കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ മേഖലയിൽ കരിമണൽ ഖനനത്തിന് സർക്കാർ നിയമോപദേശം തേടി. ഖനനത്തിനായി വർഷങ്ങളായി ചരടുവലി നടത്തുന്ന കൊച്ചിയിലെ സ്വകാര്യ കന്പനിയുടെ അപേക്ഷയെ തുടർന്നാണ് നടപടി. എന്നാൽ ഇക്കാര്യം നിലവിൽ സർക്കാരിന്‍റെ പരിഗണനയിൽ ഇല്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. 

സ്വകാര്യമേഖലയിൽ കരിമണൽ ഖനനം വേണ്ടെന്ന് 2004ൽ തന്നെ അന്നത്തെ സംസ്ഥാന സർക്കാർ തീരുമാനിച്ചതാണ്. എന്നാൽ കൊല്ലത്തെയും ആലപ്പുഴയിലെയും കരിമണലിൽ കണ്ണുംനട്ടിരിക്കുന്ന കൊച്ചിയിലെ സ്വകാര്യ സ്ഥാപനമാണ് വീണ്ടും സംസ്ഥാന സർക്കാരിനെ സമീപിച്ചത്. വ്യവസായ വകുപ്പിന് ലഭിച്ച അപേക്ഷ തുടർ നടപടികൾക്കായി മൈനിങ് ആന്‍റ് ജിയോളജി വകുപ്പിന് കൈമാറി. 

എന്നാൽ രാജ്യത്ത് സ്വകാര്യമേഖലയിൽ ധാതുമണൽ ഖനനം വേണ്ടെന്ന കേന്ദ്രനിയമം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അപേക്ഷ പരിഗണിക്കുക പ്രായോഗികമല്ലെന്നായിരുന്നു മൈനിങ് ആന്‍റ് ജിയോളജി വകുപ്പിന്‍റെ നിലപാട്. ഇക്കാര്യം വകുപ്പ് ഡയറക്ടർ കെ ബിജു സർക്കാരിനെ അറിയിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് അപേക്ഷയിൽ തുടർ നടപടി എന്ത് വേണമെന്ന് നിശ്ചയിക്കാൻ നിയമവകുപ്പിന് കൈമാറിയത്. 

സർക്കാർ നിശ്ചയിച്ച 13 ഖനനമേഖലകിളിൽ നാലെണ്ണം സ്വകാര്യമേഖലയ്ക്ക് നൽകാൻ മുൻ കോടതിയുത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചിയിലെ കന്പനി സർക്കാരിനെ സമീപിച്ചിരിക്കുന്നത്. എന്നാൽ പുതിയ കേന്ദ്രനിയമം വന്നതിനാൽ അന്നത്തെ ഉത്തരവിന് പ്രസക്തിയില്ലെന്നായിരുന്നു മൈനിങ് ആന്‍റ് ജിയോളജി വകുപ്പിന്‍റെ നിലപാട്. 

ആവശ്യമെങ്കിൽ സർക്കാരിന് 75 മുതൽമുടക്കോടെ പിപിപി മോഡലിലേ ഖനനം നടക്കൂ. എന്നാൽ കേന്ദ്ര നിയമത്തെ മറികടക്കാൻ എങ്ങനെയും വഴി കണ്ടത്തണമെന്ന വ്യവസായ വകുപ്പിലെ ചില ഉന്നതരുടെ സമ്മർദ്ദത്തെത്തുടർന്നാണ് സ്വകാര്യ കന്പനിയുടെ അപേക്ഷ തളളാതെ നിയമവകുപ്പിന് കൈമാറിയതെന്നാണ് വിവരം. എന്നാൽ ആരോപണങ്ങളെ മുഖ്യമന്ത്രി തളളിക്കളഞ്ഞു.