തിരുവനന്തപുരം: ആഡംബരബസുകൾക്ക് പെർമിറ്റ് ഒഴിവാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ  നിലപാട്  ശക്തമാക്കി സംസ്ഥാനസർക്കാർ. അടുത്ത ബുധനാഴ്ച തൊളിലാളിസംഘടനകളുടെ യോഗം വിളിക്കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. 

22 സീറ്റുകളിൽ കൂടുതലുള്ള ആഡംബര ടൂറിസറ്റ് ബസുകളെ പെർമിറ്റില്ലാതെ ഓടാൻ അനുവദിക്കുന്നതിന് മോട്ടർവാഹനനിയമത്തിൽ ഭേദഗതി വരുത്താനാണ് കേന്ദ്രസർക്കാരിന്‍റെ നിക്കം. ഇക്കാര്യത്തിൽ സംസ്ഥാനത്തിന്റെ അഭിപ്രായം അറിയിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. റൂട്ടും നിരക്കും നിശ്ചയിച്ച് യാത്രക്കാരെ കൊണ്ടുപോകുന്നതിനുള്ള സ്റ്റേജ് ക്യാരേജ് പെർമിറ്റ് ഇതോടെ ഇല്ലാതാകും. ഇത് പൊതു ഗതാഗതസംവിധാനത്തെ ഇല്ലാതാക്കുമെന്നാണ് സംസ്ഥാനസർക്കാരിന്റെ നിലപാട്. അതിനാൽ നിയമവശമുൾപ്പടെ പരിശോധിച്ച ശേഷമായിരിക്കും സംസ്ഥാനസർക്കാർ കേന്ദ്രത്തിന് മറുപടി നൽകുകയെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി

യാത്രാനിരക്കിന്റെ പേരിൽ കൊള്ളയാകും നടക്കുകയെന്നാണ് സർക്കാരിന്റെ മറ്റൊരാശങ്ക. കെ എസ് ആർ ടി സിയെയും ചെറുകിട സ്വകാര്യബസ് സർവീസുകളെയും ഇത് പ്രതിസന്ധിയിലാക്കുമെന്നും സർക്കാരിന് ആശങ്കയുണ്ട്. വിഷയം സംബന്ധിച്ച്  ട്രാന്‍ൻസ്പോർട്ട് കമ്മീഷണർ ഉൾപ്പടെയുള്ളവരുമായി ഗതാഗതമന്ത്രി ചർച്ച നടത്തി.