Asianet News MalayalamAsianet News Malayalam

രോഗവ്യാപനം കൂടുന്നു, കണ്ണൂർ അഞ്ചരക്കണ്ടി മെഡി. കോളേജ് വീണ്ടും പൂർണമായി കൊവിഡാശുപത്രി

അക്കാദമിക് പ്രവർത്തനങ്ങൾക്ക് മുടക്കം വരാത്ത രീതിയിൽ ആശുപത്രിയുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. ഐസിയു, വെന്‍റിലേറ്റർ സൗകര്യം അധികമായി ആവശ്യം വരുന്ന സാഹചര്യത്തിലാണ് ആശുപത്രി ഏറ്റെടുത്തത്.

kannur ancharakandy medical college again turned to fully fledged covid treatment center
Author
Kannur, First Published May 11, 2021, 9:49 PM IST

കണ്ണൂർ: ജില്ലയിൽ രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിൽ കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വീണ്ടും ഏറ്റെടുത്തതായി ജില്ലാ കളക്ടർ. പൂർണമായും അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിനെ കൊവിഡാശുപത്രിയായി മാറ്റും. നേരത്തേയും കൊവിഡ് വ്യാപനം കൂടിയപ്പോൾ അഞ്ചരക്കണ്ടി മെഡി. കോളേജിനെ കൊവിഡാശുപത്രിയാക്കിയിരുന്നു. 

അക്കാദമിക് പ്രവർത്തനങ്ങൾക്ക് മുടക്കം വരാത്ത രീതിയിൽ ആശുപത്രിയുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. ഐസിയു, വെന്‍റിലേറ്റർ സൗകര്യം അധികമായി ആവശ്യം വരുന്ന സാഹചര്യത്തിലാണ് ആശുപത്രി ഏറ്റെടുത്തത്.

കണ്ണൂരിൽ ഇന്ന് 2085 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സമ്പര്‍ക്കത്തിലൂടെ 1981 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 43 പേര്‍ക്കും വിദേശത്തുനിന്നെത്തിയ 11 പേര്‍ക്കും 50 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് 31.83% ആണ്. 

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 1,13,708 ആയി. ഇവരില്‍ 1930 പേര്‍ ചൊവ്വാഴ്ച (മെയ് 11) രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 84,842 ആയി. 473 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 25921 പേര്‍ ചികിത്സയിലാണ്.

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 25166 പേര്‍ വീടുകളിലും ബാക്കി 755 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്. ആകെ ജില്ലയിൽ നിരീക്ഷണത്തില്‍ 71233 പേരുണ്ട്. ഇതില്‍ 69864 പേര്‍ വീടുകളിലും 1369 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

Follow Us:
Download App:
  • android
  • ios