Asianet News MalayalamAsianet News Malayalam

സെമി ഹൈസ്പീഡ് റെയില്‍: ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ തുടങ്ങുന്നു

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. റെയില്‍വേ മന്ത്രാലയം പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയ സാഹചര്യത്തിലാണ് ഈ തീരുമാനം

Kerala semi High Speed rail  land acquisition to begin soon
Author
Thiruvananthapuram, First Published Jan 23, 2020, 5:22 PM IST

തിരുവനന്തപുരം: സെമി ഹൈസ്പീഡ് റെയിൽപാതക്കായി ഭൂമി എറ്റടുക്കൽ നടപടി ആരംഭിക്കാൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. റെയില്‍വേ മന്ത്രാലയം പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കിയ സാഹചര്യത്തിലാണ് ഈ തീരുമാനം.

സാധ്യതാ പഠന റിപ്പോര്‍ട്ട് പ്രകാരം 1226 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. നിലവിലുള്ള റെയില്‍വേ ലൈനിന് സമാന്തരമായി പുതിയ പാത പോകുന്ന ഭാഗത്ത് റെയില്‍വേക്കുള്ള അധിക ഭൂമി ഈ പദ്ധതിക്ക് ഉപയോഗിക്കാമെന്ന് റെയില്‍വേ മന്ത്രാലയം സമ്മതിച്ചിട്ടുണ്ട്. ഉദ്ദേശം 200 ഹെക്ടര്‍ ഭൂമി ഈ നിലയില്‍ ലഭിക്കും. സ്ഥലമെടുപ്പ് വേഗത്തിലാക്കുന്നതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കൽ സെല്ലുകൾ ഉടനെ ആരംഭിക്കും.

ഇന്ത്യന്‍ റെയില്‍വേക്കും സംസ്ഥാന സര്‍ക്കാരിനും തുല്യ ഓഹരിയുള്ള കമ്പനിയാണ് 66,000 കോടി രൂപ ചെലവു വരുന്ന പദ്ധതി ഏറ്റെടുക്കുന്നത്. അന്താരാഷ്ട്ര ധനകാര്യ ഏജന്‍സികളില്‍ നിന്ന് വായ്പയെടുത്താണ് പദ്ധതി നടപ്പാക്കുക. ജര്‍മ്മന്‍ ബാങ്ക്, ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക്, ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോഓപ്പറേഷന്‍ ഏജന്‍സി (ജൈക്ക) എന്നിവയുമായി വായ്പ സംബന്ധിച്ച് ചര്‍ച്ച നടക്കുകയാണ്.

നിര്‍ദിഷ്ട സെമി ഹൈസ്പീഡ് റെയിലിലൂടെ ഓടുന്ന വണ്ടികളുടെ വേഗം 200 കി.മീറ്റര്‍ എന്നത് റെയില്‍വേ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. അതനുസരിച്ച് തിരുവനന്തപുരത്തു നിന്ന് ഒന്നര മണിക്കൂര്‍ കൊണ്ട് കൊച്ചിയിലും നാലു മണിക്കൂര്‍കൊണ്ട് കാസര്‍കോട്ടും എത്താന്‍ കഴിയും. 532 കി.മീറ്ററാണ് പാതയുടെ മൊത്തം നീളം. പാതയുടെ ആകാശ സര്‍വെയും ട്രാഫിക് സര്‍വെയും പൂര്‍ത്തിയായി. 2020 മാര്‍ച്ചില്‍ അലൈന്‍മെന്റിന് അവസാന രൂപമാകും. ഈ വര്‍ഷം തന്നെ നിര്‍മാണം ആരംഭിക്കാനും 2024 -ല്‍ പൂര്‍ത്തിയാക്കാനുമാണ് ലക്ഷ്യം.

തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ പത്ത് സ്റ്റേഷനുകളാണുണ്ടാവുക. ട്രെയിന്‍ കോച്ചുകള്‍ക്ക് ആഗോള നിലവാരമുണ്ടാകും. സ്റ്റേഷനുകളിലെ സൗകര്യങ്ങളും മികച്ചതായിരിക്കും. സെമി ഹൈസ്പീഡ് റെയില്‍ യാഥാര്‍ത്ഥ്യമായാല്‍ റോഡുകളിലെ തിരക്ക് കുറയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. ദിവസം 7500 കാറുകളെങ്കിലും റോഡില്‍ ഇറങ്ങില്ല. അഞ്ഞൂറോളം ചരക്കു ലോറികള്‍ റെയില്‍ മാര്‍ഗ്ഗമുള്ള ചരക്കുനീക്കത്തിലേക്ക് മാറും. ദേശീയ പാതകളിലെ അപകടം കുറയ്ക്കാന്‍ കഴിയുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്.

സൗരോര്‍ജം പോലെ, ഹരിതോര്‍ജം ഉപയോഗിച്ച് ട്രെയിന്‍ ഓടിക്കാനാണ് ഉദ്ദേശം. പുതിയ പാതയുടെ നിര്‍മാണഘട്ടത്തില്‍ വര്‍ഷം അരലക്ഷം പ്രദേശവാസികള്‍ക്ക് തൊഴില്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. പദ്ധതി പൂര്‍ത്തിയായാല്‍ ഉദ്ദേശം പരോക്ഷ തൊഴില്‍ ഉള്‍പ്പെടെ 11,000 പേര്‍ക്ക് ജോലി ലഭിക്കും.

Follow Us:
Download App:
  • android
  • ios