തിരുവനന്തപുരം: കൊവിഡ് 19 നെ ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് തടസരഹിത വൈദ്യുതി വിതരണം നല്‍കാന്‍ കെഎസ്ഇബി. ഇതിനായി വിവിധ നടപടികള്‍ ഇതിനോടകം തന്നെ കെഎസ്ഇബി പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. സമൂഹവ്യാപനം ഒഴിവാക്കുന്നതിന് ജീവനക്കാര്‍ തമ്മിലുള്ള സമ്പര്‍ക്കം പരമാവധി കുറച്ച് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലികള്‍ ക്രമീകരിച്ചിട്ടുണ്ട്. 

ഏതെങ്കിലും സാഹചര്യത്തില്‍ ഷിഫ്റ്റിലുള്ള ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ പകരം സംവിധാനം ഒരുക്കുന്നതിന് വേണ്ടി സന്നദ്ധ സേന രൂപീകരിക്കാന്‍ കെഎസ്ഇബി തയ്യാറാവുകയാണ്. നിലവില്‍ മറ്റ് ഓഫീസുകളില്‍ ജോലി ചെയ്യുന്ന കെഎസ്ഇബി ജീവനക്കാര്‍, വിരമിച്ച ജീവനക്കാര്‍, കെഎസ്ഇബിയില്‍ കരാര്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് സന്നദ്ധ സേന തയ്യാറാക്കുന്നത്. താല്‍പര്യമുള്ളവര്‍ കെഎസ്ഇബി യുടെ ഔദ്യോഗിക വെബ് സൈറ്റായ www.kseb.in ല്‍ പേരും മറ്റ് വിവരങ്ങളും നല്‍കി രജിസ്റ്റര്‍ ചെയ്യണമെന്ന് അറിയിക്കുന്നു.