Asianet News MalayalamAsianet News Malayalam

ഇഴഞ്ഞു നീങ്ങി ലൈഫ് ഫ്ലാറ്റ് നിർമ്മാണം; 39 എണ്ണത്തിൽ ഇതുവരെ യാഥാർത്ഥ്യമായത് 4 എണ്ണം മാത്രം

നിർമ്മാണ സമഗ്രികളുടെ വില ഉയർന്ന സാഹചര്യത്തിൽ കരാർ തുക പുതുക്കണമെന്ന നിർമ്മാണ കമ്പനികളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതാണ് പ്രധാന പ്രതിസന്ധി.

flat construction Out of 39, only 4 have materialized so far sts
Author
First Published Nov 20, 2023, 8:26 AM IST

തിരുവനന്തപുരം:  ലൈഫ് പദ്ധതിക്കു കീഴില്‍ സംസ്ഥാനത്തെ ഭൂരഹിത ഭവന രഹിത വിഭാഗക്കാര്‍ക്കായി പ്രഖ്യാപിച്ച ഫ്ളാറ്റ് നിര്‍മാണത്തിലും മെല്ലെപ്പോക്ക്. 39 ഫ്ളാറ്റുകളായിരുന്നു പ്രഖ്യാപിച്ചതെങ്കിലും ഇതുവരെ യാഥാര്‍ത്ഥ്യമാക്കാനായത് നാല് ഫ്ളാറ്റുകള്‍ മാത്രം. നിർമ്മാണ സമഗ്രികളുടെ വില ഉയർന്ന സാഹചര്യത്തിൽ കരാർ തുക പുതുക്കണമെന്ന നിർമ്മാണ കമ്പനികളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കാത്തതാണ് പ്രധാന പ്രതിസന്ധി.

ലൈഫ് പദ്ധതിയുടെ മുഖമായി മാറുമെന്ന് പ്രതീക്ഷിച്ച പദ്ധതിയാണ് ഭൂരഹിത ഭവനരഹിത വിഭാഗക്കാര്‍ക്കായുളള ഫ്ലാറ്റ് സമുച്ചയങ്ങൾ. സ്വകാര്യ സംരംഭകരുടെയും കോര്‍പറേറ്റ് കന്പനികളുടെയും സഹായം കൂടി ഉള്‍പ്പെടുത്തി ഫ്ലാറ്റുകൾ നിർമ്മിക്കാനായിരുന്നു, ആദ്യഘട്ടത്തിലെ ആലോചന. എന്നാൽ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുയര്‍ന്ന വടക്കാഞ്ചേരി ഫ്ലാറ്റ് വിവാദം ഈ നീക്കങ്ങള്‍ക്ക് തിരിച്ചടിയായി.

തുടര്‍ന്ന് പൂര്‍ണമായും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചായിരുന്നു നിര്‍മാണം. 39 ഇടങ്ങളിൽ ഫ്ളാറ്റുകള്‍ പ്രഖ്യാപിച്ചെങ്കിലും കരാർ വയ്ക്കാൻ ആയത് 29 ഇടങ്ങളിൽ. ഹൈദരാബാദ് ആസ്ഥാനമായ പെന്നാര്‍ അഹമ്മദാബാദ് ആസ്ഥാനമായ മിറ്റ്സുമി, ദില്ലി ആസ്ഥാനമായ സുരി, ലക്ഷ്മി തുടങ്ങിയ കന്പനികളാണ് നിര്‍മാണം ഏറ്റെടുത്തത്. എന്നാല്‍ 2020ല്‍ കരാര്‍ വച്ച കാലത്തേക്കാള്‍ സ്റ്റീല്‍ അടക്കമുളള നിര്‍മാണ സാമഗ്രികള്‍ക്ക് വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ കരാര്‍ തുക പുതുക്കണമെന്ന കന്പനികളുടെ ആവശ്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുക്കാതെ വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.

കരാര്‍ തുക 40 ശതമാനം വരെ ഉയര്‍ത്തണമെന്നായിരുന്നു കന്പനികളുടെ ആവശ്യം. 22 ശതമാനം വരെ തുക ഉയര്‍ത്തി നല്‍കാവുന്നതാണെന്ന് ലൈഫ് മിഷനും നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് വിഷയം പിഠിക്കാന്‍ സര്‍ക്കാര്‍ വിധഗ്ധ സമിതിയെ നിയോഗിച്ചു,സമിതി സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ സാന്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ തുക ഉയര്‍ത്താന്‍ ധനവകുപ്പ് അനുമതി നല്‍കിയിട്ടില്ല. അതേസമയം ആയിരങ്ങളാണ് തങ്ങളുടെ സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതിനായുളള കാത്തിരിക്കുന്നത്.

ഭൂമിയോ വീടോ ഇല്ലാത്തവര്‍ക്ക് തദ്ദേശഭരണ സ്ഥാപനങ്ങള്‍ ഭൂമി വാങ്ങി വീട് വയ്ക്കാനായി അനുവദിക്കാറുളളത് പരമാവധി 10 ലക്ഷം രൂപയാണ്. എന്നാല്‍ ഇതേ സമയം ഒരു ഭൂരഹിത കുടുംബത്തിന് ഫ്ളാറ്റ് നിര്‍മിച്ച് നല്‍കുന്നതിന് 15 ലക്ഷം രൂപ മുതല്‍ 17 ലക്ഷം രൂപ വരെയാണ് ചെലവ്. ഇത്തരത്തില്‍ പ്രതീക്ഷച്ചതിലേറെ ചെലവ് വരുന്നതും ഫ്ളാറ്റ് പദ്ധതിയോട് സര്‍ക്കാര്‍ ആദ്യ ഘട്ടത്തില്‍ കാട്ടിയ താല്‍പര്യം കുറയാന്‍ കാരണമായതായാണ് വിവരം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios