തിരുവനന്തപുരം: പ്രളയമടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ തുടര്‍ച്ചയാകുന്ന സാഹചര്യത്തില്‍ ഹെലിക്കോപ്ടര്‍ വാടകക്കെടുക്കാൻ മന്ത്രിസഭയുടെ തീരുമാനം. പ്രകൃതി ദുരന്ത നിവാരണം, മാവോയിസ്റ്റ് വിരുദ്ധ പ്രവർത്തനം ,വി ഐ പി സുരക്ഷ എന്നിവയ്ക്കായാണ് ഹെലിക്കോപ്ടര്‍ വാടകയ്ക്കെടുക്കുക. ഇതുസംബന്ധിച്ച് ഇന്ന് നടന്ന മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. 

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥി യൂണിയനുകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാനും സര്‍ക്കാര്‍ തീരുമാനമായി. വിദ്യാര്‍ത്ഥി യൂണിയനുകളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പു വരുത്താന്‍ ലക്ഷ്യമിട്ടുള്ള കരട് ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി. 2019-ലെ കേരള വിദ്യാര്‍ത്ഥി യൂണിയനുകളും വിദ്യാര്‍ത്ഥി പരിഹാര അതോറിറ്റിയും ആക്ട് എന്നാണ് നിര്‍ദിഷ്ട നിയമത്തിന് പേര് നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ത്ഥി യൂണിയനുകള്‍ രൂപീകരിക്കുന്നതിനും വിദ്യാര്‍ത്ഥികളുടെ ന്യായമായ താല്‍പര്യങ്ങളും അക്കാദമിക് അവകാശങ്ങളും സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തന സ്വാതന്ത്ര്യം ഉറപ്പു വരുത്താനുമാണ് പുതിയ നിയമം. സംസ്ഥാനത്തെ കേന്ദ്ര സര്‍വകലാശാലയും കല്‍പ്പിത സര്‍വകലാശാലകളും ഉള്‍പ്പെടെയുള്ള എല്ലാ സര്‍വകലാശാലകളും മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇതിന്‍റെ പരിധിയില്‍ വരും.