കോഴിക്കോട്: സിംസ് പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിയായ ഗാലക്സണിന് കൊടുക്കാനായി ടെന്‍ഡര്‍ നടപടികള്‍ കെല്‍ട്രോണ്‍ മറച്ചുവച്ചെന്ന ആരോപണവുമായി കോഴിക്കോട് ആസ്ഥാനമായ ഐടി കമ്പനി. ഉപഭോക്താക്കളില്‍ നിന്ന് പണം ഈടാക്കാതെ നടപ്പാക്കാവുന്ന പദ്ധതിയാണ് വന്‍ തുകയ്ക്ക് ഗാലക്സണിന് നല്‍കിയതെന്ന് കമ്പനി ആരോപിച്ചു.

കോഴിക്കോട് ആസ്ഥാനമായ ഇസി ടെക്നോളജീസ് 2015ലാണ് ഇലക്ട്രോണിക് സെക്യൂരിറ്റി മോണിറ്ററിംഗ് ഓവര്‍ സബ്‍സ്ക്രിപ്ഷന്‍ അഥവാ എസ്മോസ് എന്ന പദ്ധതി തുടങ്ങിയത്. സിസിടിവി അടക്കമുളള ഉപകരണങ്ങള്‍ സൗജന്യമായി സ്ഥാപിക്കുകയും നിരീക്ഷണത്തിനുളള ചാര്‍ജ്ജ് മാത്രം ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നതുമായിരുന്നു പദ്ധതി. പദ്ധതിയുമായി മുന്നോട്ടു പോകുന്ന ഘട്ടത്തിലാണ് സമാനമായ ടെക്നോളജിയുമായി ഗാലക്സണ്‍ രംഗത്തെത്തുന്നത്. ടെന്‍ഡര്‍ നടപടികള്‍ മറച്ചുവച്ചതിനാല്‍ മറ്റൊരു കമ്പനിക്കും ടെന്‍ഡറില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. വിവാദമുയര്‍ന്ന സാഹചര്യത്തില്‍ പദ്ധതി റീ ടെന്‍ഡണ്ടര്‍ ചെയ്യണമെന്നും കമ്പനി ആവശ്യപ്പെട്ടു.

എന്നാല്‍ ആരോപണം കെല്‍ട്രോണ്‍ നിഷേധിച്ചു. സംസ്ഥാന സര്‍ക്കാരിന്‍റെ ഇ ടെന്‍ഡര്‍ സൈറ്റില്‍ മൂന്ന് വട്ടവും പ്രമുഖ ദിനപത്രത്തില്‍ ഒരു വട്ടവും പരസ്യം നല്‍കിയിരുന്നുവെന്നാണ് കെൽട്രോൺ പറയുന്നത്. മൂന്നു ടെന്‍ഡറിലും ഗാലക്സണ്‍ മാത്രമാണ് പങ്കെടുത്തത്. സിംസ് പദ്ധതിയില്‍ ഗാലക്സണിന് മുന്‍പരിചയമില്ലെങ്കിലും മാതൃകമ്പനിയായ വിഓ സ്റ്റോക് എല്‍എല്‍സിയുടെ പ്രവൃത്തിപരിചയമാണ് പരിഗണിച്ചത്. നാലാമത്തെ ടെന്‍ഡറില്‍ മീഡിയ ട്രോണിക്സ് എന്ന കമ്പനിയും പങ്കെടുത്തെങ്കിലും പ്രവൃത്തിപരിചയമില്ലാത്തതിനാല്‍ ഒഴിവാക്കുകയായിരുന്നെന്നും കെല്‍ട്രോണ്‍ വിശദീകരിച്ചു.