തിരുവനനന്തപുരം: ഡിജിറ്റൽ പഠനത്തിനായി കുടുംബശ്രീ വഴി കെഎസ്എഫ്ഇ നൽകുന്ന ലാപ്ടോപ്പിനായി പണമടച്ച കുട്ടികൾ ഇനിയും കാത്തിരിക്കണം. അപേക്ഷ അംഗീകരിച്ച മുഴുവൻ പേർക്കും ലാപ്ടോപ്പ് കൊടുത്തു തീർക്കാൻ സെപ്റ്റംബർ മാസമെങ്കിലുമാകും. പദ്ധതി പ്രഖ്യാപിച്ച് ഒരു കൊല്ലമാകുമ്പോൾ 4000 ലാപ്ടോപ്പുകളാണ് വിതരണത്തിന് എത്തിയത്. 20 ലക്ഷം കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇന്റർനെറ്റെത്തിക്കാൻ ലക്ഷ്യമിട്ട കെഫോൺ പദ്ധതിയുടെ ഫൈബർ ശൃംഖലയും പൂർത്തിയാകുന്നതേയുള്ളൂ.

പദ്ധതി പ്രഖ്യാപിച്ചിട്ട് ഒരു കൊല്ലമാകുന്നു. ലാപ്ടോപ്പിനായി ഇതുവരെ 1.44 ലക്ഷം കുടുംബശ്രീ അംഗങ്ങൾ ചേർന്നു. പണം കൃത്യമായി അടച്ചവരിൽ നിന്ന് തെരഞ്ഞെടുത്തത് 64,306 കുട്ടികളെ. ഇതിൽ 54,000 ലാപ്ടോപ്പുകൾക്ക് പർച്ചേസ് ഓർഡർ കൊടുത്തു. ഇപ്പോൾ വിതരണത്തിനെത്തിയത് 4000 ലാപ്ടോപ്പുകൾ. കരാറനുസരിച്ച് ബാക്കി ജൂലൈയോടെ കിട്ടേണ്ടതാണെന്ന് കുടുംബശ്രീയും കെഎസ്എഫ്ഇയും പ്രതീക്ഷിക്കുന്നു. 

പക്ഷെ കൊവിഡ് സാഹചര്യത്തിൽ എപ്പോൾ കൈയിലെത്തുമെന്നതിൽ ആശങ്കയുണ്ട്. പതിനായിരത്തിലധികം കുട്ടികളുടെ ലാപ്ടോപ്പ് പലകാരണങ്ങളാൽ ഇതുവരെ പർച്ചേസ് ഓർഡർ കൊടുത്തിട്ടില്ല. പർച്ചേസ് ഓർഡർ കൊടുത്താലും ഇത് കിട്ടാൻ സെപ്റ്റംബറെങ്കിലുമാകും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലേക്ക് സൗജന്യമായി ഇന്റർനെറ്റ് വിഭാവനം ചെയ്ത കെഫോൺ പദ്ധതിയും ഡിജിറ്റൽ പഠനത്തിൽ പിന്നിലായിപ്പോവുന്ന കുട്ടികളെ ലക്ഷ്യമിട്ടായിരുന്നു.

ഡിജിറ്റൽ ഡിവൈഡ് നികത്തുക കൂടി ലക്ഷ്യമിട്ട കെ ഫോൺ പദ്ധതി കേബിൾ ശൃംഖല പൂർത്തിയായിട്ടില്ല. പഠനം പൂർണമായി ഓൺലൈനിലേക്ക് മാറാനിരിക്കെയാണ് സുപ്രധാന അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ പൂർത്തീകരണം വെല്ലുവിളിയാകുമെന്ന മുന്നറിയിപ്പ്. എല്ലായിടത്തും വെല്ലുവിളി കൊവിഡ് തന്നെ.