കൽപ്പറ്റ: മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ മാവോയിസ്റ്റ് സംഘമെത്തി. നിലമ്പൂരിനടുത്ത് മുണ്ടേരി തണ്ടങ്കല്ല് കോളനികളിലാണ് മാവോയിസ്റ്റുകൾ എത്തി പോസ്റ്റർ പതിച്ച് മടങ്ങിയത്. പ്രളയത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട വിവിധ കോളനികളിലെ ആദിവാസികൾക്ക് വീടും സ്ഥലവും നൽകണമെന്നാണ് പോസ്റ്ററിൽ ആവശ്യപ്പെടുന്നത്. സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയ സമിതിയുടെതാണ് പോസ്റ്റർ. ഒരു സ്ത്രീ ഉൾപ്പടെ നാല് പേരാണ് സംഘത്തിലുണ്ടായിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. മുഴുവൻ ആദിവാസികൾക്കും ദുരിതാശ്വാസ സഹായം നൽകുക, തൊഴിൽ രഹിതരായ ആദിവാസികൾക്ക് മുണ്ടേരി ഫാമിൽ തൊഴിൽ നൽകുക എന്നീ ആവിശ്യങ്ങളും പോസ്റ്ററിൽ ഉണ്ട്.