തിരുവനന്തപുരം: കേരള സർവ്വകലാശാലക്ക് കീഴിലെ കൊളെജുകളിൽ സ്പോട്ട് അഡ്മിഷൻ നടത്താനുള്ള കോളേജുകളുടെ അധികാരം നീക്കി. ഈ വർഷം എല്ലാ കോളേജുകളിലെയും ഒഴിവുകളിൽ സർവ്വകലാശാല  നേരിട്ട്  പ്രവേശനം നടത്തും.

യൂണിവേഴ്സിറ്റി കോളെജിലെ സ്പോട്ട് അഡ്മിഷൻ പ്രക്രിയയിലെ ക്രമക്കേടുകൾ ഏഷ്യാനെറ്റ് ന്യൂസ് പുറത്തുകൊണ്ടു വന്നതിന് പിന്നാലെയാണ് സർവ്വകലാശാലയുടെ നടപടി. ഏഷ്യാനെറ്റ് ന്യൂസിന്‍റെ മതിയാക്കാം ഗുണ്ടായിസം പരമ്പരയിലായിലൂടെയാണ് സ്പോട്ട് അഡ്മിഷന് പിന്നിലെ അട്ടിമറികളുടെ ചുരുളഴിഞ്ഞത്. 

ഏറ്റവും അവസാനം ഒഴിവു വരുന്ന സീറ്റുകളിലും സർക്കാർ കൂടുതൽ സീറ്റുകൾ അനുവദിക്കുന്ന കോഴ്സുകളിലുമാണ് അധ്യാപകരുടെ സഹായത്തോടെ അനർഹർ പ്രവേശനം നേടിയിരുന്നത്. ഓണ്‍ലൈൻ പ്രക്രിയക്ക് പുറത്തായിരുന്നു പ്രവേശന നടപടികൾ. സ്പോട്ട് അഡ്മിഷന് പിന്നിലെ ക്രമക്കേടുകൾ ഉയർത്തി സേവ് യൂണിവേഴ്സിറ്റി കോളെജ് ക്യാംപയൈന്‍ കമ്മിറ്റിയും സർവ്വകലാശാലക്ക് പരാതി നൽകിയിരുന്നു.