Asianet News MalayalamAsianet News Malayalam

എ സമ്പത്തിന്റെ നിയമനം: ന്യായീകരിച്ച് മന്ത്രി എംഎം മണി

എല്ലാ കാര്യത്തിലും തുടക്കത്തിലേ സർ‍ക്കാരിനെ വിമർ‍ശിക്കുക എന്ന രീതി മാറ്റണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി

Minister MM Mani justifies Ex MP Dr A Sampath's appointment with cabinet rank in delhi
Author
Thiruvananthapuram, First Published Aug 2, 2019, 7:05 PM IST

തിരുവനന്തപുരം: മുൻ എംപി എ സമ്പത്തിനെ ക്യാബിനറ്റ് പദവിയോടെ ദില്ലിയിൽ നിയമിച്ചതിനെ ന്യായീകരിച്ച് വൈദ്യുതി മന്ത്രി എംഎം മണി. മൂന്ന് വട്ടം ദില്ലിയിൽ പാർലമെന്റംഗമായിരുന്നത് കൂടി പരിഗണിച്ചാണ് അദ്ദേഹത്തെ നിയമിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. 

"കേന്ദ്രമന്ത്രിമാരെ ഉൾപ്പെടെ കാണാനും സംസാരിക്കാനും കഴിയുന്നതിനു വേണ്ടിയാണ് ക്യാബിനറ്റ് റാങ്ക് നല്കി‍യത്" എന്ന് മന്ത്രി പറഞ്ഞു. "എല്ലാ കാര്യത്തിലും തുടക്കത്തിലേ സർ‍ക്കാരിനെ വിമർ‍ശിക്കുക എന്ന രീതി മാറ്റി, ഇക്കാര്യത്തിൽ എ. സമ്പത്തിന്റെ പ്രവർത്തനവും അതുവഴി സംസ്ഥാനത്തിന് ലഭിക്കുന്ന നേട്ടങ്ങളും പരിശോധിച്ചതിനു ശേഷം വിലയിരുത്തുകയാകും ഉചിതം," എന്നും മന്ത്രി കൂട്ടിച്ചേർത്തു.

മന്ത്രി എംഎം മണിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

മുൻ എം.പി. ഡോ. എ. സമ്പത്തിനെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ ‍ ക്യാബിനറ്റ് പദവിയോടെ നിയമിച്ചതിനെ ചിലർ വിമർ‍ശിക്കുന്നു. കാര്യം മനസ്സിലാക്കാതെയാണ് ഇത്തരം വിമർശനം. തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളായ തെലങ്കാന, തമിഴിനാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്നും ഡൽഹിയിൽ‍ വളരെ മുമ്പേ അവരുടെ പ്രതിനിധികളുണ്ട്. നാലു പേരാണ് തെലങ്കാനക്ക് ഡൽഹിയിൽ ഉള്ളത്. സംസ്ഥാനങ്ങളിൽ നിരവധി കേന്ദ്രപദ്ധതികൾ നടപ്പാക്കുന്നുണ്ട്. അവ കൃത്യമായി നേടിയെടുക്കുക, ഫോളോ അപ്പ് ചെയ്യുക, ആവശ്യമായ ഇടപെടൽ‍ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം നിയമനങ്ങൾ. കേന്ദ്രമന്ത്രിമാരെ ഉൾപ്പെടെ കാണാനും സംസാരിക്കാനും കഴിയുന്നതിനു വേണ്ടിയാണ് ക്യാബിനറ്റ് റാങ്ക് നല്കി‍യത്. രാഷ്ട്രീയ ഇടപെടലുകൾ ആവശ്യമായ ഘട്ടത്തിൽ‍ അതിനുപകരിക്കാൻ കൂടിയാണ് മൂന്നു തവണ എം.പി.യായിരുന്നപ്പോളുള്ള ദില്ലിയിലെ പരിചയ സമ്പത്തു കൂടി കണക്കിലെടുത്ത് എ. സമ്പത്തിനെ നിയമിച്ചത്. ഇത് കേരളത്തിന് ഗുണം ചെയ്യുമെന്ന കാര്യത്തിൽ‍ സംശയമില്ല.

എല്ലാ കാര്യത്തിലും തുടക്കത്തിലേ സർ‍ക്കാരിനെ വിമർ‍ശിക്കുക എന്ന രീതി മാറ്റി, ഇക്കാര്യത്തിൽ എ. സമ്പത്തിന്റെ പ്രവർത്തനവും അതുവഴി സംസ്ഥാനത്തിന് ലഭിക്കുന്ന നേട്ടങ്ങളും പരിശോധിച്ചതിനു ശേഷം വിലയിരുത്തുകയാകും ഉചിതം.

Follow Us:
Download App:
  • android
  • ios