തിരുവനന്തപുരം: കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വിദൂര പ്രദേശങ്ങളിലെ ആദിവാസി മേഖലകളിലെ മൊബൈല്‍ ഹെല്‍ത്ത് യൂണിറ്റുകള്‍ കൂടുതല്‍ സജീവമാക്കുമെന്ന് മന്ത്രി എ കെ ബാലന്‍. സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ ആദിവാസി മേഖലകളില്‍ ഭക്ഷണം, നിത്യോപയോഗ സാധനങ്ങള്‍  എത്തുന്നതിന് പ്രശ്‌നം നേരിടുന്നില്ല.

ബന്ധപ്പെട്ട വകുപ്പ് അതിനുവേണ്ട നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. നിലവിലെ സാഹചര്യം മുന്‍കൂട്ടികണ്ട്  ആദിവാസി മേഖലകളില്‍ ഭക്ഷ്യവസ്തുക്കളുടെ കിറ്റ് വിതരണം നേരത്തെ നടത്തിയിട്ടുള്ളതായും ഇതിന് പുറമെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യകിറ്റുകളും മേഖലകളില്‍ വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു. പറമ്പിക്കുളം ഉള്‍പ്പെടെയുള്ള ട്രൈബല്‍  പ്രദേശങ്ങളില്‍ ചില പ്രശ്‌നങ്ങള്‍ നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതിനുവേണ്ട പരിഹാരനടപടികള്‍ സ്വീകരിച്ചു വരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കോട്ടയം ജില്ലയിലെ പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ ലോക്ക് ഡൗണ്‍ നിബന്ധനകള്‍ ലംഘിച്ച് തെരുവിലിറങ്ങിയ സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊവിഡിനെ ചെറുക്കാന്‍ നാടാകെ ഒറ്റക്കെട്ടായി രംഗത്തിറങ്ങേണ്ട സമയത്ത് ഒരു കാരണവശാലും നടക്കാന്‍ പാടില്ലാത്ത സംഭവമാണ് ഇന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതിഥി തൊഴിലാളികളോട് എല്ലാ ഘട്ടത്തിലും ഏറ്റവും കരുതലോടെയുള്ള നിലപാട് സ്വീകരിച്ച സംസ്ഥാനമാണ് കേരളം. അവര്‍ക്ക് താമസവും ഭക്ഷണവും വൈദ്യസഹായവും എല്ലാം ഇവിടെ ഏര്‍പ്പെടുത്തിയിരുന്നു. ഇവിടെ അവര്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ പറ്റാത്ത ഒരു സാഹചര്യവും നിലവിലില്ല.

എന്നിട്ടും പായിപ്പാട്ട് കൂട്ടത്തോടെ അവര്‍ തെരുവിലിറങ്ങിയതിന്റെ പിന്നില്‍ സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചില ശക്തികള്‍ ഉണ്ട് എന്നതിന്റെ സൂചനയാണ്. അത്തരം ഗൂഢാലോചന നടത്തിയവരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.