Asianet News MalayalamAsianet News Malayalam

കേന്ദ്രം കോടികളുടെ ഗ്രാന്റുകൾ തരുന്നില്ല, കടമെടുപ്പ് പരിധിയും വെട്ടി; ശ്വാസംമുട്ടിക്കുന്നു: മുഖ്യമന്ത്രി

ഫ് വീടുകൾ ഓരോരുത്തരുടെയും സ്വന്തമാണ്. അവിടെ എന്തെങ്കിലും എഴുതിവക്കാനാകില്ല. അത്തരത്തിൽ ഒരു ബ്രാന്റിംഗിനും കേരളം തയ്യാറല്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ വാർത്താ സമ്മേളനത്തിൽ നിന്ന്...

pinarayi vijayan Chief minister of kerala press meet today apn
Author
First Published Jan 27, 2024, 6:29 PM IST

തിരുവനന്തപുരം :  കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. കേന്ദ്ര നയങ്ങൾ നവകേരള സൃഷ്ടിക്ക് തടസമാണ്. സാമ്പത്തിക പ്രതിസന്ധി കേരളത്തെ വരിഞ്ഞ് മുറുക്കുന്നു. പ്രതിപക്ഷം കേന്ദത്തിന് കൂട്ട് നിൽക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വായ്പാ പരിധി വെട്ടിക്കുറച്ചു. ആറായിരം കോടിയുടെ കുറവ് 2023- 24 കാലയളവിൽ ഉണ്ടായി. കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചു. ജനസംഖ്യാ നിയന്ത്രണം നടപ്പാക്കിയ കേരളത്തിന് അതുമൂലം നഷ്ടമുണ്ടായി. ജനസംഖ്യാ പരിധി വെച്ച് നികുതി വിഭജിച്ചത് ദോഷം ചെയ്തു. ലൈഫ് വീടുകൾ ഓരോരുത്തരുടെയും സ്വന്തമാണ്. അവിടെ എന്തെങ്കിലും എഴുതിവക്കാനാകില്ല. അത്തരത്തിൽ ഒരു ബ്രാന്റിംഗിനും കേരളം തയ്യാറല്ല.

കേന്ദ്രത്തിൽ നിന്ന് ലഭിക്കാനുളള ഗ്രാന്റുകൾ ലഭിച്ചിട്ടില്ല. കോളേജ് അധ്യാകർക്ക് യുജിസി നിരക്കിൽ ശമ്പളപരിഷ്കാരം നടപ്പാക്കിയ വകയിലുളള 750 കോടിയുടെ ഗ്രാന്റ് ലഭിച്ചിട്ടില്ല. 752 കോടി നെല്ലുസംഭരണം, ഭക്ഷ്യസുരക്ഷ 61 കോടിയും ഇതുവരെ ലഭിച്ചിട്ടില്ല. ഇതിനെതിരെയാണ് ദില്ലിയിൽ ഫെബ്രുവരി 8 ന് സമരത്തിനിറങ്ങുന്നത്. എംപിമാർ, എംഎൽഎമാർ അടക്കം പങ്കെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

'എന്തെങ്കിലും ആരോഗ്യപ്രശ്നമുണ്ടോയെന്ന് പരിശോധിക്കണം, സിആർപിഎഫിനെ കേരളം കാണാത്തതാണോ? ഗവർണറോട് മുഖ്യമന്ത്രി

ജനാധിപത്യത്തെ അർത്ഥവത്താക്കിയ പരിപാടിയായിരുന്നു നവകേരള സദസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൻ ജനാവലിയെത്തി. മന്ത്രിസഭ ജനങ്ങളോട് നേരിട്ട് സംവദിച്ചു. കേരളാ വികസനത്തിന് ജനങ്ങൾക്കൊപ്പമുണ്ടെന്ന പ്രഖ്യാപനമായി നവകേരള സദസ് മാറിയെന്ന. ഇത്രയേറെ ജനപങ്കാളിത്തമുള്ള പരിപാടി മറ്റൊന്ന് ചൂണ്ടിക്കാണിക്കാനില്ല. 642 076 പരാതികൾ രജിസ്റ്റർ ചെയ്തു. വകുപ്പ് തലത്തിൽ തരം തിരിച്ച് കൈമാറുന്നു. പരാതി പരിഹാരത്തിന് 20 യോഗങ്ങൾ ചേർന്നു. ജനകീയ സംവാദങ്ങളും മുഖാമുഖ ചർച്ചകളും തുടരും. ഫെബ്രുവരി 18 മുതൽ വിവിധ ജില്ലകളിൽ മുഖാമുഖ ചർച്ചാ പരിപാടി നടക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിൽ നിന്ന്...

നവകേരള സൃഷ്ടിക്കായുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് പ്രധാന വിലങ്ങുതടിയാകുന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളാണ്.  തനതു നികുതിവരുമാനത്തിലും അഭ്യന്തര ഉത്പാദനത്തിലും മികച്ച  നേട്ടങ്ങള്‍ കൈവരിച്ചിട്ടും കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളുടെ ഭാഗമായി ഉണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി സംസ്ഥാനത്തെ വരിഞ്ഞു മുറുക്കുകയാണ്.  ഈ ദുര്‍നയങ്ങള്‍ക്കെതിരെ ജനങ്ങള്‍ക്കു വേണ്ടി നിലകൊള്ളേണ്ട  പ്രതിപക്ഷം  ജനവിരുദ്ധ പക്ഷത്തു നിന്ന് സര്‍ക്കാരിനെ കടന്നാക്രമിക്കുകയും ചെയ്യുന്നു. 

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശകള്‍ പ്രകാരം കേരളത്തിനു ആഭ്യന്തര വരുമാനത്തിന്‍റെ 3% നിബന്ധനകളില്ലാതെയും 0.5 ശതമാനം വൈദ്യുത മേഖലയിലെ പരിഷ്കാരങ്ങള്‍ നടപ്പാക്കുന്നതിന് വിധേയമായും വായ്പ എടുക്കാവുന്നതാണ്.  എന്നാല്‍ സ്വതന്ത്രസ്ഥാപനങ്ങള്‍ എടുക്കുന്ന വായ്പ സംസ്ഥാനത്തിന്‍റെ വായ്പാപരിധിയില്‍ ഉള്‍പ്പെടുത്തി കേരളത്തിന്‍റെ വായ്പാ പരിധി 2021- 22 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഇത് മൂലം കേരളത്തിന് അകെ വായ്പാ പരിധിയില്‍ 6000 കോടിയോളം രൂപയുടെ കുറവ് 2023- 24 സാമ്പത്തിക വര്‍ഷത്തില്‍ ഉണ്ടായി.

ഭരണഘടനയുടെ അനുഛേദം 280 പ്രകാരം നിയമിക്കപ്പെടുന്ന ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശകള്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം അട്ടിമറിക്കുന്നു. 15ആം ധനകാര്യ കമ്മീഷന്‍ കിഫ്ബി പോലുള്ള പ്രത്യേക ഉദ്ദേശ സ്ഥാപനങ്ങളുടെ കടം സംസ്ഥാനത്തിന്‍റെ കടമായി ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞിട്ടില്ല. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 293(3), 293(4) എന്നിവയ്ക്കനുസൃതമായി 2017  ആഗസ്റ്റിന് മുന്‍പ് നിലനിന്നിരുന്നത് പോലെ പൊതു കണക്കിനത്തിലെ നീക്കിയിരിപ്പും പൊതുമേഖല സ്ഥാപനങ്ങളുടെ വായ്പകളും സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി നിര്‍ണ്ണയിക്കുന്നതില്‍ നിന്ന് ഒഴിവാക്കുകയാണ് വേണ്ടത്. എന്നാല്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം എക്സിക്യുട്ടീവ് ഉത്തരവിലൂടെ പ്രത്യേക ഉദ്ദേശ്യ സ്ഥാപനങ്ങള്‍ അവരുടെ സ്വന്തം നിലയ്ക്ക് എടുക്കുന്ന വായ്പകള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ പൊതുകടത്തിന്‍റെ ഭാഗമാണെന്ന തെറ്റായ നിലപാടാണ് സ്വീകരിച്ചത്. അതുവഴി സംസ്ഥാനത്തിന്‍റെ കടമെടുപ്പു പരിധി കുറയ്ക്കുകയാണ് കേന്ദ്രം ചെയ്തത്. 
 
ദേശീയപാത 66 ന്‍റെ വികസനത്തിനായി ഭൂമി ഏറ്റെടുക്കാന്‍ 25 ശതമാനം തുകയാണ് കേരളത്തോട് ആവശ്യപ്പെട്ടത്. ഇതിനായി കിഫ്ബിവഴി 5854 കോടി രൂപ സമാഹരിച്ചു നല്‍കി. ഈ തുകയും സംസ്ഥാനത്തിന്‍റെ കടമെടുപ്പ് അവകാശത്തില്‍നിന്ന് കുറയ്ക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.
സംസ്ഥാനത്തിന്‍റെ റവന്യൂ വരുമാനത്തിന്‍റെ പ്രധാന സ്രോതസ്സാണ് കേന്ദ്രത്തില്‍ നിന്നുള്ള നികുതി വിഹിതവും കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെയുള്ള വിഭവ കൈമാറ്റവും. 

സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കേണ്ട നികുതി വിഭവങ്ങളുടെ അനുപാതം പതിനാലാം ധനകാര്യ കമ്മീഷനില്‍ 42% ആയിരുന്നത് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍റെ കാലയളവില്‍ 41% ആയി കുറഞ്ഞു. അതിനുപുറമേ സെസ്സും സര്‍ചാര്‍ജും സംസ്ഥാനങ്ങളുമായി വിഭജിക്കേണ്ടതില്ലാത്തതിനാല്‍ കേന്ദ്രവരുമാനത്തിന്‍റെ മൂന്നിലൊന്ന് സെസും സര്‍ചാര്‍ജുമായി മാറ്റി. 2014- 15 ല്‍ ഇത് വെറും 10 ശതമാനം മാത്രമായിരുന്നത് കഴിഞ്ഞ വര്‍ഷം 28.1 ശതമാനമായി.   സംസ്ഥാനങ്ങള്‍ക്ക് വിഭജിക്കേണ്ട നികുതി 50% ആക്കി വര്‍ദ്ധിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല.

ധനകാര്യ കമീഷന്‍റെ പരിഗണനാ വിഷയങ്ങളിലും മാനദണ്ഡങ്ങളിലും കൈകടത്തി കേരളത്തിന് ലഭിക്കേണ്ട അര്‍ഹതപ്പെട്ട തുക നിഷേധിക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ സമീപനം. ബിജെപി സര്‍ക്കാര്‍ വന്ന ശേഷം 2011ലെ ജനസംഖ്യ നികുതി വിഭജനത്തിനുള്ള മാനദണ്ഡമായി നിശ്ചയിച്ചു.  ഇതിന് 15% വെയിറ്റെജ് നല്കി. ജനസംഖ്യ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയ കേരളത്തിന് നികുതിവിഹിതം കുറയുന്നതിന് ഇത്  കാരണമായി.  1971ലെ സെന്‍സസ് അടിസ്ഥാനമാക്കി ജനസംഖ്യാപരമായ നേട്ടങ്ങള്‍ക്കുള്ള വെയിറ്റെജ് 30% ആക്കാന്‍ സംസ്ഥാനം ആവശ്യപ്പെട്ടതാണ്. 

ജി എസ് ടി മൂലമുള്ള നികുതി അവകാശ നഷ്ടം പരിഹരിക്കുന്നതിന്‍റെ ഭാഗമായി ജിഎസ്ടിയില്‍ 14 ശതമാനം വാര്‍ഷിക നികുതി വളര്‍ച്ചാ നിരക്ക് ഉറപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍, ജി എസ് ടി സമ്പ്രദായം നടപ്പാക്കിയതിലെ പോരായ്മകളും പ്രകൃതി ദുരന്തങ്ങളും കോവിഡുംമൂലം ഈ വളര്‍ച്ചാ നിരക്ക് ഇതുവരെ ഉണ്ടായിട്ടില്ല. പരിഹാരമായി നിര്‍ദേശിച്ച ജിഎസ്ടി നഷ്ടപരിഹാരം അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ അവസാനിപ്പിക്കുകയും ചെയ്തു. 

കേന്ദ്രവിഹിതം നാമമാത്രമാണെങ്കിലും  കേന്ദ്ര സര്‍ക്കാര്‍ ബ്രാണ്ടിംഗ് നിര്‍ബന്ധം എന്നാണ് അവസ്ഥ. ലൈഫ് പദ്ധതിയില്‍ ഭൂരിഭാഗം ഗുണഭോക്താക്കള്‍ക്ക് തുക പൂര്‍ണമായി നല്‍കുന്നതും, കേന്ദ്രധന സഹായമുള്ള ചുരുക്കം വീടുകളില്‍ തന്നെ  തുകയുടെ സിംഹഭാഗവും ചെലവഴിക്കുന്നതും സംസ്ഥാന സര്‍ക്കാര്‍ ആണ്. എന്നാല്‍ ലൈഫ് പദ്ധതിക്ക് കീഴില്‍ വീടുകള്‍ നിര്‍മ്മിക്കുന്നതിന് കേരളത്തിന്  കേന്ദ്ര പി എം എ വൈ പദ്ധതിക്ക് കീഴില്‍ ലഭിക്കുന്ന നാമമാത്ര തുക ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ ബ്രാണ്ടിംഗ് നിര്‍ബന്ധമാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്.

ലൈഫ് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന വീടുകള്‍ ഓരോരുത്തരുടെയും സ്വന്തമാണ്. അതിന്മേ മറ്റൊരാള്‍ക്കും അവകാശമില്ല. വീട് നിര്‍മ്മിച്ച ശേഷം അത് ഇന്ന തരത്തില്‍ നിര്‍മ്മിക്കപ്പെട്ടതാണ് എന്നും ഇന്നവരുടെ സഹായത്താല്‍  നിര്‍മ്മിച്ചതാണ് എന്നും  എഴുതി വെക്കുന്നത് വീട്ടുടമസ്ഥന്‍റെ ആത്മാഭിമാനത്തെ ആക്രമിക്കുന്നതാണ്. അത്തരത്തില്‍ ഒരു ലേബലിംഗും കേരളത്തില്‍ നടപ്പില്ല. ആര് നിര്‍ബന്ധിച്ചാലും അതിന് സംസ്ഥാന സർക്കാർ തയ്യാറാവുകയുമില്ല.  

ലൈഫ് ഭവന പദ്ധതിയുടെ  ഭാഗമായി 22.01.2024 തീയതി വരെ 3,71,934 വീടുകള്‍ നിര്‍മ്മിച്ചപ്പോള്‍ 32,751 വീടുകള്‍ക്ക് മാത്രമാണ് പിഎംഎവൈ ഗ്രാമീണിന്‍റെ ഭാഗമായി 72,000 രൂപ സഹായം ലഭിച്ചത്. പിഎംഎവൈ അര്‍ബന്‍റെ ഭാഗമായി 80,259 വീടുകള്‍ക്ക് 1,50,000 രൂപ കേന്ദ്രം നല്‍കി.  ഇതില്‍ രണ്ടു പദ്ധതികളിലെയും ഗുണഭോക്താക്കള്‍ക്ക്  ബാക്കി സംഖ്യ കൂട്ടി നാലുലക്ഷം രൂപ തികച്ച് നല്‍കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എല്ലാം ചേര്‍ത്താലും ആകെ 1,13,010 വീടുകള്‍ക്ക് (30.38%) മാത്രമാണ് നാമമാത്രമായ ഈ കേന്ദ്രസഹായം ലഭിച്ചത്. ബാക്കി 2,58,924 വീടുകളും പൂര്‍ണമായി സംസ്ഥാന സര്‍ക്കാരിന്‍റെയും തദ്ദേശ സ്ഥാപനങ്ങളുടെയും ചെലവിലാണ് നിര്‍മ്മിച്ചത്.  എന്നാല്‍ ലൈഫ് പദ്ധതിക്ക് കീഴില്‍ നിര്‍മ്മിക്കുന്ന ഈ വീടുകളില്‍ കേന്ദ്ര പദ്ധതിയുടെ പേരു പ്രദര്‍ശിപ്പിക്കണം, അല്ലാത്ത പക്ഷം കേന്ദ്രം നല്‍കുന്ന ചെറിയ വിഹിതം പോലും അനുവദിക്കുകയില്ലെന്ന് കേന്ദ്ര ധന മന്ത്രാലയം നിലപാടെടുത്തിരിക്കുന്നത്. ഇത് അനുവദിക്കുന്ന പ്രശ്നമില്ല.

പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുള്ള 2022- 23 ലെ നഗര തദ്ദേശ സ്വയംഭരണ ഗ്രാന്‍റിനത്തില്‍ 51.55 കോടി രൂപയും ഹെല്‍ത്ത് ഗ്രാന്‍റിനത്തില്‍ 137.17 കോടി രൂപയും കുടിശ്ശികയാണ്.   അതുപോലെ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള 660.34 കോടി പെര്‍ഫോമന്‍സ് ഗ്രാന്‍റ് അനുവദിച്ചിട്ടില്ല. 2018- 19,   2019 - 20 വര്‍ഷത്തേക്ക് പതിനാലാം ധനകാര്യ കമ്മീഷന്‍ തദ്ദേശ സ്ഥാപങ്ങള്‍ക്കുള്ള പെര്‍ഫോമന്‍സ് ഗ്രാന്‍റായി ശുപാര്‍ശ ചെയ്തിരുന്ന 660.34 കോടി രൂപയും കേന്ദ്രം അനുവദിച്ചിട്ടില്ല. സ്കൂള്‍ ഉച്ച ഭക്ഷണ പരിപാടിയിലെ കേന്ദ്ര വിഹിതം 2023 - 24 വര്‍ഷം ഉച്ച ഭക്ഷണ പരിപാടി നടത്തിയതിന്‍റെ ഭാഗമായി 54 കോടി രൂപ കേന്ദ്ര ഗ്രാന്‍റ് ലഭിക്കാനുണ്ട്.  അധികവിഹിതമുള്‍പ്പടെ പ്രതിവര്‍ഷം ശരാശരി 16 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം അനുവദിച്ചിരുന്നത് ഭക്ഷ്യ ഭദ്രത നിയമം നടപ്പിലാക്കിയതിന് ശേഷം 14.25 ടണ്‍ ആക്കി കുറച്ചു. 

ഭരണഘടനാപരമായി തന്നെ നമ്മുടെ രാജ്യത്ത് ചെലവ് ബാധ്യതകള്‍ കേന്ദ്ര സര്‍ക്കാരിനെക്കാള്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ക്കാണ്. 15 ആം ധനകാര്യ കമ്മീഷന്‍റെ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്തെ ആകെ പൊതു ചെലവിന്‍റെ 62.4 ശതമാനവും വഹിക്കുന്നത് സംസ്ഥാനങ്ങളാണ്. വെറും 37.6 ശതമാനം മാത്രം വഹിക്കുന്ന കേന്ദ്രം രാജ്യത്തിന്‍റെ ആകെ വരുമാനത്തിന്‍റെ 62.2 ശതമാനവും കേന്ദ്രം കയ്യടക്കി വച്ചിരിക്കുന്നു.

കോളേജ് അധ്യാപകര്‍ക്ക് യു ജി സി  നിരക്കില്‍ ശമ്പള പരിഷ്കരണം നടപ്പിലാക്കിയതിന്‍റെ ഭാഗമായി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട 750 കോടി രൂപയുടെ ഗ്രാന്‍റ്റ് ലഭിച്ചിട്ടില്ല. നെല്ല് സംഭരണത്തിനുള്ള 792 കോടി രൂപയും ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കിയതിന്‍റെ ഭാഗമായി ലഭിക്കാനുള്ള 61 കോടി രൂപയും ഇതുവരെ ലഭിച്ചിട്ടില്ല.   

5 വര്‍ഷത്തെ ആസൂത്രണത്തോടെയാണ് സംസ്ഥാനം അതിന്‍റെ ഫിസ്കല്‍ പോളിസി ഉണ്ടാക്കുന്നത്. പെട്ടെന്ന് വെട്ടിക്കുറക്കല്‍ ഉണ്ടാകുന്നത് സംസ്ഥാനത്ത് ധനഞെരുക്കം ഉണ്ടാക്കും.  കേരളത്തില്‍ സംഭവിച്ചത് ഇതാണ്. ഈ ധന ഞെരുക്കം കേന്ദ്ര സര്‍ക്കാര്‍ നിലപാടുമൂലമാണ്.

വലിയ ധനകാര്യ ചെലവുകളോടെ കേരളം പടുത്തുയര്‍ത്തിയ നമ്മുടെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങള്‍ സംസ്ഥാനത്തിന്‍റെ നികുതി വിഹിതം വെട്ടിക്കുറയ്ക്കാനുള്ള കാരണമാക്കുകയാണ്. കേരളത്തെ ശ്വാസം മുട്ടിക്കുന്ന ഈ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താതെ മറ്റു നിവൃത്തിയില്ല എന്ന നിലവന്നിരിക്കുന്നു.

ഈ പശ്ചാത്തലത്തിലാണ് ഡല്‍ഹിയില്‍ സമരം നടത്താന്‍ നിര്‍ബന്ധിതമാകുന്നത്.  നിലവിലുള്ള പ്രശ്നങ്ങളും സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രതിസന്ധിയും നവകേരള സദസ്സില്‍ സജീവമായി ചര്‍ച്ചചെയ്തിരുന്നു. ഉപരോധ സമാനമായ കേന്ദ്രനിലപാട് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയെയും സമീപിച്ചിട്ടുണ്ട്. 

ഭരണഘടനാ മൂല്യങ്ങളെ വെല്ലുവിളിച്ച്, ഫെഡറല്‍ തത്വങ്ങളെ ഇല്ലായ്മ ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ യോജിച്ച സ്വരം ഉയരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.  രാജ്യതലസ്ഥാനത്ത് ഫെബ്രുവരി 8നാണ് സമരം സംഘടിപ്പിക്കുന്നത്. അന്നേ ദിവസം രാവിലെ 11 മണിയ്ക്ക്  മന്ത്രിമാര്‍, എംഎല്‍എമാര്‍, എംപിമാര്‍, സമൂഹത്തിന്‍റെ വിവിധ തുറകളിലുള്ള പ്രതിനിധികള്‍ തുടങ്ങി നിരവധി ആളുകള്‍  ജന്തര്‍ മന്തറില്‍ നടക്കുന്ന സമരത്തില്‍ അണിചേരും. ഇതിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന  കൂട്ടായ്മയിലേക്ക് ബിജെപി ഇതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുള്‍പ്പെടെയുള്ളവരെ ക്ഷണിച്ചിട്ടുണ്ട്. ഈ സമരം നമ്മുടെ നാടു നേരിടുന്ന അനീതിക്കെതിരെയുള്ള യോജിച്ച പോരാട്ടമായി മാറേണ്ടതുണ്ട്. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കാനും നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കാനും ഈ സമരത്തിന്‍റെ ഭാഗമാകാന്‍ എല്ലാവരും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

 

 

 

 

 

Follow Us:
Download App:
  • android
  • ios