Asianet News MalayalamAsianet News Malayalam

സുരേഷ്‌കുമാറിനോട് പിഴയടക്കാൻ ആവശ്യപ്പെട്ട സംഭവം: 2019 മുതലുള്ള അന്വേഷണത്തിന് ശേഷമെന്ന് കെഎസ്ഇബി

ഡെപ്യൂട്ടേഷൻ കാലത്തെ അച്ചടക്ക രാഹിത്യത്തിന് നടപടിയെടുക്കാനുള്ള അവകാശം നിയമനാധികാരിയായ കെ എസ് ഇ ബി ക്കാണെന്ന് വിശദീകരണം

KSEB explanation on action against labour union leader Suresh Kumar
Author
Thiruvananthapuram, First Published Apr 22, 2022, 5:46 PM IST

തിരുവനന്തപുരം: കെഎസ്ഇബിയിലെ ഭരണാനുകൂല സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷ് കുമാറിന് പിഴയടക്കാൻ നോട്ടീസ് നൽകിയത് ചട്ടപ്രകാരമാണെന്ന് കെഎസ്ഇബി. 2019 മുതലുള്ള അന്വേഷണത്തിനൊടുവിലാണ് നോട്ടീസ്. മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ വാഹനം ഉപയോഗിക്കാൻ അനുവദിച്ച് ഉത്തരവില്ല. ഡെപ്യൂട്ടേഷൻ കാലത്തെ അച്ചടക്ക രാഹിത്യത്തിന് നടപടിയെടുക്കാനുള്ള അവകാശം നിയമനാധികാരിയായ കെ എസ് ഇ ബി ക്കാണ്. നിയമപ്രകാരമാണ് നോട്ടീസെന്നും ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു.

വിശദീകരണ കുറിപ്പിന്റെ പൂർണ രൂപം

 

വാഹന ഉപയോഗം; നോട്ടീസ് ചട്ടപ്രകാരം.

1. കമ്പനിയുടെ വാഹനങ്ങൾ സാമ്പത്തിക നഷ്ടം ഉണ്ടാവുമാറ് അനുമതിയില്ലാതെ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചതിനുമുള്ള പണം ഒടുക്കുന്നതിന് 19-4-2022-ന് ഒരു എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് ബോർഡിനു വേണ്ടി നിയമനാധികാരി നോട്ടീസ് നൽകിയിട്ടുണ്ട്. ആയതിനെക്കുറിച്ച് ടി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഭാരവാഹിയായ ഒരു അസോസിയേഷനും മറ്റു ചിലർ സാമൂഹ്യ മാധ്യമങ്ങളിലും ഉന്നയിച്ചിരിക്കുന്ന ചില പ്രതികരണങ്ങൾ വസ്തുതാവിരുദ്ധമായതിനാൽ സ്പഷ്ടീകരിക്കുന്നു.

2. 2019 മുതൽ ബോർഡ് വിജിലൻസ് വിശദമായി പരിശോധിച്ചു കൊണ്ടിരിക്കുന്ന പരാതി ഫയലിലാണ്, രണ്ടു റിപ്പോർട്ടുകൾക്കു ശേഷമാണ് പ്രസ്തുത നടപടിയെടുത്തത്. ചീഫ് വിജിലൻസ് ഓഫീസറുടെയും അതിന്മേലുള്ള ഡയറക്ടർ (ഫിനാൻസ്)ന്റെയും വിശദ പരിശോധനയ്ക്ക് ശേഷം ഔദ്യോഗിക ആവശ്യങ്ങൾക്കല്ലാതെ വാഹനം ഉപയോഗിച്ചതായി വ്യക്തമായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ നോട്ടീസിൽ ആവശ്യപ്പെട്ട തുക ചട്ടപ്രകാരം ഒടുക്കാൻ അദ്ദേഹത്തിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുള്ളത്. സർക്കാരിൽ ഡെപ്യൂട്ടേഷനിലുള്ള അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉപയോഗിച്ച വാഹനം ടിയാന് ലഭ്യമാക്കാനുള്ള ഒരു ഉത്തരവും ബോർഡിന്റെ ബന്ധപ്പെട്ട ഓഫീസുകളിൽ നിന്നും പുറപ്പെടുവിച്ചതായി കാണുന്നില്ല. കമ്പനി സെക്രട്ടറി.യും ഭരണ വിഭാഗം സെക്രട്ടറിയും ഇത് അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചിട്ടുണ്ട്. വാഹനം ഉപയോഗിക്കാൻ അദ്ദേഹത്തെ അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവുകളുടെ പകർപ്പുകളും കമ്പനിയിൽ ലഭ്യമല്ല.

3. സർക്കാരിൽ ഔദ്യോഗിക വാഹനം താമസിക്കുന്ന സ്ഥലത്തേയ്ക്ക് യാത്ര ചെയ്യാൻ ഉപയോഗിക്കാൻ ഗവൺമെന്റ് സെക്രട്ടറിമാർക്കും വകുപ്പ് അദ്ധ്യക്ഷൻമാർക്കും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാർക്കും ജില്ലാ കളക്ടർമാർക്കും ഉയർന്ന പോലീസ് അധികൃതർക്കും മാത്രമേ അനുമതിയുള്ളൂ. അതിലുപരിയായി ഏതെങ്കിലും അഡീഷണൽ / അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയ്ക്ക് പ്രത്യേക അനുമതി നൽകിയിട്ടുണ്ട് എങ്കിൽ ആയതിന്റെ രേഖകൾ വാഹനം ഉപയോഗിച്ച വ്യക്തിയാണ് ഹാജരാക്കേണ്ടത്.

4. രണ്ടാമതായി ഉന്നയിക്കപ്പെട്ടിട്ടുള്ള പ്രശ്നം സർക്കാരിൽ ഡെപ്യൂട്ടേഷനിലായിരുന്ന കാലത്ത് അദ്ദേഹത്തിന്മേൽ കെ.എസ്.ഇ.ബി. കമ്പനിയ്ക്കോ ബോർഡിനോ ഒട്ടും അച്ചടക്കനടപടിയ്ക്ക് അധികാരം ഇല്ല എന്നുള്ളതാണ്. ഇക്കാര്യത്തിൽ ബന്ധപ്പെട്ട സർവ്വീസ് ചട്ടം പൂർണ്ണമായും വ്യക്തമാണ്. കേരളാ സിവിൽ സർവ്വീസ് ക്ലാസിഫിക്കേഷൻ കൺട്രോൾ റൂൾസ് 1960 വകുപ്പ് 20 പ്രകാരം ഡെപ്യൂട്ടേഷനിൽ പ്രവർത്തിയ്ക്കുന്ന ഉദ്യോഗസ്ഥന്റെമേൽ ഡെപ്യൂട്ടേഷൻ കാലയളവിനുള്ളിൽ കണ്ടെത്തുന്നതായ അച്ചടക്ക രാഹിത്യത്തിന് ഉദ്യോഗസ്ഥന്റെ നിയമനാധികാരിക്കുള്ള അധികാരം തന്നെ ഡെപ്യൂട്ടേഷൻ അനുവദിച്ച അധികാരിക്കും അക്കാലയളവിൽ ഉപയോഗിക്കാവുന്നതാണ് എന്ന് നിജപ്പെടുത്തിയിരിക്കുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ ഡെപ്യൂട്ടേഷനിലുള്ള കാലയളവിനെ സംബന്ധിച്ച് ഉയരുന്ന ആക്ഷേപം / ക്രമക്കേട് / ആരോപണം എന്നിവ ഡെപ്യൂട്ടേഷൻ അവസാനിച്ച ശേഷം പരിശോധിക്കാനുള്ള അധികാരം നിയമനം വിട്ടുകൊടുത്ത അധികാരിയിൽ തന്നെ പൂർണ്ണമായും നിക്ഷിപ്തമാണ്. ഡെപ്യൂട്ടേഷനു ശേഷം സേവനം വിട്ടുനൽകിയയാളെ വസ്തുത അറിയിക്കാനേ കഴിയൂ. എന്നു തന്നെയല്ല താൽക്കാലികമായി നിശ്ചിത സേവന കാലയളവിൽ അച്ചടക്ക സമാനമായ ശിക്ഷാവിധികൾ നടപ്പാക്കാനോ സേവനം കടം എടുത്ത വകുപ്പിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയ ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്നും തിരിച്ചു പിടിക്കാനോ സേവനവ്യവസ്ഥയിൽ സ്ഥായിയായി ഇടപെടാനോ സാധിക്കുകയില്ലായെന്ന് ചട്ടത്തിൽ നിന്നും സാമാന്യമായി വ്യക്തമാണ്. ഇക്കാര്യത്തിൽ ഉന്നയിക്കപ്പെടുന്നതുപോലെ ഒരു അവ്യക്തതയുമില്ല.

5. എന്നുതന്നെയല്ല, ഡെപ്യൂട്ടേഷൻ കാലയളവിൽ ഏതുതരം ശിക്ഷാവിധിയും അന്തിമമാക്കുന്നതിന് ആ.യതിനു മുൻപ് സേവനം വിട്ടുകൊടുത്ത നിയമനാധികാരിയുടെ അനുമതി ഉണ്ടാകേണ്ടതുമുണ്ട്. കടമെടുത്ത ഓഫീസിൽ നിന്നും വിടുതലിനുശേഷം അനുമതി വേണ്ടതില്ല. ആയതിനാൽ തന്നെ പൂർണ്ണമായും ചട്ടപ്രകാരമുള്ള കാരണം കാണിക്കൽ നോട്ടീസാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നൽകിയിട്ടുള്ളത്. സർക്കാരിലെ അധികൃതമായ ഏതെങ്കിലും ഓഫീസിൽ നിന്നും സ്വകാര്യ ആവശ്യത്തിന് ഉപയോഗിക്കുമ്പോൾ വേണ്ട തുക ഒടുക്കാതെ പ്രസ്തുത വാഹനങ്ങൾ ഉപയോഗിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട് എങ്കിൽ അക്കാര്യത്തിൽ പ്രസ്തുത ഉദ്യോഗസ്ഥന് തന്റെ വാദത്തിന്റെ ഭാഗമായി കമ്പനിയെ അറിയിക്കാവുന്നതാണ്. അഥവാ രേഖാമൂലം അപ്രകാരം അനുമതി ലഭിച്ചിട്ടുണ്ട് എങ്കിൽത്തന്നെ തനിയ്ക്ക് അനുവദിച്ച വാഹനത്തിന് ഉപരിയായി കേന്ദ്ര മേഖലാ വിതരണവിഭാഗം ചീഫ് എഞ്ചിനീയറുടെയടക്കമുള്ള ഇതര വാഹനങ്ങൾ അനുമതിയില്ലാതെ ഏറ്റെടുത്ത് സ്വദേശത്തേയ്ക്ക് യാത്ര ചെയ്യുവാൻ ഉപയോഗിക്കാൻ അവകാശം സിദ്ധിക്കുന്നതായി കാണുന്നില്ല. അപ്രകാരം ഔദ്യോഗിക ആവശ്യത്തിനു പോലും വിട്ടുകൊടുക്കാനും വ്യവസ്ഥയില്ല.

6. വൈദ്യുതി ബോർഡിലാകട്ടെ ആവശ്യമായ വാടക നൽകി സ്വകാര്യ ആവശ്യത്തിന് ബോർഡിന്റെ വാഹനങ്ങൾ ഉപയോഗിക്കാവുന്ന ഉദ്യോഗസ്ഥർ, ഡയറക്ടർമാർ, സെക്രട്ടറി, ചീഫ് എഞ്ചിനീയർ, ഫിനാൻഷ്യൽ അഡ്വൈസർ, ചീഫ് അക്കൌണ്ട്സ് ഓഫീസർ, ലാ ഓഫീസർ, ലീഗൽ ആൻഡ് ഡിസിപ്ലിനറി എൻക്വയറി ഓഫീസർ, ചീഫ് വിജിലൻസ് ഓഫീസർ, പബ്ലിക് റിലേഷൻസ് ഓഫീസർ എന്നിവർക്കു മാത്രമാണ്. ബോർഡിലെ അസിസ്റ്റന്റ് എക്യിക്യൂട്ടീവ് എഞ്ചിനീയർക്ക് സ്വകാര്യ ആവശ്യത്തിന് ഔദ്യോഗിക വാഹനം ഉപയോഗിക്കാനുള്ള കമ്പനിയുടെ യാതൊരു അനുമതിയുമില്ല.

7. ഓരോ യാത്രയുടെയും വിശദാംശം വിശദമായി വിശകലനം ചെയ്തും ബന്ധപ്പെട്ടവരെ കണ്ടു ചോദിച്ചുമാണ് വിജിലൻസ് വിഭാഗം സ്വകാര്യ യാത്രാ വിവരങ്ങളുടെ ശേഖരണം നടത്തിയിട്ടുള്ളത്. 100-ൽ അധികം പേജുള്ള വിശദമായ റിപ്പോർട്ടുകൾ പരിശോധിച്ച് നിയമപ്രകാരം നൽകിയിട്ടുള്ള കാരണം കാണിക്കൽ നോട്ടീസിന് വ്യക്തമായ മറുപടി നൽകുന്നതിനു പകരം മാധ്യമങ്ങളിൽ തീർത്തും അടിസ്ഥാനരഹിതമായ വാദഗതികൾ ഉന്നയിക്കുന്നതായി കണ്ടതിനാലാണ് ഈ വിശദീകരണം പ്രസിദ്ധീകരിക്കുന്നത്.

Follow Us:
Download App:
  • android
  • ios