പൊലീസ് അന്വേഷണത്തിൽ വീഴ്ച ഉണ്ടായി എന്ന് കരുതുന്നില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞത് മാത്രമാണ് ജഡ്ജി കേട്ടതെന്നും കുട്ടിയുടെ കുടുംബം പ്രതികരിച്ചു.

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി അർജുനെ വെറുതെ വിട്ട കോടതി വിധി റദ്ദാക്കണമെന്ന് കുട്ടിയുടെ കുടുംബം. ഈ ആവശ്യം ഉന്നയിച്ചു അപ്പീൽ നൽകുമെന്ന് ആറ് വയസുകാരിയുടെ കുടുംബം ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ വീഴ്ച ഉണ്ടായി എന്ന് കരുതുന്നില്ലെന്നും പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞത് മാത്രമാണ് ജഡ്ജി കേട്ടതെന്നും കുട്ടിയുടെ കുടുംബം പ്രതികരിച്ചു.

പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ പ്രോസിക്യൂഷൻ അടുത്ത ദിവസം അപ്പീൽ നൽകും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ അനുമതി ലഭിച്ചാലുടൻ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സുനിൽ മഹേശ്വരൻ പിള്ള പറഞ്ഞു. അ‍ർജുനെതിരെ ശാസ്ത്രീയ തെളിവുകൾ ആവശ്യത്തിനുണ്ടെന്നാണ് പ്രോസിക്യൂഷൻ്റെ വാദം. അതേസമയം, പൊലീസ് അന്വേഷണത്തിൽ വീഴ്ചയുണ്ടായെന്നും കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. കേസിലെ യഥാർത്ഥ പ്രതിയെ കണ്ടെത്താൻ പുനരന്വേഷണം ആവശ്യപ്പെടുമെന്ന് അർജുന്റെ അഭിഭാഷകനും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, കേസില്‍ പ്രതിയെ രക്ഷിക്കാൻ ബാഹു സമ്മർദ്ദം ഉണ്ടായെന്ന് കരുതുന്നില്ലെന്ന് മന്ത്രി പി രാജീവ് പ്രതികരിച്ചു. ഇത്തരം ഒരു കേസിൽ ആരും ഇടപെടില്ല. കുറ്റമറ്റ രീതിയിലാണ് അന്വേഷണം നടന്നത്. കോടതി പൊലീസിനെ വിമർശിച്ചത് ഏത് സാഹചര്യത്തിലാണെന്ന് പരിശോധിക്കണമെന്നും പി രാജീവ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു.