Asianet News MalayalamAsianet News Malayalam

കാട്ടാന കുട്ടികളിലെ രോഗബാധ; നിരീക്ഷണത്തിന് വാച്ചര്‍മാരെ നിയോഗിച്ച് വനം വകുപ്പ്

ആനകളുടെ തൊലിയിലും ശ്വസന വ്യവസ്ഥയേയുമാണ് ഈ വൈറസ് ബാധിക്കുക. തലയിലും തുമ്പിക്കൈയിലും പിങ്ക് നിറത്തിലുള്ള ചെറുമുഴകള്‍ വരുന്നതാണ് രോഗലക്ഷണം. 

Forest department deputed watchers for monitoring Diseases in wild elephant cubs
Author
First Published Dec 28, 2022, 9:59 AM IST


മൂന്നാര്‍: കഴിഞ്ഞ ദിവസങ്ങളിലായി മൂന്ന് കാട്ടാന കുട്ടികള്‍ രോഗബാധയെ തുടര്‍ന്ന് ചരിഞ്ഞതിന് പിന്നാലെ കാട്ടാനകളിലെ രോഗബാധയെ കുറിച്ച് നിരീക്ഷിക്കാന്‍ വനം വകുപ്പ് വാച്ചര്‍മാരെ നിയോഗിച്ചു. കാട്ടാനകളെ കൂട്ടത്തോടെ കാണുന്ന മാട്ടുപ്പെട്ടി - കുണ്ടള - ചിന്നക്കനാല്‍ - മാങ്കുളം മേഖലകളിലാണ് മൂന്നാര്‍ ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്. 

10 ദിവസത്തിനിടെ കാട്ടാന കൂട്ടത്തിലുണ്ടായിരുന്ന മൂന്ന് കുട്ടിയാനകളാണ് ചരിഞ്ഞത്. പുതുക്കടി മേഖലാണ് ആദ്യം കുട്ടിനാനയുടെ ജഡം കണ്ടെത്തിയത്. പിന്നീട് കുണ്ടളയ്ക്ക് സമീപത്ത് രണ്ട് വയസ്സുള്ള കുട്ടികൊമ്പനെ ചത്ത നിലയിൽ കണ്ടെത്തി. ഇതേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൂന്നാമത്തെ കുട്ടിയാനയെ കണ്ടെത്തിയത്. അമ്മമാര്‍ക്കൊപ്പം എത്തിയ മൂന്ന് ആനക്കുട്ടികള്‍ ഒന്ന് ഇടവിട്ട ദിവസങ്ങളില്‍ ചരിഞ്ഞതോടെ അതില്‍ ഒരെണ്ണത്തിന്‍റെ സാബിളുകള്‍ ലാബില്‍ പരിശോധനയ്ക്കായി അയച്ചു. ഇതില്‍ നിന്നാണ് കാട്ടാന കുട്ടികളില്‍ ഹെര്‍പ്പസ് വൈറല്‍ രോഗം പടരുന്നതായി കണ്ടെത്തിയത്. മറ്റ് രണ്ട് കാട്ടാന കുട്ടികളുടെയും സാബിളുകള്‍ പരിശോധനയ്ക്ക് അയച്ചതായി റേഞ്ച് ഓഫീസര്‍ വെജി പിവി പറഞ്ഞു. 

ആനകളുടെ തൊലിയിലും ശ്വസന വ്യവസ്ഥയേയുമാണ് ഈ വൈറസ് ബാധിക്കുക. തലയിലും തുമ്പിക്കൈയിലും പിങ്ക് നിറത്തിലുള്ള ചെറുമുഴകള്‍ വരുന്നതാണ് രോഗലക്ഷണം. മാരകമായ ആദ്യ കേസ് 1990 -ല്‍ ആഫ്രിക്കന്‍ ആനകളിലാണ് രേഖപ്പെടുത്തിയത്. പിന്നീട് ഏഷ്യന്‍ ആനകളിലും രോഗബാധ കണ്ടെത്തുകയുണ്ടായി. ആന്‍റിവൈറല്‍ മരുന്നുകളുടെ ദ്രുതഗതിയിലുള്ള പ്രയോഗത്തിലൂടെ രോഗത്തെ ചികിത്സിക്കാന്‍ കഴിയും, എന്നാല്‍, ഇത് ഏകദേശം മൂന്നിലൊന്ന് കേസുകളില്‍ മാത്രമേ ഫലപ്രദമാകൂ. രോഗബാധ ഗുരുതരമായാല്‍ 24 മണിക്കൂറിനുള്ളില്‍ മരണം സംഭവിക്കാന്‍ ശേഷിയുള്ളതാണ് ഹെര്‍പ്പസ് വൈറല്‍. 

 

ചികിത്സിച്ചില്ലെങ്കില്‍ ഏറിയാല്‍ അഞ്ച് ദിവസത്തില്‍ കൂടുതല്‍ ജീവന്‍ നിലനിര്‍ത്താന്‍ കഴിയില്ല. ആലസ്യം, ഭക്ഷണം കഴിക്കാനുള്ള മനസ്സില്ലായ്മ, വേഗത്തിലുള്ള ഹൃദയമിടിപ്പ്, രക്തകോശങ്ങളുടെ എണ്ണം കുറയുക, നാവിലെ സയനോസിസ്, വായിലെ അള്‍സര്‍, തലയുടെയും തുമ്പിക്കൈയുടെയും നീര്‍വീക്കം എന്നിവയും ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. വൈറസ് രോഗബാധ രക്തധമനികളെയാണ് കാര്യമായി ബാധിക്കുന്നത്. ഇത് രക്തസ്രാവം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങളുണ്ടാകും.  ഹെര്‍പ്പസ് വൈറല്‍ ബാധ കാട്ടാനകളില്‍ വ്യാപകമായി പടരുന്നത് തടയാനുളള ശ്രമങ്ങളാണ് വനം വകുപ്പും വെറ്ററിനറി ഡോക്ടര്‍മാരും തേടുന്നത്. മറ്റ് വന്യജീവികളിലേക്ക് പടരാതിരിക്കാന്‍ രോഗബാധ കണ്ടെത്തിയ ആനയുടെ ജഡം ആഴത്തില്‍ കുഴിച്ചിടുകയാണ് ചെയ്യുന്നത്.

വൈറസ് രോ​ഗമായ ഹെര്‍പ്പസിന്‍റെ മരണ നിരക്ക് 80 ശതമാനത്തിന് മുകളിലാണ്. കാട്ടാനകളിലാണ് ഈ രോ​ഗം കൂടുതലായി കാണുന്നത്. രോ​ഗം എങ്ങനെയാണ് പകരുന്നത് എന്നത് സംബന്ധിച്ച ​ഗവേഷണങ്ങൾ നടന്നുവരുന്നേയുള്ളൂ. മുതിർന്ന ആനകൾ രോ​ഗ വാഹകരാകാമെങ്കിലും ഇവയ്ക്ക് കാര്യമായ ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാറില്ല. ആനകുട്ടികളെ ബാധിക്കുന്ന രോ​ഗം കാട്ടാനകളുടെ വംശ വർദ്ധനവിന് തന്നെ ഭീഷണി സൃഷ്ടിക്കും. 2017ല്‍ സമാനമായ രീതിയില്‍ മൂന്നാറില്‍ കാട്ടാനകള്‍ക്കിടയില്‍ ഹെര്‍പ്പസ് അണുബാധ സ്ഥിരീകരിച്ചിരുന്നു. അന്ന് നടത്തിയ വലിയ രീതിയില്‍ ഉള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രോഗം കൂടുതല്‍ പടരുന്നത് തടഞ്ഞിരുന്നു. മറ്റ് കാട്ടാനകളുടെ പരിശോധനാഫലങ്ങള്‍ കൂടി ലഭിക്കുന്നതോടെ കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനാണ് വനം വകുപ്പ് ലക്ഷ്യമിടുന്നത്. 

Follow Us:
Download App:
  • android
  • ios