Asianet News MalayalamAsianet News Malayalam

'ഞാൻ പോസ്റ്റ്മാനല്ല', മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തുന്നത് എജിയുടെ ഓഫീസെന്ന് ഐസക്

കരട് റിപ്പോർട്ട് ധനകാര്യവകുപ്പിന് കിട്ടി, അതിന്‍റെ മേലുള്ള എക്സിറ്റ് മീറ്റിംഗും കഴിഞ്ഞ ശേഷമാണ്, കിഫ്ബി വായ്പകളെല്ലാം ഭരണഘടനാവിരുദ്ധമാണെന്ന നാല് പേജ് കൂട്ടിച്ചേർക്കപ്പെട്ടത്. ഇതെങ്ങനെ വന്നു? സർക്കാരിനോട് അഭിപ്രായം തേടാഞ്ഞതെന്ത്?

kiifbi cag controversy thomas issac against cag again
Author
Thiruvananthapuram, First Published Nov 19, 2020, 4:59 PM IST

തിരുവനന്തപുരം: അക്കൗണ്ടന്‍റ് ജനറലിന്‍റെ ഓഫീസ് മാധ്യമങ്ങൾക്ക് വിവരം ചോർത്തി നൽകുന്നുവെന്ന ആരോപണവുമായി ധനമന്ത്രി തോമസ് ഐസക്. കിഫ്ബി പുറത്തിറക്കുന്ന മസാലബോണ്ട് ഭരണഘടനാവിരുദ്ധമെന്ന് നേരത്തേ ധനവകുപ്പിനെ അറിയിച്ചിരുന്നുവെന്ന് ഇന്ന് ഒരു ദിനപത്രത്തിൽ വാർത്ത കണ്ടു. ഇതുമായി ബന്ധപ്പെട്ട് എല്ലാ ഫയലുകളും പരിശോധിച്ചെങ്കിലും ഇത്തരമൊരു കുറിപ്പ് ഒരു ഘട്ടത്തിലും സർക്കാരിനോ, ധനകാര്യസെക്രട്ടറിക്കോ കിഫ്ബിക്കോ കിട്ടിയിട്ടില്ലെന്നും ഐസക് പറയുന്നു. സിഎജി അന്തിമറിപ്പോർട്ട് നൽകിയെന്ന് 11-ന് പുറത്തിറക്കിയ വാർത്താക്കുറിപ്പ് 16-ാം തീയതി മാത്രം മാധ്യമങ്ങൾക്ക് കിട്ടിയതിൽ അസ്വാഭാവികതയുണ്ട്. സിഎജി റിപ്പോർട്ടിൻമേൽ നിയമപരിശോധന നടത്തുമെന്നും, സിഎജിക്ക് നൂറ് പേജുള്ള മറുപടി തയ്യാറാക്കിയിട്ടുണ്ടെന്നും ഐസക് വ്യക്തമാക്കുന്നു. സിഎജി റിപ്പോർട്ട് സഭയിൽ വെക്കും മുൻപ് ഭരണ ഘടനാവിദഗ്ദ്ധരെ കൊണ്ട് പരിശോധിപ്പിക്കുമെന്നും ഐസക് ഏറിയിച്ചു. 

കിഫ്ബി സംബന്ധിച്ച് 2018-19 ഓഡിറ്റ് റിപ്പോർട്ടിലെ നാല് പേജിലെ പരാമർശങ്ങൾ സർക്കാരിന്‍റെ അഭിപ്രായങ്ങൾ ആരാഞ്ഞ ശേഷമുള്ളതല്ലെന്ന് മന്ത്രി പറയുന്നു. ''ബന്ധപ്പെട്ട സ്ഥാപനത്തിന്‍റെ എല്ലാ രേഖകളും കണക്കുകളും സിഎജിക്ക് പരിശോധിക്കാം. പ്രസക്തമായ കാര്യങ്ങൾ എഴുതിക്കൊടുത്ത് അതാത് വകുപ്പിൽ നിന്ന് മറുപടി വാങ്ങാം. ആ മറുപടിയുടെ വെളിച്ചത്തിൽ കരട് റിപ്പോർട്ടുണ്ടാക്കും. അത് സർക്കാരിന് അയച്ച് തന്ന് മറുപടി വാങ്ങും. ഈ മറുപടിയെല്ലാം അടിസ്ഥാനപ്പെടുത്തി എക്സിറ്റ് മീറ്റിംഗുണ്ടാകും. അതിന് ശേഷം അന്തിമറിപ്പോർട്ട് വരും. കരട് റിപ്പോർട്ടിൽ കിഫ്ബിയെക്കുറിച്ച് രണ്ട് വരിയേയുള്ളൂ. എന്താണ് ഓഫ് ബജറ്റ് വായ്പയെടുക്കൽ, കിഫ്ബിയുടെ വായ്പയെടുക്കൽ എങ്ങനെ എന്നതൊന്നും കരടിലില്ല. കിഫ്ബി വായ്പ ഭരണഘടനാ വിരുദ്ധമെന്ന നിഗമനവും അതിലില്ല. കരട് റിപ്പോർട്ടും ഇത് സംബന്ധിച്ചുള്ള ചർച്ച നടക്കുന്ന എക്സിറ്റ് മീറ്റിംഗും കഴിഞ്ഞ ശേഷം കിഫ്ബി വായ്പകൾ ഭരണഘടനാവിരുദ്ധമെന്ന നാല് പേജ് കൂട്ടിച്ചേർക്കപ്പെട്ടു. ദുരുദ്ദേശപരമാണ്. നിഗമനങ്ങൾ അടിച്ചേൽപിക്കാൻ ഭരണഘടന സിഎജിക്ക് അവകാശം നൽകുന്നില്ല. ഇത് നിയമസഭ ചർച്ച ചെയ്യണമെന്ന് വാശി പിടിക്കുന്നത് ശരിയല്ല. ഇതാണ് സഭയുടെ അവകാശലംഘനം'', എന്ന് മന്ത്രി. 

''മസാലബോണ്ട് ഭരണഘടനാവിരുദ്ധമെന്ന് നേരത്തേ ധനവകുപ്പിനെ അറിയിച്ചിരുന്നുവെന്ന് ഒരു വാർത്ത കണ്ടു. ഞാനെല്ലാ ഫയലുകളും പരിശോധിച്ചു. ധനകാര്യസെക്രട്ടറിയോട് ആരാഞ്ഞു. കിഫ്ബിയിൽ നിന്നും വിവരം തേടി. ഇങ്ങനെയൊരു കുറിപ്പ്, ഒരു ഘട്ടത്തിലും സർക്കാരുമായി ചർച്ച ചെയ്തിട്ടില്ല. കരട് റിപ്പോർട്ടിൽ രണ്ട് ഖണ്ഡികയേയുള്ളൂ. ഇങ്ങനെയൊരു വാർത്ത ഈ മാധ്യമത്തിന് എവിടെ നിന്ന് കിട്ടി? സർക്കാരിന് കിട്ടിയിട്ടില്ല. പിന്നെ സിഎജി അല്ലാതെ മറ്റാരാണ് ഈ വിവരം പുറത്തുവിട്ടത്? ഇന്നലെ ഒരു ചർച്ചയിൽ ഒരു മാധ്യമപ്രവർത്തകൻ ഇത് പറയുകയും ചെയ്തു. എജിയുടെ ഓഫീസിൽ നിന്ന് ലഭിക്കുന്ന വിവരമനുസരിച്ച് എന്നാണ് പറഞ്ഞത്. സർക്കാരിന് എതിരായി ഒളിയുദ്ധം നടത്തുന്ന ഓഫീസാകരുത് എജിയുടേത്. അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ അത് സർക്കാരിനെഴുതണം. സർക്കാർ അത് പരിശോധിക്കുമല്ലോ. 

കരട് റിപ്പോർട്ട് ആണെന്ന് ആദ്യം പറഞ്ഞെങ്കിലും, അതല്ല അന്തിമ റിപ്പോർട്ട് തന്നെയാണെന്ന സിഎജിയുടെ വാർത്താക്കുറിപ്പ് കണ്ടപ്പോൾ തിരുത്താൻ തയ്യാറായതാണ് ഞാൻ. ഇത് ആദ്യമായല്ല എജിയുടെ ഓഫീസിൽ നിന്ന് വിവരങ്ങൾ ചോർത്തുന്നത്. കിഫ്ബി ഓഡിറ്റ് സംബന്ധിച്ച് ഇങ്ങനെ ആവശ്യപ്പെട്ടുവെന്നത് എങ്ങനെ ചോർന്ന് മാധ്യമങ്ങൾക്ക് കിട്ടി?

11-ന് ഇറങ്ങിയ വാർത്താക്കുറിപ്പ് 16-ന് മാത്രം ചാനലുകളിൽ വന്നതിന് പിന്നിൽ അസ്വാഭാവികതയുണ്ട്. ഇത്തരത്തിൽ വിവരം ചോർന്നത് ഗൗരവതരമാണ്. സിഎജിയുടെ അന്തിമറിപ്പോർട്ട് സഭയ്ക്ക് മുന്നിൽ വച്ച ശേഷമേ പുറത്തുവിടാൻ പാടുള്ളൂ എന്ന് റൂളിംഗുണ്ട്. പക്ഷേ, സർക്കാരിന് ഇത് നോക്കാൻ പാടില്ല എന്ന വ്യവസ്ഥയൊന്നുമില്ല. ഞാനിത് വരെ നോക്കിയിട്ടുണ്ട്. എന്‍റെ ജോലി പോസ്റ്റ്മാന്‍റേതല്ല. രഹസ്യമായ ഒരു രേഖ അങ്ങോട്ടും ഇങ്ങോട്ടും നോക്കാതെ കൊടുക്കലല്ല എന്‍റെ ജോലി. ധനകാര്യസെക്രട്ടറിയും ഇത് നോക്കും. മുഖ്യമന്ത്രിയും നോക്കും.

ധനസെക്രട്ടറി ഇത് കരടാണോ അന്തിമമാണോ എന്ന് പറഞ്ഞിട്ടില്ല. ഈ നാല് പേജ് കണ്ടിട്ടില്ലാത്തതിനാൽ അദ്ദേഹമത് പരിശോധിച്ചതാണ്. പൊതുമണ്ഡലത്തിലേക്ക് കൊണ്ടുപോകരുതെന്ന് മാത്രമേയുള്ളൂ. 

അസാധാരണസാഹചര്യമാണ് എജിയുടെ റിപ്പോർട്ട് സംസ്ഥാനത്തുണ്ടാക്കിയത്. 50,000-ൽപ്പരം പദ്ധതികൾക്ക് മേൽ ഡെമോക്ലിസിന്‍റെ വാൾ തൂക്കുകയാണ്. അസാധാരണ സാഹചര്യമാണ്. അസാധാരണ നടപടികൾ വേണ്ടി വരും. മസാല ബോണ്ട് വഴി വിദേശത്ത് നിന്ന് വായ്പയെടുത്തത് മാത്രമല്ല എജിയുടെ പരാമർശം. കിഫ്ബി വഴി എടുത്ത മുഴുവൻ വായ്പകളും ഭരണഘടനാവിരുദ്ധമാണെന്നാണ്. ഇത് എങ്ങനെ അംഗീകരിക്കാനാകും?

കിഫ്ബി നിയമം കേരള നിയമസഭ പാസ്സാക്കിയതാണ്. അതിൽ വായ്പയെടുക്കാൻ വ്യവസ്ഥകളുണ്ട്. 1999-ൽ കിഫ്ബി രൂപീകരിച്ചപ്പോൾ നിലവിലില്ലാതിരുന്ന രീതികൾ ഉപയോഗിച്ച് വായ്പയെടുക്കാം. വർഷം തോറും ആന്വിറ്റി, മോട്ടോർ വാഹനനികുതിയുടെ പകുതി കിഫ്ബിക്ക് നൽകാം. എന്ന ചട്ടം പാസ്സാക്കിയത് യുഡിഎഫിന്‍റെ കൂടി പിന്തുണയോടെയാണ്. പിന്നെ എന്തടിസ്ഥാനത്തിലാണ് ഇപ്പോൾ കിഫ്ബി വഴിയുള്ള എല്ലാ വായ്പകളും ഭരണഘടനാവിരുദ്ധമെന്ന സിഎജിയുടെ വാദത്തെ പ്രതിപക്ഷം പിന്തുണയ്ക്കുന്നത്? 

തനിക്ക് എതിരായ അവകാശലംഘനനോട്ടീസ് വലിയ പ്രശ്നമല്ല. സ്പീക്കർക്ക് മറുപടി നൽകും. സ്പീക്കർ ഉചിതമായ നടപടി സ്വീകരിക്കട്ടെ. സിഎജി റിപ്പോർട്ടിന്‍റെ ക്രമവിരുദ്ധത ഈ മറുപടിയിൽ ചൂണ്ടിക്കാട്ടും. സിഎജി റിപ്പോർട്ടിൻമേൽ നിയമപരിശോധന നടത്തും. സിഎജിക്ക് നൂറ് പേജുള്ള മറുപടി തയ്യാറാക്കിയിട്ടുണ്ട്. ഇത് സഭയിൽ വെക്കും മുൻപ് ഭരണ ഘടന വിദഗ്ദ്ധരെ കൊണ്ട് പരിശോധിപ്പിക്കും - എന്ന് ധനമന്ത്രി.

Follow Us:
Download App:
  • android
  • ios