Asianet News MalayalamAsianet News Malayalam

വരുമാനം കൂടിയിട്ടും രക്ഷയില്ല; ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാൻ പോലും കാശില്ലാതെ കെഎസ്ആര്‍ടിസി

ഈ മാസവും 25 കോടി രൂപ സര്‍ക്കാര്‍ സഹായം കിട്ടിയാല്‍ മാത്രമേ ശമ്പളം വിതരണം പൂര്‍ത്തിയാക്കാന്‍ കെഎസ്ആര്‍ടിസിക്ക് സാധിക്കൂ. ശമ്പളവിതരണത്തിന് ഒരുമാസം 81 കോടി രൂപയാണ് വേണ്ടത്. ഇന്ധന ചെലവ് 88 കോടി വരും.

ksrtc crisis in salary has not been paid
Author
Thiruvananthapuram, First Published Feb 4, 2020, 9:20 AM IST

തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ട് മാസം വരുമാനം 200 കോടി കവിഞ്ഞിട്ടും കെഎസ്ആര്‍ടിസി കിതക്കുകയാണ്. സര്‍ക്കാര്‍ സഹായം കിട്ടിയിട്ടും വരവും ചെലവും തമ്മിലുള്ള അന്തരം പ്രതിമാസം ശരാശരി 30 കോടി കവിഞ്ഞു. സ്ഥാപനത്തിന്‍റെ ബാധ്യത സര്‍ക്കാര്‍ പൂര്‍ണമായി ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

ഡിസംബറില്‍ 213.28 കോടിയും ജനുവരിയില്‍ 204. 90 കോടിയുമായിരുന്നു കെഎസ്ആര്‍ടിസിയുടെ വരുമാനം. ശബരിമല സീസണാണ് തുണച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സര്‍ക്കാര്‍ സഹായമില്ലാതെ ശമ്പളം വിതരണം ചെയ്ത കെഎസ്ആര്‍ടിസിക്ക് ഇക്കുറി അതിന് കഴിഞ്ഞില്ല. സര്‍ക്കാരില്‍ നിന്ന് 25 കോടി സഹായം കൂടി കിട്ടയിതുകൊണ്ടാണ് ജനുവരിയില്‍ പത്താം തീയതിയോടെ ശമ്പള വിതരണം പൂര്‍ത്തിയാക്കിയത്. ഡിസംബറിലെ വരവും ചെലവും തമ്മിലുള്ള അന്തരം 78.21 കോടിയിയിരുന്നു. ഈ മാസവും 25 കോടി രൂപ സര്‍ക്കാര്‍ സഹായം കിട്ടിയാല്‍ മാത്രമേ ശമ്പളം വിതരണം പൂര്‍ത്തിയാക്കാന്‍ കെഎസ്ആര്‍ടിസിക്ക് സാധിക്കൂ.

ശമ്പളവിതരണത്തിന് ഒരുമാസം 81 കോടി രൂപയാണ് വേണ്ടത്. ഇന്ധന ചെലവ് 88 കോടി വരും. ഇന്‍ഷുറന്‍സ്, സ്പെയര്‍പാര്‍ട്സ്, കൺസോർഷ്യം  വായ്പ തിരച്ചടവ് എന്നിവക്കായി 60 കോടി രൂപ വേറെയും കണ്ടെത്തണം. വരുമാനവും ചെലവും തമ്മിലുള്ള അന്തരത്തിന് ഇതാണ് കാരണം. പോയവര്‍ശം അവസാന നാലുമാസം ഗഡുക്കളായി ശമ്പളം വിതരണം ചെയ്യേണ്ട സാഹചര്യമുണ്ടായി. തൊഴിലാളി സംഘടനകളുടെ സെക്രട്ടേറിയേററിനു മുന്നിലെ സമരത്തിന്‍റെ പശ്ചാത്തലത്തില്‍ ശമ്പളം മുടങ്ങില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയില്‍ മുണ്ട് മുറുക്കാന്‍ നിര്‍ബന്ധിതമായ സര്‍ക്കാരിന് ഈ വാക്ക് എത്ര നാള്‍ പാലിക്കാനാകുമെന്നാണ് ഏവരും ഉറ്റ് നോക്കുന്നത്.

Follow Us:
Download App:
  • android
  • ios