Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് സാമൂഹിക വ്യാപനമുണ്ടോ? റാപ്പിഡ് ആന്റിബോഡി പരിശോധന ഇന്ന് മുതൽ

ആദ്യഘട്ടമായി പതിനായിരം കിറ്റുകളാണ് എല്ലാ ജില്ലകളിലുമായി വിതരണം ചെയ്തത്. രോഗികളുടെ എണ്ണം കൂടുതലുളള പാലക്കാട്, കണ്ണൂർ, കാസർകോട്, മലപ്പുറം, തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളിൽ ആയിരം കിറ്റുകൾ വീതം ഉപയോഗിക്കും. 

kerala will start rapid antibody test today
Author
Thiruvananthapuram, First Published Jun 8, 2020, 7:07 AM IST

തിരുവനന്തപുരം: സമൂഹിക വ്യാപനം കണ്ടെത്താനുളള റാപ്പിഡ് പരിശോധന ഇന്ന് തുടങ്ങും. 15,000 പരിശോധനയാണ് ഒരാഴ്ച നടത്താനുദ്ദേശിക്കുന്നത്. കൊവിഡ് മൂന്നാംഘട്ടത്തിൽ സമ്പർക്കത്തിലൂടെയുളള രോഗികളുടെ എണ്ണം 148 ആയി. രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തിലാണ് പിസിആർ പരിശോധനയ്ക്ക് പുറമേ റാപ്പിഡ് ആന്റിബോഡി പരിശോധനയും നടത്താൻ സർക്കാർ തീരുമാനിച്ചത്. ആദ്യഘട്ടമായി പതിനായിരം കിറ്റുകളാണ് എല്ലാ ജില്ലകളിലുമായി വിതരണം ചെയ്തത്. രോഗികളുടെ എണ്ണം കൂടുതലുളള പാലക്കാട്, കണ്ണൂർ, കാസർകോട്, മലപ്പുറം, തൃശ്ശൂർ, തിരുവനന്തപുരം ജില്ലകളിൽ ആയിരം കിറ്റുകൾ വീതം ഉപയോഗിക്കും. 

മറ്റ് എട്ട് ജില്ലകളിൽ 500 കിറ്റ് വീതമാണ് ഉപയോഗിക്കുക. സർക്കാർ സ്വകാര്യ ആശുപത്രി ജീവനക്കാർ, പൊലീസുകാർ, തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാർ, ആശവർക്കർമാർ, മാധ്യമപ്രവർത്തകർ എന്നിവരെയായിരിക്കും പ്രധാനമായും പരിശോധിക്കുക. ആളുകളുമായി കൂടതൽ ഇടപെഴകാൻ സാധ്യതയുളള മറ്റ് വിഭാഗക്കാരെയും പരിശോധിക്കും. 

റാപ്പിഡ് പരിശോധനക്കായി ഒരു ലക്ഷം കിറ്റുകൾക്കാണ് എച്ച്എൽഎല്ലിന് മെഡിക്കൽ സർവീസസ് കോർപറേഷൻ ഓർഡർ നൽകിയത്. 
ആദ്യഘട്ടമായി എത്തിയ പതിനായിരം കിറ്റുകൾക്ക് പുറമേ നാൽപതിനായിരം കിറ്റുകൾ കൂടി ഉടനെ എത്തും. റാപ്പിഡ് ടെസ്റ്റ് കൂടി വ്യാപകമാകുന്നതോടെ സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണത്തിൽ കുതിച്ചുചാട്ടമുണ്ടാകും. നിലവിൽ ദിവസം തോറും മൂവായിരം പരിശോധനകളാണ് നടത്തുന്നത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താത്ത 33 കേസുകളാണിപ്പോൾ സംസ്ഥാനത്തുളളത്. ഇത്തരം കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ കൂടിയാണ് ഗ്രൂപ്പ് പരിശോധനകൾ വ്യാപകമാക്കുന്നത്.

Follow Us:
Download App:
  • android
  • ios