കോട്ടയം: ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശനം സംബന്ധിച്ച് അഭ്യൂഹം ശക്തമായിരിക്കെ പാലാ നിയമസഭാ സീറ്റില്‍ നിലപാട് വ്യക്തമാക്കി മാണി സി കാപ്പൻ എംഎല്‍എ. ജോസ് കെ മാണി ഇടതു പക്ഷത്ത് എത്തിയാലും പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുഡിഎഫ് പുറത്താക്കുമെന്ന് ഉറപ്പായതോടെ ജോസ് കെ മാണി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചനകള്‍.

 ജോസ് കെ മാണിക്ക് സ്വാഗതമെന്ന് സൂചിപ്പിച്ച് കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനിയില്‍ ലേഖനമെഴുതിയതോടെ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് ജോസ് പക്ഷം ഇടത് മുന്നണിയിലേക്ക് എത്താനാണ് സാധ്യത. പെട്ടെന്നുള്ള എല്‍ഡിഎഫ് പ്രവേശനം അണികള്‍ക്ക് ഉള്‍ക്കൊള്ളാനാകില്ലെന്ന തിരിച്ചറിവിലാണ് ജോസ് പക്ഷം മുന്നണി പ്രവേശനം വൈകിപ്പിക്കുന്നത്.

നിയമസഭയില്‍ അവിശ്വാസ പ്രമേയം വന്ന ഇക്കഴിഞ്ഞ 24ന് മുൻപ് ജോസ് കെ മാണി കോടിയേരി ബാലകൃഷ്ണനുമായി മുന്നണി പ്രവേശനം സംബന്ധിച്ച ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. ജോസ് കെ മാണിയും കൂട്ടരും ഇടത് മുന്നണിയിലെത്തുമെന്ന് ഏകദേശം ഉറപ്പായതോടെ  പാലാ നിയമസഭാ സീറ്റ് സംബന്ധിച്ചുള്ള തര്‍ക്കം തുടങ്ങി കഴിഞ്ഞു. രാജ്യസഭയില്‍ അവസരം നല്‍കി അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ സിപിഎം നടത്തുന്നുണ്ടെങ്കിലും മാണി സി കാപ്പൻ വഴങ്ങില്ല എന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നത്.

ജോസ് പക്ഷത്തിന്‍റെ സിറ്റിംഗ് സീറ്റായ കാഞ്ഞിരപ്പള്ളിയില്‍ ഇടത് മുന്നണിയിലെ സിപിഐയാണ് മത്സരിക്കാറുള്ളത്. കാഞ്ഞിരപ്പള്ളി വിട്ട് കൊടുക്കില്ലെന്ന് സിപിഐയും നിലപാട് എടുത്തതോടെ അവിടെയും തര്‍ക്കം വരും. അതുകൊണ്ട് ആദ്യം പ്രാദേശിക ധാരണയുണ്ടാക്കിയ ശേഷം നിയമസഭാ സീറ്റുകളിലുള്‍പ്പെടെ വിശദമായ ചര്‍ച്ച കഴിഞ്ഞേ ജോസിന്‍റെ ഔദ്യോഗിക മുന്നണി പ്രവേശനം ഉണ്ടാകൂ.