കണ്ണൂർ: കണ്ണൂരിൽ സിപിഎം നിയന്ത്രണത്തിലുള്ള എകെജി സഹകരണാശുപത്രിയിൽ ഗുരുതരമായ ലോക്ക് ഡൗൺ ലംഘനം. ബസിൽ ആകെ ഉള്ള സീറ്റിന്റെ പകുതി സീറ്റിൽ മാത്രമേ ആളുകൾ യാത്ര ചെയ്യാവൂ എന്ന നിർദ്ദേശം നിലനിൽക്കെ, ആശുപത്രിയിലേക്ക് നൂറോളം ജീവനക്കാരെ കുത്തിനിറച്ച് എത്തിക്കുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ഇത്തരത്തിലുള്ള യാത്രകൾ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് വെല്ലുവിളിയാണെന്ന് കണ്ണൂർ ഡിഎംഒ വ്യക്തമാക്കി.

കൊവിഡ് ലോക്ക് ഡൗൺ ചട്ടപ്രകാരം, നാൽപത് സീറ്റുള്ള ബസ്സിൽ ഇരുപതിൽ താഴെ ആളുകൾക്ക് മാത്രമേ യാത്രചെയ്യാൻ അനുമതിയുള്ളൂ. പക്ഷെ ബസ്സിന്റെ മുഴുവൻ സീറ്റിലും അതിലേറെ പേർ നിന്നിട്ടും യാത്ര ചെയ്തു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം പൊലീസിന്റെ കൺമുന്നിലൂടെയായിരുന്നു ഈ യാത്ര.

ഇത്തരത്തിലുള്ള യാത്ര വലിയ പ്രശ്നമുണ്ടാക്കുമെന്ന് ഡിഎംഒ പ്രതികരിച്ചു. എന്നാൽ, മറ്റു ബസ്സുകൾ തകരാറായതിനാലാണ് ജീവനക്കാരെ ഒറ്റ ബസ്സിൽ കൊണ്ടുവന്നത് എന്ന ന്യായീകരണമാണ് ആശുപത്രി അധികൃതരുടെ നിരത്തുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി ഇങ്ങനെയാണ് യാത്ര ചെയ്തതെന്ന് ഡ്രൈവർ പറയുന്നു.