പാലക്കാട്: ആദിവാസികൾക്കുളള സമഗ്ര ആരോഗ്യ പരിപാലന പദ്ധതി ഫണ്ട് നിലച്ചതോടെ അട്ടപ്പാടി കോട്ടത്തറയിലെ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയുടെ പ്രവർത്തനം അവതാളത്തിൽ. കരാർ ജീവനക്കാർ ശമ്പമളമില്ലാത്തതോടെ പണിമുടക്ക് പ്രഖ്യാപിച്ചു. രോഗികൾക്കും ഗർഭിണികൾക്കും നൽകുന്ന പോഷകാഹാരം പോലും  മുടങ്ങി. പാസായ തുക ഡിഎംഒ ഓഫീസിൽ നിന്ന് അനുവദിക്കാത്തതാണ് കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

അട്ടപ്പാടി ആദിവാസിമേഖലയിലെ പ്രധാന ചികിത്സാകേന്ദ്രത്തിന്‍റെ പ്രവർത്തനമാണ് ഇതോടെ പ്രതിസന്ധിയിലായത്. ആശുപത്രി പ്രവർത്തനങ്ങൾക്ക് ഓഗസ്റ്റിൽ സ‍‍ർക്കാർ അനുവദിച്ച 1കോടി 20 ലക്ഷം ഇതുവരെ നൽകിയിട്ടില്ല. രോഗികൾക്ക് മൂന്നുനേരം ഭക്ഷണം നൽകിയ വകയിൽ 50 ലക്ഷം രൂപ ഇപ്പോഴും ക്യാന്റീനിൽ കുടിശ്ശികയുണ്ട്. പോഷകാഹാര വിതരണത്തിന് ഡിഎംഒ ഫണ്ടിൽ നിന്ന് ഒരു രൂപപോലും കിട്ടാതായിട്ട് മാസങ്ങളായി. ഇതോടെ പോഷകാഹാരത്തിന് പകരം കഞ്ഞിയാണ് നൽകുന്നത്.

ഫണ്ട് മുടങ്ങിയതോടെ  കരാറടിസ്ഥാനത്തിൽ ജോലിയെടുക്കുന്ന ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും ശമ്പളം മുടങ്ങി. ആംബുലൻസിന് ഡീസലടിച്ച വകയിൽ പെട്രോൾ ബങ്കിൽ ലക്ഷങ്ങളുടെ കുടിശ്ശികയാണുള്ളത്. 

പട്ടികവികസന വകുപ്പ് പാസാക്കിയ ഫണ്ട് ജില്ല മെഡിക്കൽ ഓഫീസറുടെ ഓഫീസിൽ നിന്ന് കൈമാറുന്നില്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ സാങ്കേതിക പ്രശ്നമെന്നാണ് ഡിഎംഒ വിദീകരിക്കുന്നത്

ജീവനക്കാരും ആശുപത്രി വികസന സമിതിയും കയ്യിൽ നിന്ന് കാശുമുടക്കിയാണ് പ്രവ‍ർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. ജനുവരി 1മുതൽ സമരത്തിലേക്കെന്ന് കരാർ ജീവനക്കാർ പ്രഖ്യാപിക്കുമ്പോൾ, ഒരു മേഖലയുടെ ആരോഗ്യരംഗമാണ് പരുങ്ങലിലാകുന്നത്.