പർക്കത്തിൽ വന്നവരെയാണ് ഇപ്പോൾ നിരീക്ഷണത്തിലാക്കിയതെന്ന് അധികൃതർ അറിയിച്ചു. 

ഞായറാഴ്ചയാണ് മത്സ്യവിൽപനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി പഞ്ചായത്തിലെ മത്സ്യമാർക്കറ്റുകളെല്ലാം അടച്ചിട്ടുണ്ട്.