തിരുവനന്തപുരം: വടക്കാഞ്ചേരിയിലെ വിവാദമായ റെഡ് ക്രസന്‍റ് കെട്ടിടത്തിന് ശരിയായ നിർമാണാനുമതിയും ഇല്ലെന്ന് വിവരാവകാശ രേഖകൾ. നിലവിൽ വടക്കാഞ്ചേരി മുൻസിപ്പാലിറ്റി കെട്ടിടത്തിന് നിർമാണ പെർമിറ്റ് നൽകിയിരിക്കുന്നത് ഹാബിറ്റാറ്റിനാണ്. ഹാബിറ്റാറ്റ് സമർപ്പിച്ച പദ്ധതി രൂപരേഖയിൽ നിന്ന് കാര്യമായ മാറ്റം യൂണിടാക് വരുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിൽ നിലനിൽക്കുന്ന കെട്ടിടനിർമാണച്ചട്ടങ്ങൾ അനുസരിച്ച് അനുമതി പുതുക്കേണ്ടി വരും. ഇത് യൂണിടാക് വാങ്ങിയിട്ടില്ലെന്നാണ് വിവരാവകാശരേഖ വ്യക്തമാക്കുന്നത്.

203 വീടുകളുള്ള കെട്ടിടസമുച്ചയമാണ് ഹാബിറ്റാറ്റ് ആദ്യം നിർമിക്കാനുദ്ദേശിച്ചിരുന്നത്. ഇത് യൂണിടാകിന് കിട്ടിയപ്പോൾ പദ്ധതി രൂപ രേഖ തന്നെ മാറി. 140 വീടുകളുള്ള കെട്ടിടസമുച്ചയവും തൊട്ടടുത്ത് സ്ത്രീകളുടെയും കുട്ടികളുടെയും ഒരു ആശുപത്രിയും നിർമിക്കാൻ ആയിരുന്നു യൂണിടാക് സമർപ്പിച്ച പദ്ധതി രൂപരേഖയിൽ ഉണ്ടായിരുന്നത്. അതിനാൽത്തന്നെ കെട്ടിട നിർമാണാനുമതി പുതുക്കി വാങ്ങേണ്ടതാണ്. 

ഹാബിറ്റാറ്റിന്‍റെ ഫ്ലാറ്റ് രൂപരേഖയുടെ അത്ര വലിപ്പമില്ലാത്ത കെട്ടിടമാണ് ഇപ്പോൾ യൂണിടാക് നിർമിക്കുന്നത്. അതിനാൽത്തന്നെ പുതിയ കെട്ടിടനിർമാണാനുമതി ആവശ്യമില്ല, പക്ഷേ, നിർമാണാനുമതി പുതുക്കി വാങ്ങണം. അത് ചെയ്തിട്ടില്ല എന്നാണ് വിവരാവകാശരേഖ വ്യക്തമായി പറയുന്നത്. എല്ലാം നിർമിക്കൂ, ഒടുവിൽ കെട്ടിടത്തിന്‍റെ നിർമാണാനുമതി പുതുക്കാമെന്ന് ലൈഫ് മിഷൻ നിർദേശിച്ചതായും രേഖയിലുണ്ട്. 

സാങ്കേതികമായ മറുവാദമാണ് ഇതിന് ലൈഫ് മിഷൻ മുന്നോട്ടുവയ്ക്കുന്നത്. പദ്ധതി പൂർത്തിയായ ശേഷം നിർമാണാനുമതി വാങ്ങാമെന്നാണ് കരുതിയതെന്നാണ് ലൈഫ് മിഷൻ പറയുന്നത്. 20 കോടി രൂപയുടെ പദ്ധതിയാണ് വടക്കാഞ്ചേരിയിൽ നടപ്പാക്കുന്നത്. യുഎഇ റെഡ് ക്രസന്‍റിന്‍റെ സാമ്പത്തിക സഹായത്തോടെ, ലൈഫ് മിഷൻ പദ്ധതി വഴി, യൂണിടാക് ബിൽഡേഴ്സ് നിർമിക്കുന്ന പദ്ധതിയിൽ നിന്ന് സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നപ്രഭാ സുരേഷ് കമ്മീഷൻ പറ്റിയെന്ന റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ഇത് വിവാദമാകുന്നത്. ഒരു കോടി രൂപ ഈ പദ്ധതിയിലേക്ക് യൂണിടാകിനെ കൊണ്ടുവന്നതിലൂടെ കിട്ടിയെന്നായിരുന്നു സ്വപ്നയുടെ മൊഴി. 

ലൈഫ് മിഷൻ കെട്ടിടത്തിന്‍റെ രൂപരേഖയിൽ പല തവണ മാറ്റം വരുത്തി. വീടുകളുടെ എണ്ണം പല വട്ടം മാറ്റിച്ചു. ഒടുവിൽ പ്രീഫാബ്രിക്കേഷൻ ടെക്നോളജിയിലുള്ള കെട്ടിടമാണ് നിർമിക്കാനുദ്ദേശിക്കുന്നതെന്ന് പറഞ്ഞതോടെയാണ് അതിനോട് യോജിക്കാതെ പദ്ധതിയിൽ നിന്ന് ഹാബിറ്റാറ്റ് പിൻമാറിയത്. അങ്ങനെ യൂണിടാകിന് കരാർ കിട്ടി. എന്നാൽ വടക്കാഞ്ചേരിയിൽ നിർമിക്കുന്നതാകട്ടെ, സാധാരണ കോൺക്രീറ്റ് കെട്ടിടവുമാണ്.