കൊച്ചി: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് നൽകിയ ഹര്‍ജി പിൻവലിക്കാനായി, ബിജെപി നേതാവ് കെ. സുരേന്ദ്രൻ സമര്‍പ്പിച്ച അപേക്ഷ ഹൈക്കോടതി അംഗീകരിച്ചു. ജസ്റ്റിസ് സുനിൽ തോമസിന്റെതാണ് ഉത്തരവ്. 

തെരഞ്ഞെടുപ്പ് ക്രമക്കേട് തെളിയിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും തന്‍റെ ആരോപണം സാക്ഷി വിസ്താരത്തിലൂടെ തെളിയിക്കാൻ ഈ ഘട്ടത്തിൽ ബുദ്ധിമുട്ടാണെന്നും അതിനാൽ തെരഞ്ഞെടുപ്പ് ഹര്‍ജി പിൻവലിക്കാൻ അനുവദിക്കണമെന്ന സുരേന്ദ്രന്‍റെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. വോട്ടിങ്ങ് യന്ത്രങ്ങൾ കാക്കനാട്ട് നിന്ന് മഞ്ചേശ്വരത്തേക്ക് തിരികെ കൊണ്ട് പോവുന്നതിന്‍റെ ചെലവായ 42000 രൂപ സുരേന്ദ്രൻ നൽകണം.

2016 ലെ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം നിയമസഭയില്‍ യുഡിഎഫിന്‍റെ പി ബി അബ്ദുൽ റസാഖിനോട് 89 വോട്ടുകൾക്കായിരുന്നു സുരേന്ദ്രൻ പരാജയപ്പെട്ടത്. സിപിഎമ്മും മുസ്ലീം ലീഗും ചേർന്ന് കള്ളവോട്ടും ക്രമക്കേടും നടത്തിയാണ് തന്നെ പരാജയപ്പെടുത്തിയത് എന്നായിരുന്നു കെ സുരേന്ദ്രന്‍റെ ആരോപണം. ഫലം ചോദ്യം ചെയ്ത് സുരേന്ദ്രൻ നൽകിയ പരാതി ഹൈക്കോടതിയുടെ പരിഗണനയിൽ ഇരിക്കെയാണ് പി ബി അബ്ദുൾ റസാഖ് എംഎൽഎ അന്തരിച്ചത്.