Asianet News MalayalamAsianet News Malayalam

പഴകിയ മത്സ്യങ്ങളെ തൂത്തുവാരി ഓപ്പറേഷന്‍ സാഗര്‍ റാണി; 7754 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു

ശനിയാഴ്ച ആരംഭിച്ച ഓപ്പറേഷന്‍ സാഗര്‍ റാണിലൂടെ ഈ സീസണില്‍ 50,836 കിലോ പഴകിയ മത്സ്യമാണ് സംസ്ഥാനത്താകെ പിടികൂടിയത്. ഇന്നത്തെ പരിശോധനയിൽ 20 വ്യക്തികള്‍ക്ക് നോട്ടീസ് നല്‍കി. 

Operation sagar rani 7557 kg old fish seize in kerala
Author
Thiruvananthapuram, First Published Apr 9, 2020, 6:59 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് പഴകിയ മത്സ്യം പിടികൂടുന്നതിനായുളള പരിശോധന തുടരുന്നു. ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 7754.5 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്താകെ 211 കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. 20 വ്യക്തികള്‍ക്ക് നോട്ടീസ് നല്‍കി. 

ശനിയാഴ്ച ആരംഭിച്ച ഓപ്പറേഷന്‍ സാഗര്‍ റാണിലൂടെ ഈ സീസണില്‍ 50,836 കിലോ പഴകിയ മത്സ്യമാണ് സംസ്ഥാനത്താകെ പിടികൂടിയത്. തിരുവനന്തപുരം 13, കൊല്ലം 8, പത്തനംതിട്ട 8, ആലപ്പുഴ 38, കോട്ടയം 24, ഇടുക്കി 4, എറണാകുളം 28, തൃശൂര്‍ 23, പാലക്കാട് 5, മലപ്പുറം 23, കോഴിക്കോട് 17, വയനാട് 5, കണ്ണൂര്‍ 8 കാസര്‍ഗോഡ് 6 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ പരിശോധനകള്‍ നടത്തിയത്. തമിഴ്‌നാട്ടില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുവന്ന 26 ടണ്‍ കേടായ മത്സ്യമാണ് പിടിച്ചത്. കൊല്ലത്ത് നിന്നും 4700 കിലോഗ്രാം കേടായ മത്സ്യവും കോട്ടയത്തു നിന്നും 2555 കിലോഗ്രാം കേടായ മത്സ്യവും പിടിച്ചെടുത്തു.

ഭക്ഷണവസ്തുക്കളില്‍ മായം കലര്‍ത്തുന്നത് ഗുരുതരമായ കുറ്റമാണ്. ആരോഗ്യത്തെ സാരമായി ബാധിക്കുന്നതാണിത്. ഈ ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ബുദ്ധിമുട്ടിലാകുമ്പോള്‍ ഇത്തരത്തില്‍ മായം കലര്‍ത്തുന്നത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കെ കെ ശൈലജ കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം സംസ്ഥാനത്ത് കൊണ്ടുവരുന്നതും സംഭരിക്കുന്നതും വില്‍ക്കുന്നതും ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006ലെ സെക്ഷന്‍ 50, 58, 59 അനുസരിച്ച് 5 ലക്ഷം രൂപ പിഴയും സെക്ഷന്‍ 59 പ്രകാരം ആറുമാസം വരെ തടവും ഒരുലക്ഷം രൂപ പിഴയും ലഭിക്കുന്ന ക്രിമിനല്‍ കുറ്റവുമാണ്.

മത്സ്യം കയറ്റി വരുന്ന വാഹനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷ ലൈസന്‍സ് നിര്‍ബന്ധമാണ്. അതിനുപയോഗിക്കുന്ന പെട്ടികള്‍ അണുവിമുക്തമാക്കിയിരിക്കണം. മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്ന ഐസ് ശുദ്ധ ജലത്തിലുള്ളതായിരിക്കണം. മത്സ്യം കേടാകാതെ സൂക്ഷിക്കുന്നതിന് രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത് ഗുരുതര കുറ്റമാണ്. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ അതാത് ജില്ലകളിലെ അസി. ഭക്ഷ്യസുരക്ഷ കമ്മീഷണര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പൊതുജനാരോഗ്യത്തിന് ഹാനീകരമാകുന്ന മത്സ്യം കണ്ടെത്തിയാല്‍ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കുന്നതിനും നിയമാനുസൃതം അത് നശിപ്പിച്ചു കളയുന്നതിനും അതാത് അധികാര പരിധിയിലെ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരേയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Follow Us:
Download App:
  • android
  • ios