ഇടുക്കി: പച്ചക്കറി മാലിന്യത്തിൽ നിന്ന് കാലീത്തീറ്റ ഉത്പാദിപ്പിക്കാൻ കേരള ഫീഡ്‍സ്. രാജസ്ഥാനത്തിൽ നിന്നുള്ള സ്റ്റാർട്ടപ്പ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി. ക്ഷീര കർഷകർക്ക് കുറഞ്ഞ വിലയ്ക്ക് കാലിത്തീറ്റ ലഭ്യമാക്കുകയാണ് ലക്ഷ്യം. 

കാലീത്തീറ്റയുടെ വില വർദ്ധനയാണ് ക്ഷീരകർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധി. നിലവിലെ വിലയ്ക്ക് വിറ്റിട്ടും ഒരു ചാക്ക് കാലിത്തീറ്റയിൽ കേരള ഫീഡ്‍സ്
നേരിടുന്ന നഷ്ടം 90 രൂപയാണ്. ഈ പ്രശ്നങ്ങള്‍ക്കുള്ള പ്രതിവിധിയാണ് പച്ചക്കറി മാലിന്യത്തിൽ നിന്നുള്ള കാലിത്തീറ്റ ഉത്പാദനം. പച്ചക്കറി മാലിന്യമെന്ന് കരുതി ആരും മൂക്കത്ത് വിരൽ വയ്ക്കേണ്ട കാര്യമില്ല. ഇത് ചേർത്താൽ കാലിത്തീറ്റയുടെ പോഷണം കൂടും. പശുക്കള്‍കൂടുതൽ പാൽ ചുരത്തുമെന്നും കേരളാ ഫീഡ്‍സ്
എംഡി ബി ശ്രീകുമാര്‍ പറഞ്ഞു.

തക്കാളി, പൈനാപ്പിൾ, ഉരുളക്കിഴങ്ങ് തുടങ്ങിയവുടെ മാലിന്യമാണ് കൂടുതലായി ഉപയോഗിക്കുക. കൈതച്ചക്ക മാലിന്യം ലഭിക്കുന്നതിന് വാഴക്കുളത്തെ വ്യാപാരികളുമായി കേരള ഫീഡ്‍സ് ചർച്ച തുടങ്ങി കഴിഞ്ഞു. ചോളമടക്കമുള്ള 18 അസംസ്കൃത വസ്തുക്കളുടെ വില വർദ്ധനയാണ് കാലിത്തീറ്റ വില കൂടാൻ കാരണം. ഈ അസംസ്കൃത വസ്തുക്കളിൽ പച്ചക്കറി മാലിന്യം കൂടി ചേർത്താൽ ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് പത്ത് രൂപ വില കുറയും. 

പ്രതിദിനം 20,000 ചാക്ക് കാലിത്തീറ്റയാണ് കേരള ഫീഡ്‍സ് ഉത്പാദിപ്പിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമായാൽ കർഷകരുടെ നേട്ടത്തിനൊപ്പം കേരളഫീഡ്സിന് പ്രതിവർഷ നഷ്ടം 7.2 കോടി രൂപ ആയി കുറയ്ക്കുകയും ചെയ്യാം.