കോഴിക്കോട്: കൊവിഡ് വ്യാപനത്തിന്‍റെ സാഹചര്യത്തിൽ റിസർവ് ബാങ്ക് പ്രഖ്യാപിച്ച വായ്പാ മൊറട്ടോറിയത്തിന്‍റെ ആനൂകൂല്യം ജനങ്ങളിലേക്ക് എത്താത്തതിന് കാരണം ബാങ്കുകളുടെ കള്ളക്കളിയെന്ന് വ്യവസായികൾ.  മൊറട്ടോറിയം കാലത്തെ പലിശ പൂർണ്ണമായും ഒഴിവാക്കാൻ ബാങ്കുകൾക്ക് അടിയന്തര നിർദ്ദേശം നൽകണമെന്നും കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആവശ്യപ്പെട്ടു.

മൂന്ന് മാസത്തേയ്ക്കാണ് ആർബിഐ വായ്പാ മൊറട്ടോറിയം പ്രഖ്യാപിച്ചത്. ഹൗസിംഗ് ലോൺ, കാർ ലോൺ തുടങ്ങിയ എല്ലാത്തരം വായ്പാ തിരിച്ചടവും ഇളവ് ചെയ്തും തിരിച്ചടവ് കാലാവധി നീട്ടിയുമായിരുന്നു ആർബിഐ പ്രഖ്യാപനം. എന്നാൽ ഇതിന് ഘടക വിരുദ്ധമായ സർക്കുലർ ആണ് ബാങ്കുകൾ ഉപഭോക്താക്കർക്ക് നൽകിയിരിക്കുന്നത്. ഈ മൂന്ന് മാസവും അവശേഷിക്കുന്ന മുതലിന് പലിശ നൽകേണ്ടി വരും എന്ന് സർക്കുലറിൽ പറയുന്നു. ഒപ്പം മാസതോറുമുള്ള പലിശ മുതലിലേക്ക് കൂട്ടുകയും ചെയ്യും. അതോടെ കൂട്ടുപലിശ രീതിയിലേക്ക് കാര്യങ്ങൾ മാറും. മൊററ്റോറിയം കാലത്തെ പലിശ അധിക ഇഎംഐ ആയി ഈടാക്കും. ഈ നീക്കത്തിന് എതിരെയാണ് വ്യവസായികൾ രംഗത്തെത്തിയത്.

ക്രഡിറ്റ് കാർഡിന്‍റെ കാര്യത്തിലും ഇതേ പ്രതിസന്ധി ഉണ്ട്. ക്രഡിറ്റ് കാർഡ് ഉപഭോക്താക്കൾ മൊററ്റോറിയം ഉണ്ടെങ്കിലും മാസമുള്ള ചുരുങ്ങിയ തുക നൽകണം. ഒപ്പം ഈക്കാലത്തെ പലിശയും നൽകേണ്ടി വരും.  ഗ്രാമീണ ബാങ്കുകൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം വാക്കുകളിൽ ഒതുങ്ങിയെന്നും കാലിക്കറ്റ് ചേംബർ കുറ്റപ്പെടുത്തുന്നു.

വായ്പകള്‍ക്ക് മൂന്ന് മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് ആര്‍ബിഐ; പലിശ നിരക്ക് കുറച്ചു