പാര്‍ലമെന്‍റ് അതിക്രമക്കേസില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും മൗനം പാലിച്ച് സര്‍ക്കാര്‍. അമിത്ഷാ മറുപടി പറയണമെന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തില്‍ ഇന്നും ലോക് സഭയും രാജ്യസഭയും സ്തംഭിച്ചു. അക്രമികള്‍ക്ക് പാസ് നല്‍കിയ എംപിയോട് പരസ്യം പ്രതികരണം വേണ്ടെന്ന് ബിജെപി നിര്‍ദ്ദേശം നല്‍കി.
Malayalam News Live : കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും

ഇരുപത്തിയെട്ടാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും. സമാപന ചടങ്ങിൽ തെന്നിന്ത്യൻ താരം പ്രകാശ് രാജ് മുഖ്യാത്ഥിഥിയാകും. എട്ട് ദിവസം നീണ്ട മേളയിൽ ഇത്തവണ സിനിമയെക്കാൾ ചർച്ചയായത് അക്കാദമി ചെയർമാന്റെ വിവാദ പരാമർശങ്ങളും അക്കാദമിയിലെ ഭിന്നതയുമാണ്.
പാര്‍ലമെന്‍റ് അതിക്രമം; രണ്ടാം ദിനവും മൗനം പാലിച്ച് സര്‍ക്കാര്‍, പ്രതിപക്ഷ പ്രതിഷേധത്തിൽ ഇരുസഭകളും സ്തംഭിച്ചു
ബംഗാൾ ഉള്‍ക്കടലിൽ ചക്രവാത ചുഴി; കേരളത്തിലും തമിഴ്നാട്ടിലും തീവ്രമഴയ്ക്ക് സാധ്യത
കേരളത്തിലും തമിഴ്നാട്ടിലും വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പ്രളയക്കെടുതിയില്‍നിന്ന് കരകയറിയ തമിഴ്നാട്ടില്‍ വീണ്ടും പെരുമഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തമിഴ്നാട്ടിലും പുതുച്ചേരിയിലും നാളെയും മറ്റന്നാളും അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.കേരളത്തിലും മഴ കനക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കേരളത്തില്‍ മറ്റന്നാള്‍ (17.12.23) പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
'വണ്ടിപ്പെരിയാര്‍ കേസ് അട്ടിമറിച്ചത് സിപിഎം, ഡിവൈഎഫ്ഐ നേതാവിനെ രക്ഷിക്കാന്‍ ശ്രമിച്ചു': വിഡി സതീശന്‍
വണ്ടിപ്പെരിയാർ പോക്സോ കേസിലെ കോടതി വിധി എല്ലാവരെയും ഞെട്ടിച്ചുവെന്നും നിരാശയുണ്ടാക്കുന്ന വിധിയാണ് ഉണ്ടായതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്‍ ചെയ്തത് തെറ്റാണ്. പ്രാഥമിക തെളിവുകൾ പോലും ശേഖരിച്ചില്ല. ശേഖരിച്ച തെളിവുകൾ കോടതിയിൽ ഹാജരാക്കിയില്ല. ലാഘവത്തോടെയാണ് പൊലീസ് കേസ് കൈകാര്യം ചെയ്തത്. സിപിഎം പ്രാദേശിക ജില്ലാ നേതൃത്വം ആണ് കേസ് ആട്ടിമറിച്ചത്. ഡിവൈഎഫ്ഐ നേതാവിനെ രക്ഷിക്കാൻ ശ്രമിച്ചു. സ്വന്തക്കാരെ രക്ഷിക്കാൻ എന്ത് ക്രൂര കൃത്യവും ആട്ടിമറിക്കും എന്നതിന്‍റെ തെളിവാണിതെന്നും വിഡി സതീശന്‍ ആരോപിച്ചു.
ചിങ്ങവനം സ്വകാര്യ ബാങ്ക് കൊള്ളയടിച്ച കേസ്; മുഖ്യപ്രതി കോടതിയിൽ കീഴടങ്ങി
കോട്ടയം ചിങ്ങവനം സ്വകാര്യ ബാങ്ക് കൊള്ളയടിച്ച കേസില്‍ മുഖ്യപ്രതി കോടതിയില്‍ കീഴടങ്ങി. കളഞ്ഞൂർ പാടം സ്വദേശി ഫൈസൽ രാജാണ് (35) കീഴടങ്ങിയത്. ഒരു കോടിയിൽ അധികം രൂപയുടെ സ്വർണവും പണവുമാണ് കോട്ടയം ചിങ്ങവനം സ്വകാര്യ ബാങ്കിൽ നിന്ന് കവർന്നത്. കേസില്‍ മുഖ്യപ്രതിയായ ഫൈസല്‍ രാജ് പത്തനംതിട്ട ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്ന് മുൻപാകെയാണ് കീഴടങ്ങിയത്. കൊടകര ഇസാഫ് ബാങ്ക് കവർച്ചാ കേസിലെയും മുഖ്യപ്രതിയാണ് ഫൈസൽ രാജ്. മറ്റു കവര്‍ച്ചാ കേസുകളിലും ഫൈസല്‍ രാജ് പ്രതിയാണ്.
വയോധികയെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തിൽ മരുമകൾ മഞ്ജുമോള്‍ റിമാൻഡിൽ
കൊല്ലത്ത് വയോധികയെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ മരുമകള്‍ മഞ്ജുമോള്‍ തോമസിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. തുടര്‍ന്ന് പ്രതിയായ മഞ്ജുമോളെ തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മാറ്റി. പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി റിമാന്‍ഡ് ചെയ്തത്. മക്കളെ പരിചരിക്കാനായി ജാമ്യം വേണമെന്നായിരുന്നു ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. എന്നാല്‍, കോടതി ഇത് പരിഗണിച്ചില്ല.
തേവലക്കര സംഭവത്തിൽ ഇടപെട്ട് മന്ത്രി ആർ ബിന്ദു
കൊല്ലം തേവലക്കരയിൽ വയോധികയെ ദേഹോപദ്രവമേൽപ്പിക്കുകയും അവരോട് മനുഷ്യത്വഹീനമായി പെരുമാറുകയും ചെയ്തത് അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു നിർദ്ദേശം നൽകി. ഏലിയാമ്മ എന്ന വയോധികയ്ക്ക് സ്വന്തം വീട്ടിൽ വെച്ച് മകന്റെ ഭാര്യയും അധ്യാപികയുമായ മഞ്ജു മോളിൽ നിന്ന് അതിക്രമം നേരിടേണ്ടി വന്ന സംഭവത്തിലാണ് മന്ത്രിയുടെ ഇടപെടൽ.
പാർലമെന്റ് അതിക്രമം
പാർലമെന്റ് അതിക്രമ കേസിലെ പ്രതികളിലൊരാളായ സാഗർ ശർമ്മയുടെ ഡയറിക്കുറിപ്പ് ഏഷ്യാനെറ്റ് ന്യൂസിന്. വീട് വിടാനും കടമ നിറവേറ്റാനും സമയമായെന്നും മാതാപിതാക്കളെ ഇക്കാര്യം ബോധ്യപ്പെടുത്തണമെന്നും ഡയറിക്കുറിപ്പിൽ പറയുന്നു. സാഗറിന്റെ ലഖ്നൗവിലെ വീട്ടിൽ നിന്നാണ് ഡയറിക്കുറിപ്പ് കണ്ടെത്തിയത്.
ഹാദിയ നിയമവിരുദ്ധ തടങ്കലിൽ അല്ല
ഹാദിയയെ കാണാനില്ലെന്നും മകളെ കണ്ടെത്താൻ നടപടി വേണമെന്നുമാവശ്യപ്പെട്ട് അച്ഛൻ അശോകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി അവസാനിപ്പിച്ചു. ഹാദിയ നിയമ വിരുദ്ധതടങ്കലിൽ അല്ലെന്ന് ബോധ്യമായതിനെ തുടർന്നാണ് കോടതി നടപടി. ഹാദിയ അമ്മയുമായി ഫോണിൽ സംസാരിക്കാറുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരം പുനർവിവാഹം ചെയ്തെന്നും പോലീസ് കോടതിയെ അറിയിച്ചിരുന്നു.
കാലടി സംസ്‌കൃത സർവകലാശാലയിൽ എസ്എഫ്ഐ ബാനർ
കാലടി സംസ്‌കൃത സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ബാനർ. സർവകലാശാല മുഖ്യ കവാടത്തിൽ എസ്എഫ്‌ഐയുടെ പേരിലാണ് ബാനർ കെട്ടിയിരിക്കുന്നത്. ശാഖയിലെ സംഘിസം സർവകലാശാലയിൽ വേണ്ട ഗവർണറേ എന്നാണ് ഇതിലുളളത്.
വണ്ടിപ്പെരിയാർ പോക്സോ കേസ്
വണ്ടിപ്പെരിയാർ പോക്സോ കേസിൽ കോടതി വിധി പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിധിയിൽ അപ്പീൽ നൽകാൻ തീരുമാനമെടുത്തതായും മുഖ്യമന്ത്രി അറിയിച്ചു. എന്താണ് സംഭവിച്ചതെന്ന് ഗൗരവമായി പരിശോധിക്കുമെന്നും സംസ്ഥാനത്തിന് അഭിമാനകരമായ കാര്യമല്ല സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പാർലമെന്റ് അതിക്രമ കേസിൽ മുഖ്യസൂത്രധാരന്റെ മൊഴി
പാർലമെന്റ് അതിക്രമ കേസിൽ പുതിയ വെളിപ്പെടുത്തലുമായി മുഖ്യസൂത്രധാരൻ ലളിത് ഝാ. മൊബൈൽ ഫോൺ കത്തിച്ചു കളഞ്ഞെന്നാണ് ഇയാൾ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. സാങ്കേതിക തെളിവ് ശേഖരണത്തിൽ ഇത് പൊലീസിന് വെല്ലുവിളിയാകും. രാജസ്ഥാനിൽവച്ച് മൊബൈൽ ഫോണുകൾ നശിപ്പിച്ചുവെന്നാണ് ഇയാളുടെ മൊഴി.
ജനസമ്പർക്ക പരിപാടിയുമായി തമിഴ്നാട് സർക്കാരും
പുതിയ ജനസമ്പർക്ക പരിപാടി നടപ്പിലാക്കാനൊരുങ്ങി തമിഴ്നാട് സർക്കാർ. ‘മക്കളുടൻ മുതൽവർ ‘എന്ന പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ് തമിഴ്നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിൻ. പദ്ധതി കോയമ്പത്തൂരിൽ വെച്ച് തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പരാതി പരിഹാര യോഗങ്ങൾ സംഘടിപ്പിക്കാനാണ് തീരുമാനം.
ഷബ്നയുടെ ആത്മഹത്യ; പ്രായം പരിഗണിച്ച് ഭർതൃപിതാവിന് ജാമ്യം; ഭർത്താവിന്റേയും സഹോദരിയുടേയും ഹർജി തള്ളി
ഓർക്കാട്ടേരിയിലെ ഷബ്നയുടെ ആത്മഹത്യയിൽ ഭർത്താവ് ഹബീബിന്റെയും സഹോദരിയുടേയും മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. റിമാന്റിലുള്ള ഭർതൃ മാതാവ് നബീസയുടേയും അമ്മാവൻ ഹനീഫയുടെയും ജാമ്യാപേക്ഷയും കോഴിക്കോട് ജില്ലാ കോടതി തള്ളി. അതേ സമയം, ഭർതൃപിതാവിന് പ്രായം പരിഗണിച്ച് കോടതി മുൻകൂർ ജാമ്യം നൽകി. ഭർത്താവിന്റെ അമ്മാവൻ മർദ്ദിച്ചതിന് പിന്നാലെയായിരുന്നു ഷബ്ന ആത്മഹത്യ ചെയ്തത്.
വണ്ടിപ്പെരിയാർ കേസ്; പ്രതി മുഖ്യമന്ത്രിയുടെ ജീവൻ രക്ഷാസംഘത്തിൽ അംഗം, അതുകൊണ്ട് രക്ഷിച്ചു; രാഹുൽ മാങ്കൂട്ടത്തിൽ
വണ്ടിപ്പെരിയാർ കേസിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കേസിലെ പ്രതി മുഖ്യമന്ത്രിയുടെ ജീവൻ രക്ഷ സംഘത്തിൽ അംഗമാണ്. അതുകൊണ്ട് ആ പ്രതിയുടെ ജീവൻ രക്ഷിക്കേണ്ടത് മുഖ്യമന്ത്രിയുടെ കടമയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം മാങ്കൂട്ടത്തിൽ നടത്തിയത്.
മുൻ മന്ത്രി കെ പി വിശ്വനാഥൻ അന്തരിച്ചു
മുതിർന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ പി വിശ്വനാഥൻ അന്തരിച്ചു. 83 വയസായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 9.35 നായിരുന്നു അന്ത്യം. രണ്ടുവട്ടം മന്ത്രിയും ആറുവട്ടം നിയമസഭാംഗവുമായിരുന്നു കെ പി വിശ്വനാഥൻ.
കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
കൊല്ലം തേവലക്കരയിൽ 80 കാരിയായ ഭർതൃമാതാവിനെ സ്കൂൾ അധ്യാപികയായ മരുമകൾ ഉപദ്രവിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം ജില്ലാ പൊലീസ് മേധാവി ഏഴ് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ശബരിമല നടവരവില്‍ കുറവ്
ശബരിമല നടവരവില്‍ 20 കോടി രൂപയുടെ കുറവ്. 28 ദിവസത്തില്‍ 1,34,44,90,495 കോടി രൂപയാണ് ശബരിമലയില്‍ നടവരവ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇത് 1,54,77,97,005 കോടി രൂപയായിരുന്നു. ഭക്തരുടെ എണ്ണത്തിൽ ഒന്നര ലക്ഷത്തിൻ്റെ കുറവാണ് ഉണ്ടായത്. Read More
കെ കൃഷ്ണൻകുട്ടി ആശുപത്രിയിൽ
നവകേരളസദസിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണ്. Read More
നടന്‍ ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം; സിനിമാ ചിത്രീകരണത്തിന് പിന്നാലെ കുഴഞ്ഞുവീണു
ബോളിവുഡ്, മറാഠി സിനിമാതാരം ശ്രേയസ് തല്‍പാഡെയ്ക്ക് ഹൃദയാഘാതം. വെല്‍കം ടു ദി ജംഗിള്‍ എന്ന സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുത്ത് വീട്ടിലെത്തിയ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. അന്ധേരിയിലെ ഒരു ആശുപത്രിയിലേക്ക് വൈകാതെ എത്തിച്ച അദ്ദേഹത്തിന് ആഞ്ജിയോപ്ലാസ്റ്റി ചെയ്തു. 47 വയസ് ആണ്.
തൊട്ടിലിന്‍റെ കയർ കഴുത്തിൽ കുരുങ്ങി ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം
തൊട്ടിലിന്‍റെ കയര്‍ കഴുത്തില്‍ കുരുങ്ങി ആറു വയസ്സുകാരിക്ക് ദാരുണാന്ത്യം.മലപ്പുറം കുറ്റിപ്പുറത്ത് ബംഗ്ലാ കുന്നിൽ ഹയാ ഫാത്തിമയാണ് ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം.തൊട്ടിലിൽ നിന്ന് ഇറങ്ങുന്നതിനിടെ കഴുത്തിൽ കയർ കുരു ങ്ങുകയായിരുന്നു. ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല