Asianet News MalayalamAsianet News Malayalam

കനത്ത മഴ : മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്തെ മൂന്ന് ജില്ലകളിലും ഇരിട്ടി താലൂക്കിലും നാളെ കനത്തമഴ കാരണം അവധി പ്രഖ്യാപിച്ചു. 

holiday declared for educational institutions in  three districts
Author
Wayanad, First Published Aug 7, 2019, 8:54 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ജില്ലകളിലും ഒരു താലൂക്കിലും കനത്തമഴയെ തുടര്‍ന്ന് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലും കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലുമാണ് നാളെ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം,കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ നേരത്തെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. 

വയനാട് ജില്ലയിലെ  പ്രൊഫഷണല്‍ കോളജ്‌ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടര്‍ നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  അംഗൻ വാടികൾക്കും അവധി ബാധകമാണ്‌. അതേസമയം യൂണിവേഴ്സിറ്റിയുടെയും മറ്റും പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. മോഡൽ റെസിഡെൻഷ്യൽ സ്കൂളുകൾക്കും അവധി ബാധകമായിരിക്കില്ല.

നാളെ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും മഴ ശക്തമായ സാഹചര്യത്തിലുമാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് മലപ്പുറം ജില്ലാ കളക്ടറുടെ അറിയിപ്പില്‍ പറയുന്നു. ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ , കേന്ദ്രീയ വിദ്യാലയം എന്നിവ ഉള്‍പ്പെടെയുളള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അംഗന്‍വാടികള്‍ , മദ്രസകള്‍ ഉള്‍പ്പെടെയുളള മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമുളള പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കുകയില്ല.

ഇടുക്കി ജില്ലയിലും പ്രൊഫഷണൽ കോളേജുകളും, കേന്ദ്രീയ വിദ്യാലയവും ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ പ്രൊഫഷണല്‍ കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച(ആഗസ്ത് 8) ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. അങ്കണവാടികള്‍, മദ്രസ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കും.

Follow Us:
Download App:
  • android
  • ios