കൊല്ലം: സംസ്ഥാനത്ത് മിൽമ പാലിന്റെ വില ഉടൻ വർദ്ധിപ്പിച്ചേക്കും. ഇക്കാര്യം ആവശ്യപ്പെട്ട് മിൽമ ഫെഡറേഷൻ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ക്ഷീര കർഷകർക്ക് ലാഭം കിട്ടണമെങ്കിൽ വില വർദ്ധിപ്പിക്കേണ്ട സാഹചര്യമാണ് ഉള്ളതെന്നാണ് മിൽമയുടെ വിശദീകരണം.

കാലിത്തീറ്റ, പിണ്ണാക്ക്, ചോളമടക്കമുള്ളവയുടെ വില കൂടിയ സാഹചര്യത്തിൽ വില വർദ്ധിപ്പിക്കാതെ മുന്നോട്ട് പോകാനാകില്ലെന്നാണ് മിൽമയുടെ നിലപാട്. നിരക്ക് വർദ്ധന സംബന്ധിച്ച് പഠിക്കാൻ മിൽമ ഒരു സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ സമിതി ഒരാഴ്ചക്കകം റിപ്പോർട്ട് നൽകും. ഇതിന്റെ അടിസ്‌ഥാനത്തിൽ ലിറ്ററിന് എത്ര രൂപ കൂട്ടണമെന്ന് മിൽമ നിശ്ചയിക്കും. അതിനുശേഷം സർക്കാരുമായി ചർച്ച നടത്തും. 

വില വർദ്ധിപ്പിച്ചില്ലെങ്കില്‍ സർക്കാർ ഇൻസെന്റീവ് അനുവദിക്കുക മാത്രമാണ് പോംവഴിയെന്നാണ് മിൽമയുടെ നിലപാട്.  ഓണത്തിന് ആവശ്യമായ പാൽ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും പൂർത്തിയായിട്ടുണ്ടെന്നും മിൽമ അധികൃതർ വ്യക്തമാക്കി.