കൊച്ചി: ഗാന്ധിജി മുന്നോട്ട് വച്ച മൂല്യങ്ങൾ ഇന്നത്തെ കാലത്ത് കാണാൻ സാധിക്കുന്നതേയില്ലെന്ന് ജസ്റ്റിസ് ഷംസുദ്ദീൻ. മദ്യവർജ്ജനമായിരുന്നു ഗാന്ധിജിയുടെ ലക്ഷ്യം. എന്നാൽ അത് യാഥാർത്ഥ്യമായില്ലെന്നും ജസ്റ്റിസ് പറഞ്ഞു. സംസ്ഥാന സർക്കാർ മദ്യ ലോബികൾക്ക് ലൈസൻസ് നൽകി അവർക്ക് അനുകൂലമായ നിലപാട് എടുക്കുന്നത് ദുഃഖകരമാണെന്നും ജസ്റ്റിസ് ഷംസുദ്ദീൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

'സ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ കടമ ഓരോ പൗരന്റെയും കണ്ണീർ ഒപ്പുക എന്നതാണ്. ഏഴ് ശതകത്തിലധികം പിന്നിട്ടിട്ടും ഇക്കാര്യം സാക്ഷാത്കരിക്കാൻ നമുക്ക് സാധിച്ചിട്ടില്ല. ഭാരതത്തിന്റെ പുരോ​ഗതിക്ക് മതമൈത്രി ആവശ്യമാണെന്നും അതില്ലാതെ ഭാരതം പുരോ​ഗമിക്കില്ലെന്നും മഹാത്മാ ​ഗാന്ധി വിശ്വസിച്ചിരുന്നു. സർവ്വ ധർമ്മ സമ ഭാവന എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദർശം. ദാരിദ്രം നിർമ്മാർജനം ചെയ്യാൻ ഇതുവരെ സാധിച്ചിട്ടില്ല. ആഗോള വത്ക്കരണത്തിലാണ് നമ്മൾ ഇപ്പോഴും ചെന്ന് നിൽക്കുന്നത്. ആ പരീക്ഷണം വാസ്തവത്തിൽ പാവപ്പെട്ടവരെ കൂടുതൽ പാവപ്പെട്ടവരാക്കുകയും സമ്പന്നരെ കൂടുതൽ സമ്പന്നരാക്കുകയും ചെയ്യുന്നു എന്നതാണ് സത്യം'- ജസ്റ്റിസ് ഷംസുദ്ദീൻ പറഞ്ഞു.